Sunday, March 31, 2019

ചിലനേരങ്ങള്‍

ഈ കീബോര്‍ഡിലെ ടൈപ്പ് ചെയ്യുന്ന അനക്കങ്ങള്‍ കൂടി ഇല്ലായെങ്കില്‍ ഞാന്‍ ജോലി ചെയ്യുന്ന കാബിന്‍ ഒരു മൃതദേഹം കണക്കെ എന്നെ ഭയപ്പെടുത്തുമായിരുന്നു. ഈ പതിഞ്ഞ താളത്തിലുള്ള ഓരോ വാക്കിന്റെയും ശബ്ദങ്ങള്‍ ഉള്ളത് കൊണ്ടാണ് എന്റെ ജോലി ചെയ്യുന്ന ലോകം മരിച്ചിട്ടില്ലെന്നും അവസാനശ്വാസം ആഞ്ഞുവലിച്ചെടുത്ത് മരിക്കില്ലെന്ന് പിറുപിറുക്കുന്നതും.  എന്റെ വിരലിലേക്ക് നോക്കൂ എത്ര അനായാസമാണ് ഞാന്‍ വാക്കുകളെ വരികളാക്കുന്നതും വായില്‍ തോന്നിയ തോറ്റങ്ങളെ ഇങ്ങനെ അടുക്കി പെറുക്കി വെയ്ക്കാനും ആഗ്രഹിക്കുന്നത്. ഈ കസേരയില്‍  എനിക്ക് അഭിമുഖമായി വന്നിരുന്ന് ചിരിച്ചവരുടെ എണ്ണം എന്റെ ഒരു  കൈപത്തിയിലെ വിരലുകളേക്കാള്‍ വളരെ കുറവാണ്. ഞാന്‍ എന്നും ഓപ്പണ്‍  ചെയ്യാറുള്ള മെയിലുകളില്‍ ഒന്ന് പോലും എനിക്കു വേണ്ടി സംസാരിക്കുന്നില്ല. ഞാനാണ് ഓരോ മെയിലുകള്‍ ഓപ്പണ്‍ ചെയ്ത് അവയെ ന്യൂസുകളാക്കി ഓണ്‍ലൈനില്‍ ഇടുന്നത് എന്ന് അറിഞ്ഞിട്ടും ഒരു മെയിലില്‍ പോലും ആരും എന്നെ കുറിച്ച് പ്രതിപാദിക്കുന്നില്ല. 



എത്ര സമയമാണ് ഞാന്‍ ഇങ്ങനെ വല്ലതും പിറുപിറുത്തു മാത്രം തള്ളി നീക്കുന്നത്. എനിക്ക് അഭിമുഖമായി എന്റ എഴുത്തിനെ കുറിച്ചും എന്റെ വിചാരങ്ങളുടെ ആഴത്തിനെ കുറിച്ചോ അവയുടെ ഒഴുക്കിനെ കുറിച്ച് ചോദിക്കാന്‍ ഒരാള്‍ വന്നെങ്കിലെന്ന് ഓരോ ദിവസവും ഞാന്‍ ആഗ്രഹിക്കുന്നു. ജോലി ചെയ്യുന്ന ഇടം ഏതോ ചരിത്രത്തിലെ മൂകതയും വിരസതയും തളംകെട്ടി നില്‍ക്കുന്ന ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാന്പായി മാറുകയാണ്. രാവിലെ പൊതിഞ്ഞു കെട്ടി കൊണ്ടുവരുന്ന ഭക്ഷണം എന്റെ വിശപ്പിന് ആശ്വാസമാകുന്നില്ല. വിശപ്പില്ലാത്ത അവസ്ഥകള്‍ കൊണ്ട്  നിറഞ്ഞ വയറിനെ അസ്വസ്ഥമാക്കാന്‍ വേണ്ടി മാത്രം ഞാനത് തുറന്ന് കഴിക്കും പോലെയാണ് എനിക്ക് തോന്നുന്നത്. ചിലപ്പോള്‍ ചുമരുകള്‍ക്കുള്ളിലെ ചുമരുകളിലേക്കുള്ള പാലായനം എന്ന് കൂടി പ്രവാസത്തിന് അര്‍ത്ഥമുണ്ടെന്ന് തോന്നുന്നു. കാക്കത്തൊള്ളായിരം പേരുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ അംഗത്വമല്ല എന്റെ പ്രശ്നം.    എന്റെ മൗനത്തേക്കാള്‍ വേഗത കുറഞ്ഞ എന്റെ പകലുകളാണ്. പകലുകളെ കാര്‍ന്നു തിന്നു കൊല്ലുന്ന ജീവനില്ലാത്ത സമയങ്ങളാണ്. 

ഈ മൃതിയുടെ തീരങ്ങളില്‍ വെച്ച് അതാ കറുത്ത പര്‍ദ്ദയണിഞ്ഞൊരു സ്ത്രീ വന്ന് എന്നെ കെട്ടിപിടിക്കുന്നു. അവരെന്റെ ചെവിയിലേക്ക് വാക്കുകളെ പതുക്കെ ഊതി വിടുന്നു. മനസ്സിനെ ഏകാഗ്രമാക്കി ഞാനത് പതിയെ ശ്രവിച്ചു ...  യാ അള്ളാ നിന്നിലും അധികം ഞാനവനെ പ്രണയിച്ചു പോയി..   



എനിക്കും പ്രണയിക്കണം ആമി.

No comments:

Post a Comment