Thursday, January 31, 2019

ഒരാള്‍ മാത്രം



ആരോടെങ്കിലും സംസാരിക്കണമെന്ന് തോന്നുന്പോള്‍ അടുത്ത് ആരും തന്നെ ഇല്ലാതിരിക്കുക എന്നതും ഒരു ദുരന്തമാണ്. ഏറെ നാളത്തെ മൗനത്തിന് ശേഷം പതിയെ തുറന്ന് വരുന്ന വാക്കുകള്‍ എങ്ങിനെയുണ്ട് എന്ന് ചോദിക്കാനൊരാള്‍ അടുത്തുണ്ടായിരുന്നെങ്കില്‍. അങ്ങനെ ഒരാളെ സങ്കല്‍പ്പിച്ച് നോക്കുന്നത്    ഇനിയും ചെയ്ത് തീര്‍ക്കാന്‍ ഒത്തിരി ജോലികള്‍ ഓഫീസില്‍ ബാക്കി ഉള്ളപ്പോളും ഉറക്കം വരുന്ന എന്റെ ഉച്ചനേരങ്ങളില്‍ മാത്രമാണ്. കാരണം അടയുന്ന കണ്‍പീലികളെ ആ ഭാവന കാല്‍പ്പനികതയിലേക്ക് പിടിച്ച് കെട്ടി മിഴികളെ പൂര്‍വ്വാധികം തുറന്ന് വിദൂരതയിലേക്ക് കൊണ്ടെത്തിക്കും. അപ്പോളാണ് ഉള്ളിലെ ഉള്ളകങ്ങള്‍ ചവിട്ടി തുറന്ന് ആ നായകന്‍ രംഗപ്രവേശനം ചെയ്യുക. അയാളോട് പിന്നെ വാചാലമാകുന്നത് വളരെ പെട്ടന്നായിരിക്കും.  



എനിക്ക് പട്ടാളത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും. ഇന്ത്യയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്യണമെന്നതായിരുന്നു എന്റെ അന്ത്യാഭിലാഷമെന്നും അത് തുറന്ന് പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചില്ലെന്നും, എനിക്ക് പട്ടാളത്തില്‍ ചേരണമെന്ന് ഉറക്കെ പറഞ്ഞ് കരഞ്ഞ എന്റെ കരച്ചില്‍ കേട്ട പെയിന്റ് അടിക്കാന്‍ വന്ന ബിനേഷ് ചേട്ടന്‍ പിന്നീട് എന്നെ വഴിയില്‍ വെച്ച് കാണുന്പോള്‍ എല്ലാം ക്യാപ്റ്റന്‍ എന്ന് പറഞ്ഞ് സെല്യൂട്ട് ചെയ്യുമായിരുന്നുവെന്നും ഞാന്‍ അയാളോട് പറയും.  പിന്നെ ലൈബ്രറിയില്‍ നിന്ന്  എന്‍ മോഹനന്റെ ഒന്നും പറയാതെ എന്ന പുസ്തകം  എടുക്കുകയും തിരിച്ച് വെയ്ക്കേണ്ട ദിവസത്തില്‍ അത് അവിടെ വെച്ച് വീണ്ടും എടുത്ത് അത് ഞാന്‍ സ്വന്തമാക്കിയ കാര്യത്തെ കുറിച്ചും, പോകണമെന്ന് ആഗ്രഹിച്ച ചില ബസ് യാത്രകളെ കുറിച്ചുമെല്ലാം ഞാന്‍ പറഞ്ഞെന്നിരിക്കും. അങ്ങനെ ഇരിക്കുന്പോളായിരിക്കും പോകാറയല്ലോ ഒന്നും ചെയ്ത് കഴിഞ്ഞിട്ടില്ലല്ലോ എന്ന് ഓര്‍മ്മ വരിക.
 കുറച്ച് സമയത്തേക്കാണെങ്കില്‍ ആത്മാര്‍ത്ഥത കാണിക്കാമെന്ന് എന്റെ ഫ്രണ്ട് റിയ എനിക്ക് റിക്ക്സ്റ്റ് ചെയ്തതോണ്ടും, പിന്നെ സാലറി വാങ്ങേണ്ടതല്ലേ  എന്ന ചിന്ത കൊണ്ടും ഞാന്‍ ജോലിയില്‍ വ്യാപൃതയാകുന്നു. ഇത്രയും നേരം എല്ലാം കേട്ടൊരാള്‍ പിന്നെ ഹൃദയത്തിലൂടെ  കയറി ഓര്‍മ്മപഥങ്ങളിലേക്ക് എത്തി വന്ന വഴികിലെ അവശേഷിപ്പുകള്‍ മായ്ക്കുന്ന തിരക്കിലായിരിക്കും . കാരണം അങ്ങനെ ഓരാള്‍ എപ്പോഴും വരണമെന്നില്ല. സ് ക്രോള്‍ ചെയ്ത് നോക്കുന്ന കോണ്ടാക്ട് ലിസ്റ്റില്‍ മുന്‍വര്‍ഷളിലെന്നോ വിളിച്ച് സംസാരിച്ചതിന്റെയോ ചാറ്റ് ചെയ്തതിന്റെയോ കാള്‍- ചാറ്റ് ഹിസ്റ്ററിയില്‍ വിരലുടക്കിയതിന് ശേഷം, വീണ്ടും മനസ്സില്‍ സേവ് ചെയ്യപ്പെടുന്ന നിര്‍വികാരത നിറഞ്ഞ ചില ഉച്ചനേരങ്ങളില്‍ മാത്രമേ  അയാള്‍ വരേണ്ടതുള്ളൂ..അപ്പോള്‍ മാത്രമേ അയാളോട് സംസാരിക്കാനുള്ള ഭാഷ ഞാന്‍ ഓര്‍ത്തെടുക്കുകയുള്ളൂ..


Tuesday, January 15, 2019

ഷാനി എന്റെ കൂട്ടുക്കാരി



നഴ്സറി ക്ലാസിലെ വയറുവേദനക്കാരിയില്‍ നിന്ന് ഒന്നാം ക്ലാസില്‍ എത്തിയപ്പോള്‍  വയറുവേദന എന്ന കാരണത്തിന് പകരം മറ്റ് പല അടവുകളും ഞാന്‍ കണ്ടെത്തി തുടങ്ങിയിരുന്നു. ദിവസവും രണ്ട് വരകോപ്പി എഴുതാനുള്ള മടിയും പിന്നെ രാവിലത്തെ അസംബ്ലിയുമെല്ലാം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോഴും മടിയുടെ അവസ്ഥാന്തരങ്ങള്‍ മാത്രമാണ് എന്റെ എല്ലാ സിക്ക് ലീവുകള്‍ എന്നത് വേറെ കാര്യം.

സ്കുളിന് മുന്നിലൂടെ     12.45 ന് സുബ്രമണ്യന്‍ ബസ് പോകുന്പോളേയ്ക്കും ബാഗിനുള്ളിലെ തേങ്ങ ചമ്മന്തിയുടെ മണം വിശപ്പിനെ തുറന്ന് വിടും  . പിന്നെ ബെല്ലടിക്കാനൊന്നും ഞങ്ങള്‍ കുട്ടികള്‍ കാത്തു നില്‍ക്കാറില്ല. ഒറ്റയോട്ടമാണ്. ആ ബസിന്റെ ഒച്ചയോളം കാതോര്‍ത്ത ഒന്നും തന്നെ പിന്നെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.  ഒന്നാം ക്ലാസിലെ ഓര്‍മ്മകളില്‍ ഉള്ളത് ഒരു ചുവന്ന അടപ്പുള്ള പച്ച വാട്ടര്‍  ബോട്ടിലും പിന്നെ ലത ടീച്ചറുമാണ്.

ആനി ടീച്ചറുടെ ക്ലാസായ രണ്ടാം ക്ലാസിലേക്ക് ജയിച്ചു ചെല്ലുന്പോള്‍ ഞാനിരിക്കുന്ന ബെഞ്ചില്‍ അന്ന് ഒന്നാം ക്ലാസില്‍ ഇല്ലാതിരുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഷാനി മോള്‍. അപരിചിത്വം ഇല്ലാതെ അവളെന്നോട് ചിരിച്ചു. അമ്മയോട് തല്ലിട്ട്  മൂപ്പന്റെ കടയില്‍ നിന്നും  വാങ്ങിയ ചോക്ക് പെന്‍സില്‍ അന്ന്  അവള്‍ക്ക് നല്‍കാന്‍ എന്തോ  എനിക്കൊരു മടിയും തോന്നിയില്ല. അന്ന് ഞങ്ങള്‍ ഒരുമ്മിച്ചാണ് ഭക്ഷണം കഴിച്ചതും, അവളെനിക്ക് ചോറിനോട് പറ്റി പിടിച്ചിരിക്കുന്ന തക്കാളി ചമ്മന്തി  തന്നതും എനിക്ക് ഓര്‍മ്മയുണ്ട്. ഇന്നുമുണ്ട് മൊരിഞ്ഞ വെളുത്തുള്ളിയോട് വെളിച്ചെണ്ണ ചേര്‍ത്തിളക്കിയ തക്കാളിയുടെ സ്വാദ് നാവിന്‍ തുന്പില്‍.  

പോപ്പി കുടയുടെ പരസ്യം കണ്ട് കരഞ്ഞ് പിഴിഞ്ഞതിന് അമ്മ ഇന്‍സ്റ്റാളുമെന്റായി എനിക്കൊരു ഓറഞ്ച് പൂക്കളുള്ള  പുള്ളിക്കുട വാങ്ങി തന്നു. മഴ പെയ്താലും ഇല്ലേലും അതും ചൂടിയാണ്   വീട്ടിലേക്ക് പോവുക. ഒരൂസം  ആ കുട കറക്കി കറക്കി വീട്ടിലേക്ക്  പോകുന്പോള്‍ അമ്മയോട് പറഞ്ഞത് ഷാനിയെ കുറിച്ചായിരുന്നു. അവളുടെ വാപ്പയ്ക്ക് മീന്‍ കച്ചോടം ആണെന്നും,അങ്ങനെ എന്തൊക്കെയോ...   അതാണ് അവളെ കുറിച്ച്  ആകെ അറിയുന്ന കാര്യം അന്ന്. ഇന്നും അത് തന്നെ. വീടോ നാടോ ഒന്നും അന്ന് ചോദിച്ചിരുന്നില്ല. ആദ്യമായി പുസ്തകതാളുകള്‍ക്കിടയില്‍ പെറ്റു പെരുകിയ മയില്‍പീലി കുഞ്ഞുങ്ങളെ കാണിച്ച് തന്നതും അവള്‍ തന്നെ...   പിന്നെ പിന്നെ ഒന്നാനാം കൊച്ചുതുന്പി എന്ന പാഠം വായിച്ചു പഠിക്കാനും,  സ്കൂളിലെ പുളി മരച്ചോട്ടിലേക്കും, കളിയിടങ്ങളിലേക്കുമെല്ലാം ശരീരത്തിന്റെ ഒരു ഭാഗമെന്നോണം ആ കൂട്ടുക്കാരി ഉണ്ടായിരുന്നു. 

അവള്‍ അവധിയെടുക്കുന്പോള്‍ കൂട്ടുകൂടാന്‍ ആരുമില്ലാതെ കളിസ്ഥലങ്ങളില്‍ ഞാനൊരു കാഴ്ച്ചക്കാരിയാകും.. പ്രിയപ്പെട്ടവരോട് ചേര്‍ന്ന് തന്നെ നില്‍ക്കണമെന്ന ആദ്യകാല ഫിലോസഫികളാകണം ഫോട്ടോ എടുക്കുന്ന ദിവസം അവള്‍ക്കൊപ്പം നില്‍ക്കണമെന്ന്  ഒരുപാട് ആഗ്രഹിച്ചത്. വര്‍ഷാവസാന ദിനങ്ങളില്‍ അവള്‍ ക്ലാസില്‍ വരാതെയായി. ക്സാസിലേക്ക് കയറാനുള്ള അവസാന ബെല്ലിലും അവള്‍ക്കായുള്ല കാത്തിരിപ്പ് മുന്നാം ക്ലാസിന്റെ ആദ്യ ദിവസം വരെ നീണ്ടു നിന്നു. പിന്നെ ആരോ പറഞ്ഞു അവളും വാപ്പയും  വേറെ സ്ഥലം മാറി പോയെന്ന് ... 

ചങ്കുകളാണെന്ന് പറഞ്ഞ് പിന്നെ ഒത്തിരി കൂട്ടുകാര് എന്റെ ചെറുവിരലില്‍ കോര്‍ത്ത് കെട്ടി  നടന്നിട്ടുണ്ട്. അനിവാര്യമായ കൊഴിഞ്ഞു പോക്ക് അനസ്യൂതം തുടര്‍ന്നു.  അവരാരും തന്നെ ഓര്‍മ്മകളുടെ നെല്ലിപ്പടിയിലെ വേദനയായി മാറിയിട്ടില്ല.     പെറ്റു പെരുകിയ ഓര്‍മ്മകളുടെ മയില്‍പ്പീലി പുസ്തകം തുറന്ന് ഇവള്‍ മാത്രം ഇടയ്ക്ക് വരും. അതു കൊണ്ടാണ് ഇപ്പോഴും  മഴ തോരുന്ന ഇടവഴിലേക്ക് നോക്കി ഞാന്‍ ആരോടോ പറയുന്നത് ഓളു  തന്ന്യാ ഇപ്പളും ന്റെ കൂട്ടുക്കാരിന്ന് .. 


ദേ    ആനി ടീച്ചറിന്റെ  അടുത്ത്  അപ്പുറത്തെ റോസ് ഉടുപ്പുക്കാരിയാണ് ന്റെ ഷാനി
രണ്ടാമത്തെ വരിയില്‍ ഇടത്ത് നിന്ന് നാലാമത് നാനും 

Thursday, January 3, 2019

അഴക് പാദം; പേശിയ മൗനം


ഒരാളുടെ കാലിലേക്ക് നോക്കിയിരിക്കുന്നു കൊണ്ട്  സംസാരിക്കുന്ന ഭാഷയ്ക്ക് വല്ലാത്തൊരു സൂക്ഷ്മതയുണ്ട്.  കാല്‍ വിരലിന്റെ ഓരോ അനക്കങ്ങളും ചിലപ്പോള്‍ നമ്മുടെ മൗനങ്ങളോട് പോലും അപ്പോള്‍  സംസാരിക്കും. നീണ്ട വാഗ്വാദങ്ങള്‍ക്കിടയില്‍ വീണു പോയ വാക്കുകളെ കൈപിടിച്ചുയര്‍ത്തും അന്നേരം. എപ്പോഴോ  മുറിഞ്ഞുപോയ വാക്കുകളെ ചിലപ്പോള്‍ തുന്നിച്ചേര്‍ക്കും. അത്രയ്ക്ക് അത്രമേല്‍ അടുത്തിരിക്കണമെന്നില്ല. കാലുകള്‍ കാണുന്ന അകലത്തിലേക്ക് നീങ്ങിയിരുന്നാലും മതി. പക്ഷേ കാലുകളിലേക്കുള്ള ദൂരം അളക്കുന്നത് വാക്കുകള്‍ ആയിരക്കണം എന്നുമാത്രം. വാക്കുകളുടെ നേര്‍ത്ത മുനയാല്‍ പെരുവിരലില്‍ ചുവപ്പ് പടരണം. പിന്നെ വാക്കുമാറുന്പോള്‍ ഉപ്പൂറ്റിയിലേക്ക് കാലൂന്നി അമര്‍ത്തി ചവിട്ടണം.  വാക്കിടറുന്പോള്‍  മരവിച്ചൊരു മരണ തണുപ്പിലേക്ക് കൂട്ടിക്കെട്ടണം.  എന്നിട്ടും വാക്കുകളിലാത്ത മൗനത്തിലേക്ക് തല കുനിയ്ക്കുകയാണെങ്കില്‍  ജീവിതത്തിലേക്ക് അടുത്തിരുന്നുവേണം കാലുകള്‍ക്ക് കാതോര്‍ക്കേണ്ടത്. ഇതുവരെ എഴുതാത്ത അപ്രാപ്യമായൊരു പുതിയ ലിപി  ആ കാല്‍പാദങ്ങളില്‍ കണ്ടെത്താനാകും. 

പക്ഷേ അങ്ങനെയാരോ അടുത്ത് ഇരുന്നിട്ടുണ്ടെന്നോ ഇല്ലന്നോ പറയാനാകുന്നില്ല. ഏറെ സാധ്യതകളുള്ളൊരു മൗനം ഇപ്പോഴും വാക്കുകള്‍ക്കിടയില്‍ നിന്ന് പുറത്ത് വരാതെ ശ്വാസം മുട്ടുന്ന പോലെ. ഒരു കാലടിപാടിലേക്ക് മാത്രം വാക്കെറിഞ്ഞ് നോക്കുന്നുണ്ട് ഞാന്‍. ദൂരങ്ങളേക്കാള്‍ ചിലപ്പോള്‍ വിഷയം വേഗതയാണ് എന്ന തിരിച്ചറിവോടെ.. 

Wednesday, January 2, 2019

ഇലപച്ചയിലേക്ക്




വീടിന് തെക്കേവശത്തുള്ള  മണ്‍പാതയിലേക്ക് ഇറങ്ങണത്  കണ്ണീര്‍ച്ചെടി പടര്‍ന്ന് നില്‍ക്കണ ഒരിറക്കത്തിലൂടെയായിരുന്നു. മണ്ണ് നിറച്ച ചാക്കുകള്‍ ആ ഇറക്കത്തിന്റെ ഒരോ വിടവുകളിലും ഉണ്ടായിരുന്നു. മണ്ണിലേക്ക് ഇറങ്ങിപ്പോയ വേരുകള്‍ അവയെ താങ്ങി നിര്‍ത്തി. മഴവെള്ള പാച്ചിലുകളുടെ വേഗത്തെ ആ വേരുകള്‍ ഒന്ന് അടക്കിപിടിച്ചാണ് അപ്പുറത്തെ പറന്പിലേക്ക് വിടുകയുളളൂ​. ആ ഇറക്കത്തിലേക്ക് ഇറങ്ങി ചെല്ലുന്പോളെല്ലാം മനസ്സിലേക്ക് കയറികൂടുന്ന കുറേ ഇലപച്ചകളുണ്ട്. ദേഷ്യത്തോടെ ചാടി ഇറങ്ങിയപ്പോഴും, വേദനയോടെ ആ കിടങ്ങിലേക്ക് ഇറങ്ങി നിന്നപ്പോഴും,  എന്റെ കയറ്റിറക്കളിലെവിടയോ   ആ ഇലപ്പച്ചകള്‍ കയറികൂടിയിട്ടുണ്ടാവണം. 

ഏറെയും കാണുന്നത്  ഫോണിന്റെയും സിസ്റ്റത്തിന്റെയും വെളുത്ത പ്രതലങ്ങള്‍ മാത്രമാണ് ഇപ്പോള്‍. യാത്രക്കിടയിലും തല ഫോണിലേക്കോ അല്ലെങ്കില്‍ സീറ്റിലേക്കോ ചായ്ച്ചു വെയ്ക്കുന്നു. എന്റെ കാഴ്ചയില്‍ നിന്നും പച്ചനിറങ്ങള്‍ അകലുന്ന പോലെ...  കയറ്റിറക്കങ്ങളില്ലാതെ ഞാനെവിടെയോ മരവിച്ചു നില്‍ക്കും പോലെ ... 
എന്റെ ഇലപച്ചയിലേക്ക് എനിക്ക് തിരികെ പോകണം. അനുരഞ്ജനങ്ങളില്ലാതെ.. വെറും കാഴ്ച്ചക്കാരിയായല്ല. എന്റെ ഇടമെന്ന ബോധ്യത്തോടെ.. 

​മുന്നിലെ സിസ്റ്റത്തിലേക്ക് വാക്കുകളെ അടിച്ചുകയറ്റുന്പോള്‍ വിരലുകള്‍ക്കിടയിലൂടെ ഇളംപച്ച നിറത്തിലൊരു തൂശനില വലുതായി വരുന്ന പോലെ.. ഞാന്‍ പതിയെ എഴുന്നേറ്റ് അതിലേക്ക് ചായുന്നു.. എന്റെ മാത്രം ഇല പച്ചയിലേക്കെന്ന് മനസ്സ്  പറയുന്നു.. വേരുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴാതെ എന്നെ ആരോ ആ കിടങ്ങിലേക്ക് എടുത്ത് വെയ്ക്കുന്നു.  ഇനി വേരിലൂടെ പടര്‍ന്നുകയറുന്ന വെയില്‍ പച്ചകളും, മഴയിലൂടെ വന്ന് തൊടുന്ന മണല്‍ പച്ചകളും, ഓര്‍മ്മകളുടെ നിഴല്‍പ്പച്ചകളും അപ്പുറത്തേക്ക് ഒഴുകാതെ നോക്കേണ്ടത് ഞാനാണ്.