Monday, April 1, 2024

You and Me

 ആരോട് തോന്നിയതാകാം പ്രണയമെന്ന തോന്നലിന്റെയറ്റത്ത്-

നീ വന്ന് കടുംകെട്ടിട്ട് പോകുന്നു.

എനിക്ക് തോന്നിയതെല്ലാം പറഞ്ഞത് നിന്നോടായിരുന്നെന്ന

തോന്നലിൽ എനിക്ക് വീർപ്പുമുട്ടുന്നു.

പതിയെ നീളുന്ന കഴുത്തിൽ നീയൊരു കുരുക്കാകുന്നു

കെ‌‌ട്ടുകൾ മുറുകും തോറും പ്രണയമെന്നെ പൊതിയുന്ന പോലെ

ഉള്ളിലൊരു ശ്വാസം പാതി പിടഞ്ഞ് നിന്റെ പേര് വിളിക്കുന്നു

നീ പോകാതിരുന്നെങ്കിൽ മരണം പ്രണയത്തിന് ഇപ്പുറമാകും

നീ പോകുകയെന്നാൽ പ്രണയം മരണത്തിന് അപ്പുറവും

തിരഞ്ഞെ‌ടുപ്പുകൾ അസാധ്യമാകുന്നിടത്ത് ‌

ഞാനും നീയും വീണ്ടും പിറക്കുന്നു

തനിയാവർത്തനത്തിന്റെ ​ഗോളം വീണ്ടും തിരിയുന്നു

ഭ്രാന്തിന്റെ ചങ്ങലയ്ക്കാരോ പൂട്ട് തിരയുന്നു

നമ്മൾ കണ്ടുമുട്ടുന്നു 

എനിക്ക് വീണ്ടും ശ്വാസം മുട്ടുന്നു


Monday, December 11, 2023

 നമ്മള്‍ നമ്മളെ തന്നെ  തിരുത്തികൊണ്ട് മുന്നേറുന്ന ഓരോ നിമിഷവും വളരെ മനോഹരമാണ്. വല്ലാതെ സ്ട്രഗിള്‍ ചെയ്ത് മുന്നേറുന്ന ദിവസങ്ങള്‍ ഒന്നിടവിട്ട് എന്‍റെ ജീവിതത്തില്‍ വരാറുണ്ട്. ആരും മിണ്ടാന്‍ ഇല്ലെന്നിരിക്കെ എനിക്ക്  ആകെയുള്ളൊരു ഓപ്ഷന്‍ സിനിമയാണ്. കാലങ്ങളായി അതെന്തോ അങ്ങനെയാണ്. ഇന്ന് അങ്ങനെയുള്ളൊരു ദിവസമാണ്. അവസാനം പതിവു പോലെ പത്മരാജന്‍ മൂവി എന്ന് ടൈപ്പ് ചെയ്തു. ദേശാടനക്കിളി കരയാറില്ല എന്ന മൂവി പ്ലെ ചെയ്തു. എനിക്ക് ഈ മൂവി കാണുന്പോള്‍ ്ഇതുപോലെ എങ്ങോട്ടെങ്കിലും ഒക്കെ പോകാന്‍ തോന്നും. 

ഈ മൂവിയിലെ ഓരോ സീനും എനിക്ക് വല്ലാതെ കണക്ടഡ് ആണ്. എനിക്ക് അങ്ങനെയുള്ള ഒരു കൂട്ടുക്കാരി ഇല്ല. പക്ഷേ നിമ്മിയും ഹരിയേട്ടനും തമ്മിലുള്ള ചില സീനുകള്‍ വല്ലാതെ അടുപ്പമുള്ളതാണ്. നിമ്മി കണ്ടെത്തുന്ന സേഫായ ഒരിടത്തിന്‍റെ സാധ്യതകളെ കാണുന്പോള്‍ എനിക്ക് വല്ലാതെ വീര്‍പ്പുമുട്ടലാണ്. 

ഓരോ കാഴ്ചയും പ്രണയത്തിന്‍റെയോ സൗഹൃദത്തിന്‍റെയോ സാധ്യതകള്‍ക്കപ്പുറം വളരെ വളരെ സേഫായ ഒരിടത്തേക്കുള്ള യാത്ര എത്ര ശ്രമകരവും വേദനിപ്പിക്കുന്നതുമാണ്. ചില നോട്ടങ്ങള്‍ ചില ചിരികള്‍ , ചില മൗനങ്ങള്‍ എല്ലാം എനിക്ക് പരിചിതമാണ്. പക്ഷേ ചിലപ്പോള്‍ നിര്‍മ്മല ടീച്ചറും ഹരിയും തമമിലുള്ള സംഭാഷണങ്ങളും എനിക്കും റിലേറ്റഡ് ആണ്. ഈ മൂവിയില്‍ നിന്നാണ് ഇന്‍വിസിബിള്‍ ഫെദര്‍ ടച്ച് എന്ന വാക്ക് എനിക്ക് കിട്ടുന്നത്. ഏതെങ്കിലും ഒരു തൃസന്ധ്യയില്‍ ഇതുവരെ കണ്ടിട്ടേയില്ലാത്ത ഒരാള്‍  നിര്‍മ്മല ടീച്ചറുടെ വീട്ടിലേക്ക് ഹരി വന്നതു പോലെ   വീട്ടിലേക്ക് കയറി വന്നിരുന്നെങ്കില്‍ .. നിങ്ങളെ ഞാന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു എന്നൊക്കെ പറഞ്ഞിരുന്നെങ്കിലെന്നൊക്കെയുള്ള അതികാല്‍പനിതകള്‍ ഒക്കെ എന്‍റെയുള്ളില്‍ ഇപ്പോളുണ്ട്. ഞാനെന്തിനാണിങ്ങനെ എന്നോട് വളരെ ജെനുവിനായി എല്ലാവരും സംസാരിക്കണം എന്നൊക്കെ വാശി പിടിക്കുന്നത്. 
 എപ്പോളെങ്കിലും വളരെ ജെനുവിനായി സംസാരിക്കുന്ന ആരെങ്കിലും ഒരാളെ കണ്ടെത്താനുള്ള വഴികള്‍ ഞാന്‍ നോക്കിയിരിക്കാറുണ്ട്. പക്ഷേ സത്യത്തില്‍ ചുറ്റുമുള്ളതിലൊന്നും അത്തരം സാധ്യതകളില്ല. എനിക്ക് ഇപ്പോള്‍ തോന്നാറുണ്ട് സംസാരിക്കാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ എന്നൊക്കെ. ആരോടും മിണ്ടാതെ വല്ലതും എഴുതിയും ഒക്കെ ആരോടും ഒന്നും ചോദിക്കാനോ പറയാനോ ഇല്ലാതെ. എവിടെയാകും എനിക്ക് എന്നെ നഷ്ടമായത്. ആവോ അറിയില്ല. പറയുന്നത് ശരിയോ തെറ്റോ എന്നു ഞാന്‍ ഇപ്പോള്‍ കണ്‍ഫ്യൂസ്ഡ് ആകുന്നു മുന്‍പ് ഇല്ലാത്ത വിധം. ടെന്‍ഷന്‍ ഇല്ലാതെ ഇരിക്കാന്‍ പറ്റുന്ന ഒരിടം അത്യാവശ്യമാണ്. എന്നെ തേടിവരാന്‍ ഇനിയൊന്നുമില്ലെന്ന അവസ്ഥയിലേക്ക് എത്തിയെങ്കില്‍ എത്ര സമാധാനപരമാണ്. പക്വത കുറവായിരിക്കാം ചിലപ്പോള്‍  എന്ന് പറയിപ്പിക്കുന്ന ചില റിയാലിറ്റികള്‍ ഇല്ലേ. ചിലപ്പോള്‍ അതും ആകാം. 



Thursday, October 20, 2022

 വൈറ്റ് റൂം ടോർച്ചർ പോലെ തന്നെയാണ് ഒരു മുറിയിൽ ഒറ്റയ്ക്കാവുന്നത്. ഒരു ദിവസം മുഴുവനും ആരെയും കേൾക്കാതെ, ആരോടും ഒന്നും പറയാതെ. വല്ലാതെ മടുപ്പിക്കുന്നു. ജോലി ഉണ്ടെങ്കിലും യാന്ത്രികമായ ഒരു പ്രക്രിയ എന്നതിലുപരി അത് എന്തെങ്കിലും ആണോ എന്നു പോലും എനിക്കറിയില്ല. എങ്കിലും വലിയ ആഘാതങ്ങളിൽ  നിന്നും അതെന്നെ എത്രയോ രക്ഷിക്കുന്നുണ്ട്. ഉറക്കത്തിൽ നിന്ന് യാന്ത്രികമായി എന്തോ എന്ന് ചെയ്യിച്ചാണെങ്കിലും ഈ ജോലി എന്നെ വല്ലാതെ സഹായിക്കുന്നുണ്ട്. മറ്റെന്തിനേക്കാളും. വീട്ടിലേക്ക് വിളിച്ചിട്ടേ ഇല്ല. സത്യം പറഞ്ഞാൽ എനിക്ക് വിളിക്കാൻ തോന്നുന്നില്ല. അവർ കരുതും ഞാൻ പൈസയുടെ കാര്യം പറഞ്ഞതു കൊണ്ടാണ് എന്ന്. അവരതിന് പ്രതികരിച്ച രീതിയാണ് എന്നെ വേദനിപ്പിച്ചത്. എന്തേ അങ്ങനെ പറയാൻ ഉണ്ടായ സാഹചര്യം എന്ന ചോദ്യം പോലും ഇല്ല. 

പല പെൺകുട്ടികളുടെയും അവസ്ഥ ഇങ്ങനെയൊക്കെ ആയിരിക്കും. പറയുന്നത് എന്തുകൊണ്ടാണ് എന്ന് ഒരിക്കലും ചോദിക്കില്ല. മാനസികമായ പിന്തുണ അന്നും ഇല്ല. ഇന്നും ഇല്ല. അത്ര തന്നെ. ചില്പപ്പോൾ തരുന്നുണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ ഒന്നും തന്നെ തോന്നിയിട്ടില്ല. 


Wednesday, October 19, 2022

 

      പ്രവാസ്ത്തിൽ ഇൻകംമിം​ഗ് കോളുകൾ ഉണ്ടാകില്ലത്രെ. എല്ലാവരെടയും ഓർക്കേണ്ടതും കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടവരുമാണ് പ്രവാസികൾ. ശരിയാണ്. പ്രവാസജീവിതത്തിന് 5 വർഷം തികയുകയാണ്. ജീവിതം വല്ലാതെ മാറിയിരിക്കുന്നു. വിസയ്ക്കായുള്ള കാത്തിരിപ്പാണ്. വേ​ഗം തന്നെ കിട്ടുമെന്നു തന്നെയാണ് കരുതുന്നത്. ഒരു തയ്യൽ മെഷീൻ വാങ്ങണമെന്ന് വിചാരിക്കുന്നു. വളരെ കാലമായുള്ള എന്റെ ആ​ഗ്രഹമാണ്. എനിക്ക് അത്യാവശ്യം നല്ല കോസ്റ്റ്യൂം സെൻസ് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. പുസ്തകം ഒക്കെ വായിക്കണമെന്ന് അതിയായ ആ​ഗ്രഹമുണ്ട്. പക്ഷേ സോഷ്യൽ മീഡിയം സമയം കവരുകയാണ്. ശ്രീകാന്ത് ചേട്ടൻ ഡിസംബറിൽ പോവുകയാണ് എന്നാണ് പറയുന്നത്. വളരെ മനുഷ്യന്ന്ത്മുള്ള വ്യക്തിയാണ്. മാനുഷിക പരി​ഗണനയോടുകൂടി മാത്രമേ ആളുകളോട് പെരുമാറുന്നത് കണ്ടിട്ടുള്ളൂ. എപ്പോഴും പ്രചോദനമാകുന്ന ഒരാൾ. ഏറെ നാളായി അങ്ങനെയുള്ള മനുഷ്യരെ കണ്ടിട്ട്. മനസ്സിൽ ഒന്നും പ്രവൃത്തിയിൽ മറ്റൊന്നുമാണ് ഇപ്പോളുള്ള ആളുകളിലധികവും. 

എനിക്കെന്താണ് ആരിൽ നിന്നും ഒരു പരി​ഗണനയും കിട്ടാത്തത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ആൾകൂട്ടത്തിൽ തനിച്ചാണ് പലപ്പോഴും . എവിടെ വേണമെങ്കിലും പെട്ടന്ന് എനിക്ക് സ്ഥാനം നഷ്ടപ്പെടാറുണ്ട്. 

ഡയറി എഴുതാൻ ഭയമാണ്. എപ്പോളാണ് ചാരന്മാർ അതെടുത്ത് വായിക്കുക എന്നറിയില്ല. എന്നെ ഏറ്റവും അധികം ഇൻസൾട്ട്  ചെയ്ത പ്രവൃത്തിയായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയെ ഞാൻ എത്രമാത്രം മാനിക്കുന്നുണ്ട്. ഈ മുപ്പതുകളിലും ഇത്രയ്ക്കും ചെറിയ കാര്യങ്ങൾ സംസാരിക്കാൻ എനിക്ക് മടിയുണ്ട്. പക്ഷേ സംസാരിക്കാൻ ആരുമില്ലാത്തതിന്റെ ഒരു  തലം കൂടിയുണ്ട്. ഇപ്പറിഞ്ഞതിന്.  സൗഹൃദങ്ങൾ ഒന്നും തന്നെയില്ല ഇപ്പോൾ. പിന്നെ എല്ലാവർക്കും അവരുടേതുമാത്രമായ ലോകം ഉണ്ട്. എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഇപ്പോളും പലയിടങ്ങൾ എനിക്ക് അന്യമാണ്. 

Tuesday, October 18, 2022

     അവനവനോട് തന്നെ സംസാരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഏറെ നാളായി അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ട് . ഞാൻ ജീവിക്കുന്നത് പഴയെ ആ പഞ്ചായ്ത്ത് കിണറിന്റെ അടുത്ത് തന്നെയാണ് എന്നു തോന്നുന്നു.  അവിടെയുള്ള ആളുകളെ പോലെയുള്ളവരാണ് ഇവിടെയും ഉള്ളത്. ന്യൂസ് ഓഫ് ബഹ്റൈൻ എന്റെ ശരിയായ ഒരു തീരുമാനമായിരുന്നോ എന്ന് എനിക്ക് സംശയം ഉണ്ട്. പക്ഷേ അതിലേക്ക് അടുപ്പിക്കുന്നതായിരുന്നു ചുറ്റുമുള്ളതെല്ലാം. ഒരു ഇം​ഗ്ലീഷ് പത്രത്തിൽ ജോലി ചെയ്യണമെന്ന ആ​ഗ്രഹമായിരിക്കും എന്നെ അതിലേക്ക് എത്തിച്ചത്. പക്ഷേ ചിലപ്പോളെല്ലാം കാര്യങ്ങൾ വളരെ ശോകമാണ്. എനിക്കൊൊരു വാക്കോ വരിയോ ആത്മവിശ്വസ്ത്തോടെ എഴുതാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും വീർപ്പുമുട്ടിക്കുന്ന പലരുടെയും വിടുവായിത്തരങ്ങൾക്കും അതിലുപരി അടിച്ചമർത്തലുകൾക്കും ഇടയിലാണ് ഞാനെന്ന തോന്നൽ ശക്തിപ്പെട്ടു വരികയാണ്. 

എനിക്ക് രക്ഷപ്പെടണമെന്ന് തോന്നുന്നുണ്ടെങ്കിലും സാമ്പത്തികമായുള്ള കെട്ടുറപ്പോ ഇല്ല, അതുപോലെ ആരെയെങ്കിലും ആശ്രയിച്ചു ജീവിക്കാനും പറ്റില്ല.  ഒരിക്കൽ നമ്മൾ നമ്മളുടേതായ സ്വയം പര്യാപ്തത നേടിയാൽ പിന്നെ ഒരിക്കലും ഒന്നിനും ആരെയും ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അച്ഛന്റെ വേർപാട് എന്നെ വല്ലാതെ തളർത്തുന്നു. ഒറ്റയ്ക്ക് ആകുമെന്ന ഭയം വല്ലാതെ പേടിപ്പെടുത്തുന്നു. വരാനിരിക്കുന്നത് ഏറ്റവും മോശമായ ഒരു കാല്മാണെങ്കിലോ എന്നൊക്കെ തോന്നുകയാണ്. പുതുതായി ഒന്നും തന്നെ ആരോടും വെളിപ്പെടുത്താനില്ല. ഏതാണ് വേണ്ടത് എന്ന കൃത്യമായ ബോധ്യം എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. എല്ലാത്തിനും ഉത്തരമായി  സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ ഇരിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല അവസ്ഥ എന്ന തോന്നലാണ് ഒരു ജോലിയിൽ തന്നെ ഇങ്ങനെ കടിച്ചുതൂങ്ങുന്നത്. തീപിടിപ്പിക്കുന്ന എന്തെങ്കിലും എനിക്ക് ആവശ്യമാണെന്ന് തോന്നുണ്ടെങ്കിലും ഉറക്കെ പറയാൻ തോന്നുന്നില്ല. വീട്ടിലേക്കുള്ള വഴി നഷ്ടമാകുകയാണോ എന്നു തോന്നുന്നു. എല്ലാം തോന്നലുകളാണെങ്കിലും യാഥാർത്ഥ്യമായത് എന്തൊക്കെയോ ഉണ്ട്. അതുകൊണ്ടായിരിക്കാം അനാഥമായൊരു വിങ്ങലിങ്ങനെ വരിച്ചുമുറുകുന്നത്. 

ആരോടൊക്കെയോ സംസാരിക്കണം എന്നുണ്ട്. പക്ഷോ ആര് എന്ന ചോദ്യമാണ്. പതിയെ പതിയെയാണെങ്കിലും ഇടങ്ങൾ ഇല്ലാതിയിട്ടുണ്ട്. അതു സത്യമാണ്.അതുകൊണ്ട് കൂടിയാണ്  അവശേഷിപ്പുകളിൽ നോക്കിയിരുന്നാണ് ജീവി്തത്തെ കരുപ്പിടിപ്പിക്കുന്നത്. എന്നും എന്തെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ? ഞാൻ കുറച്ചുകൂടി വെളിച്ചമാകുമായിരുന്നു. ഞാൻ കുറച്ചു കൂടി ജീവനുള്ളതാകുമായിരുന്നു. 

Tuesday, September 6, 2022

 വീട്...

നീറ്റലുകളുടെ കടലൊഴുകിയടിഞ്ഞാണ് തറകെട്ടിയത്

ചോരയിറ്റുവീണ കല്ലുകളാണ് ചുവരായത്

ആകാശകീറിന്റെ ഒറ്റ  മേൽക്കൂര

വാക്കുരഞ്ഞ് തീപിടിച്ച കല്ലടുപ്പ്

ഉമ്മറപ്പടിയിൽ കാത്തുനിന്ന അച്ഛനോർമ്മകൾ‌

ജീവിതത്തിന്റെ അമ്മപോരാട്ടങ്ങൾ

പെൺമുറിവുകൾ

ആത്മഹൂതികളുടെ രാപ്പകലുകൾ 

പ്രണയത്തിന്റെ നട്ടുച്ചകൾ

കനിവിന്റെ പകൽമഴകൾ

കറുത്ത മഷിയിൽ കുതിർന്ന പുസ്തകങ്ങൾ 

എന്റെ മാത്രം ഇലപ്പച്ചകൾ

തിരിച്ചൊഴുക്കില്ലാത്ത പുഴയിലേക്ക് 

വാക്കും വരിയുമില്ലാത്ത യാത്രാമൊഴി

വീടൊരോർമ്മയാകുന്നു

Monday, October 11, 2021

 എനിക്ക് സംസാരിക്കണം എന്ന് തോന്നുന്പോള്‍ ... വൈ ഫൈയുടെ ഔദാര്യത്തില്‍ തെളിയുന്ന ഈ ഓണ്‍ലൈന്‍ പ്രതലങ്ങളെ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. 

ജീവിതം പതിയെ താളങ്ങളെ വീണ്ടെടുക്കുകയാണ്. റേഡിയോ രംഗില്‍ ജോയിന്‍ ചെയ്ത് കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. സാലറി കിട്ടിയിട്ടില്ല. അത് എത്രയാണ് എന്ന് അറിയും ഇല്ല. എന്തൊക്കെയാണെങ്കിലും ജീവിതം പഴയ പോലെയല്ല. ഏറ്റവും ഇഷ്ടപ്പെട്ട മേഖലയില്‍ ഇരുന്ന് 



ശ്വാസം വലിക്കുന്നുണ്ട്. പറക്കാന്‍ ഇനിയും ചിറകുകളും ആകാശവും ആവശ്യമാണ്. കാത്തിരിപ്പിന്‍റെ അവസാനത്തെ ഋതുവും കടന്നു പോകുന്നു. പഴയതിലും ഭീകരമായി ഞാന്‍ തനിച്ചാവുന്നു. തിരിച്ചൊഴുക്കിലേക്ക്  പോകണമെന്ന ചിന്തയും ഇപ്പോള്‍ ഇല്ല. അച്ഛനെ കുറിച്ച് ഓര്‍ക്കുന്പോള്‍ എനിക്ക് സങ്കടം വരുന്നു. കുറച്ച് നാളായുള്ള പതിവാണ്. ആരെയോ വെറുത്ത് പോകുന്നു. വല്ല്യമാമന് വയ്യാതായി. ചേട്ടന് വിളിച്ചിട്ട് കുറച്ച് നാളായി. എന്തോ വിളിക്കണം എന്ന് തോന്നുന്നില്ല. ചേട്ടന്‍ എന്തിനാണ് ഇത്രയും ഏജ് ഡിഫ്രന്‍സില്‍ കല്ല്യാണം കഴിച്ചതെന്ന ചോദ്യം എന്നെ വല്ലാതെ അലട്ടുന്നു. ഫിനാഷ്യലി ബാധ്യതകള്‍ വന്നു തുടങ്ങിയിരിക്കുന്നു. എല്ലാം ശരിയാക്കണം. എഡിററിംഗ് പഠിക്കണം. എങ്കിലേ ഈ ഫീള്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുകയുള്ളൂ. ആരും സംസാരിക്കാനില്ലാത്ത വര്‍ഷങ്ങളാണോ  എന്നെ കാത്തിരിക്കുന്നത് എന്നത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഞാന്‍ എന്നത്തെയും പോലെ തനിച്ചാകുമെന്ന നീരീക്ഷണത്തിന്  ശക്തി കൂടി വരികയാണ്. അപ്പൂസ് പത്താം ക്ലാസിലാണ്. അവനില്‍ എനിക്ക് പ്രതീക്ഷകളുണ്ട്.  പ്രതീക്ഷകള്‍ക്ക് വിരുദ്ധമാകാം ചിലപ്പോള്‍ ജീവിതമെന്ന തിരിച്ചറിവും ഇപ്പോള്‍ ഉണ്ട്. ആരോടും വിശേഷങ്ങളായി ഒന്നും തന്നെ പങ്കുവെയ്കാനില്ലാതെയാകുന്നു. വെറുപ്പ് വളരെ മോശം വികാരമെന്നിരിക്കെ ഞാനതിലേക്ക് വീണു പോകുന്നതില്‍ എനിക്ക് പശ്ചാതാപമുണ്ട്. പക്ഷേ മുറിവുകളുണങ്ങാതെ എന്നെ വേദനിപ്പിക്കുന്നു. ചിലരുടെ സ്ട്രാറ്റജികളെ കുറിച്ച് എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. വിശ്വാസങ്ങള്‍ എനിക്ക്  നഷ്ടമാകുന്നു. നിങ്ങള്‍ സെല്‍ഫ് സെന്‍റേര്‍ഡ് ആണോ  എന്ന ചോദ്യത്തില്‍ നിന്നുള്ള ഒഴിഞ്ഞു മാറാല്‍ എന്നെ വല്ലാതെ വലയ്ക്കുന്നു. അങ്ങനെത്തെ ചോദ്യങ്ങള്‍ ഇനിയും ചോദിക്കാന്‍ കഴിയില്ലായിരിക്കും. ഏറെ നാളായി ആരോടെങ്കിലും ഒന്ന് സംസാരിച്ചിട്ടുണ്ട്.