Sunday, February 3, 2019

ഒന്ന് മുതല്‍ പൂജ്യം വരെ

വീട്ടില്‍ ആരുമില്ലാത്ത ഉച്ചനേരം. ചാനല്‍ മാറ്റി കളിക്കുന്ന പതിവ് വിനേദത്തിനിടയില്‍ വെള്ള കര്‍ട്ടനുകളിട്ട ഒരു വീടിനുള്ളില്‍ അതിനോഹരമായ ഒരു ടെലഫോണ്‍ റിംഗ് ചെയ്യുന്നു. ആ ഫോണ്‍ കാള്‍ എടുക്കാന്‍ വേണ്ടി ഒരമ്മയും  മകളും ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി ഓടുന്നു. അമ്മയുടെ കൈയ്യില്‍ നിന്നും പൊതിഞ്ഞു കെട്ടിയ  ഫ്രൂട്ട്സ് താഴെ വീഴുന്നു. അവരതെടുക്കാന്‍ ശ്രമിക്കും തോറും ആ ശ്രമവും വിഫലമാകുന്നു. ജനലിലൂടെ ഫോണിലേക്ക് നോക്കുന്ന ആ പെണ്‍ക്കുട്ടിയുടെ മുഖം. അവിടം മുതലാണ് ആദ്യമായി ആ സിനിമ ഇരുന്ന് കാണുന്നത്. പടം കഴിഞ്ഞെഴുന്നേല്‍ക്കുന്പോള്‍ ഉള്ളിലെവിടെയോ ഫ്രീസായി പോയ മൗനം അടര്‍ന്ന് വീണതു പോലെ.. 




അകലെ എവിടെയോ ഇരുന്ന് ഒരാള്‍ സംസാരിക്കുന്നു. പിന്നീട് ആ വീടിന്റെ താളം അയാളുടെ സ്വരമാകുന്നു. ദീപമോളും അലീനയും  ആ ശബ്ദത്തിലൂടെ  ജീവിതത്തിലേക്ക് പറക്കുന്നു... പിണക്കങ്ങളില്‍ പിയാനോയുടെ അടിയിലേക്ക് കയറി ഇരിക്കുന്ന ദീപമോളുടെ സേഫ് സോണിന് പോലും ഉണ്ട് നഷ്ടപ്പെടലിന്റെ ആ കനത്ത വിടവ്. സ്കൂളിലെ ഫോട്ടോ സെക്ഷനില്‍ അച്ചന്റെ സ്ഥാനത്തേയ്ക്ക് തന്റെ ഒരു കൈ മാത്രം ഉയര്‍ത്തി വെയ്ക്കുന്ന ദീപമോളുടെ രണ്ട് കൈയ്യും പിടിച്ച് നില്‍ക്കുന്ന അലീനയുടെ മുഖത്തിന് പകരം വെയ്ക്കാന്‍ ഇല്ലാത്ത ഒരു നിസംഗതയുടെ മുഖച്ഛായയാണ്. 

ഒരിക്കലും കാണാത്ത, പേര് വെളിപ്പെടുത്താത്ത ഒരാളുടെ ചിത്രം വരയ്ക്കുന്ന അലീന പറയുന്നുണ്ട്.'' ഇത് തന്നെയാണ് നിങ്ങളെന്ന്''.  
ഒടുവില്‍ ദീപമോള്‍ക്ക് നല്‍കാന്‍ സമ്മാനപൊതികളുമായി ക്രിസ്തുമസ് രാത്രിയില്‍ വരുന്ന ടെലഫോണ്‍ അങ്കിള്‍ പറയുന്നത് എന്നെ കാണാതെ നിങ്ങള്‍ ഈ ചിത്രം എങ്ങിനെ വരച്ചൂ എന്ന് എനിക്ക് അറിയാമെന്നും.. മുന്‍പ്  എവിടെയും കാണാത്ത ഒരു പ്രണയത്തിന്റെ അസാധ്യമായ ഒരു കമ്മ്യൂണിക്കേഷനായിരുന്നു അത്. എത്ര ലളിതമായ വാക്കുകള്‍ കൊണ്ടാണ് ഓരാളുടെ ആത്മാവിനെ ഇങ്ങനെ ആഴത്തില്‍  തൊടുന്നത്. 

സ്നേഹവും വാത്സല്യവും പ്രണയവും എല്ലാം എത്ര മനോഹരമായ ഫ്രെയിംമുകളാണ്  എന്ന് തന്നെയാണോ  രഘുനാഥ് പാലേരി എന്ന സംവിധായകന്‍ പറഞ്ഞത്.  അല്ലെങ്കില്‍ മഷിയില്‍ മഞ്ഞ് നിറച്ച് എഴുതി കാണണം. ഫ്രെയിമുകളില്‍ എല്ലായിടത്തും ഉണ്ട് നനുത്ത ഒരു പ്രതലം. കാഴ്ച്ചകളെയെല്ലാം  കാരണം അറിയാത്ത ഒരു വിങ്ങലിലേക്ക് അവ  പതിയെ  കൂട്ടി കൊണ്ട് പോകുന്നുമുണ്ട്.

ഒടുവില്‍ പ്രതീക്ഷകളെയെല്ലാം തട്ടിതെറിപ്പിക്കുന്ന അയാളുടെ മടക്കത്തില്‍ അയാള്‍ പറയുന്നു. എന്റെ നെഞ്ചില്‍ നിന്റെ കരച്ചിലും  ദീപ മോളുടെ ചിരിയുണ്ടെന്നും. എന്നെങ്കിലും നിങ്ങള്‍ എന്റെ അടുത്തേക്ക് വരുമെന്ന് മാത്രമേ തോന്നിയിട്ടുള്ളൂ... പക്ഷേ  പോകുന്നു എന്ന് പറയുന്പോള്‍ ഉള്ളില്‍ എന്തോ കൊളുത്തി വലിക്കുന്ന പോലെയെന്ന അലീനയുടെ മറുപടിയില്‍ അയാള്‍ക്ക് ഒന്നും പറയാനില്ലാതെ തരിച്ചു നില്‍ക്കുന്നു.. 

വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ,  ആരു പറഞ്ഞ് കേട്ടിട്ടില്ലാത്ത അവരുടെ സംഭാഷണങ്ങളിലൂടെ, മനസ്സില്‍ പതിയുന്ന എക്സ് പ്രഷനിലൂടെ ഒരു സുഖമുള്ള വേദന.  ഈ സിനിമ കാണുന്പോളൊക്കെയും  ഒരിക്കലും തിരിച്ചു വരാത്ത ഏറ്റവും  പ്രിയപ്പെട്ട ഒരാളുടെ പതിഞ്ഞ പുഞ്ചിരി അന്നേരം മനസ്സില്‍ നിറയും. അല്ലെങ്കില്‍ അവ്യക്തമാകാത്ത ഒരു ചിത്രം പോലെ മനസ്സിനെ അസ്വസ്ഥമാക്കും. അങ്ങനെയൊക്കെ മാത്രമേ  ഈ സിനമയെ കുറിച്ച് ചിന്തിക്കാനാകൂ..