Thursday, April 11, 2019

അതിജീവനം

എച്ചുമ്മുക്കുട്ടിയുടെ ബ്ലോഗ് വായിക്കുക എന്നത് കഴിഞ്ഞ ഒരാഴ്ച്ചയായി വല്ലാത്ത ഇന്‍വോള്‍മെന്റോടു കൂടി ചെയ്യുന്ന ഒരു കാര്യമാണ്. നിര്‍ത്താതെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത് അവരുടെ ഭാഷയല്ല. അവര്‍ സംസാരിക്കുകയാണ് എനിക്ക് അഭിമുഖമായിട്ടിരുന്ന് എന്നേ തോന്നിയിരുന്നുള്ളൂ..  ഓരോ ഭാഗം വായിച്ചു കഴിയുന്പോളും വല്ലാതെ ഉള്ളുലയ്ക്കുന്ന എന്തോ ഒന്ന് ജീവിതത്തിലേക്ക് പാഞ്ഞു കയറുന്നു. 
അസാധാരണമായ ജീവിതാനുഭവങ്ങള്‍ വരുന്പോള്‍ സാധാരണമായ ബന്ധങ്ങള്‍ നമ്മുക്ക് സാധ്യമാവില്ല എന്നതാണ് എന്റെ ജീവിതം പഠിപ്പിച്ച പാഠം എന്നവര്‍ പറഞ്ഞപ്പോള്‍ എന്റെ ജീവിത്തതിലെ അസാധാരണമായ ഒരു ദിവസത്തെ ഓര്‍ത്തെടുക്കാന്‍  മണിക്കൂറുകളോളം ഞാന്‍ ഓര്‍മ്മകളുടെ കെട്ടുകഴിച്ച് വെച്ച് പരതിനോക്കി. ഇല്ല. അസാധാരണമെന്ന് തോന്നിക്കുന്ന ദിവസങ്ങളേ ഇല്ല. സാധാരണമായ ജീവിതാനുഭവങ്ങള്‍ മാത്രം. അസാധാരണമായ ഒരു ഫോണ്‍ കോള്‍ പോലും ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടില്ല. എന്തിനാണ് ഇത്രയും സാധാരണമായി സേഫ് സോണുകളില്‍ മാത്രം ജീവിച്ച് മരിച്ചു പോകുന്നതെന്ന്  ഞാനിപ്പോള്‍ ചിന്തിക്കുന്നു.

അതിനേക്കാള്‍ ഉപരിയായി അസാധാരണമായ എന്തെങ്കിലും എന്റെ ജീവിതത്തില്‍ സംഭവിച്ചാല്‍ അതിനോട് പൊരുതി നില്‍ക്കാനുള്ള ധൈര്യവും ചങ്കുറപ്പും വേണം എന്ന ദൃഢനിശ്ചയം ഇപ്പോള്‍ എനിക്കുണ്ട്. പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കുക  എന്ന അര്‍ത്ഥം കൂടിയുണ്ട് അസാധാരണമായ ജീവിതത്തിന്. അതിജീവനത്തിന് കഴിഞ്ഞില്ലെങ്കില്‍ പിന്നെയെവിടെയാണ ് ജീവിതം ഉള്ളത്. അനുഭവിച്ചതിനത്രയും ഒരൊറ്റ ദിവസം കൊണ്ട് പരിഹാരമാകും എന്ന അര്‍ത്ഥമില്ല അതിജീവനത്തിന്. എത്രയോ വര്‍ഷങ്ങളുടെ ചുരുക്കെഴുത്താണ് അത്. അതെ കാത്തിരിക്കുക. കണ്ണ് നട്ട്, മാറ്റങ്ങളുടെ ഓരോ ഇലയനക്കങ്ങള്‍ക്കും കാത് കൂര്‍പ്പിച്ച്. പൊള്ളിപിടഞ്ഞ ഭൂതകാലത്തിന്റെ അടരുകള്‍ പൂര്‍ണ്ണമായും അടര്‍ന്നു വീഴും വരെ കാത്തിരിക്കുക. മിഴി തെളിഞ്ഞൊരു പകല്‍  രാത്രി പോകുന്നത് നോക്കിയിരിപ്പുണ്ട്. 

Monday, April 8, 2019

തലയില്‍ ഇടിവെട്ടേറ്റ പോലെ 
എന്തൊക്കെയോ എഴുതണമെന്നുണ്ട് . 
ചറപറാന്ന് പെയ്യുന്ന മഴ പോലെ. 
വെട്ടിവിയര്‍ക്കുന്ന വെയിലു പോലെ
എല്ലാം പറഞ്ഞ്  തിരിച്ചു നടക്കണമെന്നും , 
എല്ലാം പറയാന്‍ ഓടി വരണമെന്നുമുണ്ട്
മഴ കനിഞ്ഞൊരു രാത്രിയോ പകലോ, 
നട്ടുച്ചയാല്‍ കെട്ടിപിടിച്ച ദിനമോ ഇല്ലെന്നിരിക്കെ
ഞാനെങ്ങനെയാണ് പറഞ്ഞു തുടങ്ങുക.
തുടക്കവും ഒടുക്കവും തന്നെ ഇല്ലെന്നിരിക്കെ 
ഞാന്‍ എങ്ങിനെയാണ് എഴുതി തുടങ്ങുക
ഞാനെന്തു പറഞ്ഞാലും നീ മാത്രം ഇല്ലെന്നിരിക്കെ
ഞാനെന്തിനാണ് എല്ലാം പറയണത്.

Sunday, April 7, 2019

ദൈവമേ...




ക്രൂരതകളുടെ ലോകം വെടിഞ്ഞ് ആ ഏഴ് വയസ്സുകാരന്‍ പപ്പി അവന്റെ അച്ചന്റെ അടുത്തേക്ക് പോയെന്ന് ആശ്വസിക്കുന്പോളും ദൈവമേ നീയത്ര ക്രൂരനാണ്. എത്രയോ പേര്‍ ഒരു കുഞ്ഞിനായി ഇവിടെ ഓരോ നിമിഷവും കണ്ണീരൊഴുക്കുന്നുണ്ട്. അവര്‍ക്കൊന്നും ഒരു കുഞ്ഞിനെ കൊടുക്കാത്ത നീ എന്തിനാണ് പീഢനത്തിനും മര്‍ദ്ദനത്തിനുമായി മനുഷ്യമൃഗങ്ങള്‍ക്ക്  സന്താനഭാഗ്യം നല്‍കുന്നത്. നിന്നോട് വല്ലാതെ വെറുപ്പ് തോന്നുന്നു. ഒരു കുഞ്ഞിന്റെ പുഞ്ചിരികാണാനായി ഓരോ നിമിഷവും നിന്നോട് പ്രാര്‍ത്ഥിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ നീ കേട്ടിരുന്നെങ്കില്‍ ഇന്ന് എത്രയോ കുട്ടികള്‍  സന്തോഷത്തോടെ അവരുടെ ജീവിതത്തെ ജീവിച്ചു തീര്‍ക്കുമായിരുന്നു. സഹനങ്ങള്‍ ഏറെ സഹിച്ച ആ കുഞ്ഞ് നിന്റെ അടുത്ത് ഉണ്ടെങ്കില്‍ അവനെ നീ എനിക്കായി നല്‍കണേ. അവന്‍ കാണാതെ പോയ പകലുകളും കളിപ്പാട്ടങ്ങളും മിഠായികളും വാങ്ങിച്ച് വെച്ച് വര്‍ഷങ്ങളായി ഞാന്‍ കാത്തിരിക്കുകയാണ്. അവന്‍ എത്രവട്ടം അവനെയും കുഞ്ഞനിയനെയും കാത്തുരക്ഷിക്കണേ എന്ന് പറഞ്ഞ് നിന്റെ മുന്നില്‍ നിന്ന്   കരഞ്ഞിട്ടുണ്ടാകും.     നിന്റെ കരുണ വറ്റാത്ത ഹൃദയം ഇനിയും പൊട്ടിതെറിച്ചു പോയിട്ടില്ലെങ്കില്‍ അവനെ എനിക്ക് തരൂ.. അവനായി മാത്രം എനിക്ക് പാല്‍ ചുരത്തണമെന്നുണ്ട്.