Thursday, July 23, 2020

അന്ത ഭയം ഇരിക്കട്ടും...

ഇത് ഞാന്‍ എന്നോട് തന്നെ പറയുന്നതാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല...

ഭയം ഇപ്പോള്‍ സര്‍വ്വത്ര ഭയമാണ്.. എനിക്കും പിന്നെ എന്നെയും ... വാതിലടച്ച് ഏറെ നേരം ഞാനിരുന്നാല്‍ തന്നെ എന്‍റെയുള്ളിലേക്ക് ഓടികയറുന്ന ഭയത്തിന് മുന്‍പെങ്ങും ഇല്ലാത്ത വിധം വല്ലാത്ത അങ്കലാപ്പാണ്.. പുറത്ത് നില്‍ക്കുന്നവര്‍ക്കിടയിലേക്ക് ഞാനൊരു വലിയ ഭയത്തിന്‍റെ വിത്തുകള്‍ നേരത്തേ പാകിയതാണല്ലോ .. ഒരു ആത്മഹത്യാ ശ്രമത്തിന്‍റെ പ്രത്യാഘാതങ്ങള്‍  മരണത്തേക്കാള്‍ ഭയാനകമാണെന്ന് ഇപ്പോള്‍ ഞാനറിയുന്നുണ്ട്.. 
ഖസാക്കിന്‍റെ ഇതിഹാസത്തില്‍ പറയുന്നതു പോലെ പണ്ട് പണ്ട് ദിനോസറുകള്‍ക്കും മുന്‍പ് എന്ന പോലെ നേര്‍ത്ത വിരലുകള്‍കൊണ്ട് എന്‍റെ എഴുത്തുകള്‍  ആരെങ്കിലും വായിക്കുമെന്നും ഹൃദയത്തില്‍ തൊട്ട് നിന്ന് എനിക്ക് പറയാനുള്ളതെല്ലാം കേള്‍ക്കുമെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരെ കൂടി ഈ ലോകം  കൂടെ കൂട്ടുന്നുണ്ടെന്ന്.. പക്ഷേ ഇല്ല. അങ്ങനെയുള്ളവരെ ഈ ലോകം പിഴുതെറിയുകയാണ്. തായ് വേരുകളറുത്ത് വേരൂന്നിയ ഇടങ്ങളില്‍ നിന്ന് ആഴത്തില്‍ വലിച്ചെടുത്ത് ഇനിയൊരു  പുല്‍ക്കൊടി തുന്പുപോലും പൊട്ടിമുളയ്ക്കാത്ത തരിശിടങ്ങളിലേക്ക് .. അവരാണ് പിന്നെ ഭയത്തിന്‍റെ കുഴിമാടങ്ങളിലേക്ക് വീണുപോകുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു...

എനിക്ക് എന്നെ പതുക്കെ നഷ്ടപ്പെടുകയാണ്.. ഇതെഴുതുന്പോള്‍ പോലും എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ്.. നാളെ ആരാണ് ഇതിലേക്ക് എത്തി നോക്കി പുതിയ ആരോപണങ്ങള്‍ക്ക്,  പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയെന്നുള്ള വ്യര്‍ത്ഥമായ ഒരു ഭയം.. വെറുപ്പിന്‍റെ .. നിരാശയുടെ നിസംഗതയുടെ.. അപമാനത്തിന്‍റെ... നഷ്ടമായ ആത്മാഭിമാനത്തിന്‍റെ ... അങ്ങനെ പേരില്ലാത്ത.. ആത്മാവ് നഷ്ടപ്പെടുത്തി ഞാനലഞ്ഞ എന്‍റെ മാത്രം വ്യഥകളിലേക്ക്... ഞാന്‍ ചുരുങ്ങുകയാണ്...

കറുത്ത മഷിപേനക്കൊണ്ട് മുടി തുന്പില്‍ ഈറനിറ്റുന്ന തൃസന്ധ്യകളില്‍ എന്നെങ്കിലും ഭയമേതുമില്ലാതെ .. അക്ഷരങ്ങളിലേക്ക് എന്‍റെ മാത്രം തോന്നലുകളിലേക്കും ... കല്‍പ്പിച്ചു കൂട്ടുന്ന ഭ്രാന്തുകളിലേക്കും എനിക്കൊന്ന് എന്നെ പിടിച്ചിരുത്തണമെന്നുണ്ട്..

എവിടെയാണ്.. എങ്ങിനെയാണ് ഭ്രാന്തുകളും.. സ്വന്തമായിരുന്ന ഇരിപ്പിടങ്ങളും. നഷ്ടമാക്കി .  മുന്‍പ് കേട്ടറിവു പോലുമില്ലാത്ത പാട്രിയാര്‍ക്കി സൊസൈറ്റിയുടെ ഉച്ചനീചത്വങ്ങള്‍ എന്നിലേക്കും ആഞ്ഞു വീശിയത്..



... എഴുതണമെന്ന് വല്ലാതെ മനസ്സാഗ്രഹിച്ചപ്പോള്‍ പോലും പേനയും പേപ്പറുമെടുത്ത് എനിക്ക് എഴുതാന്‍ കഴിഞ്ഞില്ല. ഒരു ലാപ്പ് ടോപ്പ് വാങ്ങിക്കുന്നത് വരെ എത്ര മാത്രം അക്ഷമയോടെ ഞാന്‍ ഈയൊരു നിമിഷത്തിനായി കാത്തിരുന്നു.
മറ്റൊന്നുമല്ല എന്‍റെ എഴുത്തുകള്‍ എന്‍റേതുമാത്രമാണ്. പ്രളയം വന്ന് സര്‍വ്വതും നശിച്ചാലും എന്ന ലൈനില്‍ തന്നെ.. എന്തിനാണ്  ഇങ്ങനെ ഒളിഞ്ഞു നോക്കുന്നതെന്ന് എന്തുകൊണ്ട് എനിക്ക് ഉറച്ച ശബ്ദത്തില്‍ ചോദിക്കാന്‍ കഴിയുന്നില്ല.