Sunday, May 19, 2019

​ഇന്നലെയും



നിന്നിലേക്കുള്ള ദൂരങ്ങളാണ്
എന്റെ ഓരോ കിനാക്കളും.
 ഉറക്കമുണരാത്ത രാത്രികളിലേക്ക്   
ഇന്നലെയും നീ വന്നിരുന്നു
നെറുകയില്‍ ചുംബിച്ചു.
നിന്നോടുള്ള പ്രണയമാണ്
ഇപ്പോഴുമെന്റെ ജീവിതമെന്ന് പറഞ്ഞ്
എന്നെ ചിരിപ്പിച്ചു.
പിന്നെ,
ഇരുട്ടിനെ വകച്ചുമാറ്റി 
കൊകോര്‍ത്തു നടന്നു
ജീവിതത്തിലേക്ക് ചേര്‍ന്നിരിക്കും പോലെ
ഞാന്‍ നിന്നിലേക്ക് അടുത്ത് നിന്നു.
നാളെ മരിക്കുമെന്നോര്‍ത്ത പോലെ
പ്രണയിച്ചു.
എന്നിട്ടും. 
ഇനിയുമെത്രനാള്‍ നമ്മളിങ്ങനെ
സ്വപ്നമായി  തുടരുമെന്ന് 
ചോദിക്കാന്‍ ഇത്തവണയും മറന്നു.



Wednesday, May 15, 2019

എല്ലാരും തിരക്കില്ലാത്രേ..

എല്ലാരും തിരക്കിലാത്രെ.. അവരുടെ തിരക്കുകളിലേക്ക് ഒട്ടും തിരക്കില്ലാതെ ഞാനെങ്ങനെ കയറി ചെല്ലും എന്ന ആശങ്കകളാണ് പലരുടെ അടുത്തേക്കും കയറി ചെല്ലുന്നതില്‍ നിന്ന് എന്നെ പിന്നിലേക്ക് വലിക്കുന്നത്. ചിലരില്ലാതെ ജീവിക്കാന്‍ തന്നെ പറ്റില്ല എന്ന് കരുതിയവരുടെ അടുത്തേക്ക് തന്നെ പോയിട്ട് നാളുകളായി. ചിലരുടെ അടുത്ത് സംസാരിക്കാനുള്ള ഭാഷ തന്നെ കൈമോശം വന്നിരിക്കുന്നു. മറ്റു പലരോടും പറയാനിരുന്ന കാര്യങ്ങള്‍  ഒന്നും തന്നെ ഇനി പറയേണ്ടതില്ല എന്ന തിരിച്ചറിവുകൊണ്ട് പോകാതിരിക്കുന്നു. ചിലതൊക്കെ നേടിയാലെ ബാക്കിയുള്ളവരെ കാണാന്‍ പറ്റുകയുള്ളൂ എന്നതിനാല്‍ ചിലരെയും ഒഴിവാക്കി. എല്ലാവരുടെയയും  എല്ലാ തിരക്കുകളും ഒഴിയുന്നൊരു കാലത്തിന് വേണ്ടിയുള്ള വലിയൊരു കാത്തിരിപ്പ് മാത്രം ഇനിയും ബാക്കി.




ചിലപ്പോള്‍ നമ്മുടെയൊക്കെ ഉള്ളിലാകാം ബന്ധങ്ങളും സൗഹൃദങ്ങളും ഉള്ളത്. അതുകൊണ്ടാണ് ഉള്ളകങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പതുക്കെ പതുക്കെ ഇതെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും


മരിച്ചാലും മറക്കില്ലെന്ന് കരുതിയ മരിച്ചുപോയവര്‍ ഇന്നന്റെ സ്വപ്നങ്ങളില്‍ വന്ന് എന്നോട് സംസാരിക്കാറില്ല. വല്ലപ്പോഴും  ഓര്‍മ്മകളിലേക്ക് കയറികൂടുന്ന ചെങ്കല്ലിന്റെ പാതയോരങ്ങളില്‍ ചിലര്‍ മരിച്ചുതന്നെ നില്‍ക്കുന്നു. എന്തുകൊണ്ടാണ് അവര്‍ക്ക് ഓര്‍മ്മകളില്‍ പോലും ജീവന്‍ വെയ്ക്കാത്തത് എന്ന് ഇടയ്ക്കെപ്പോഴോ ഞാന്‍ ചിന്തിച്ചെങ്കിലും തുടര്‍ച്ചയായൊരു അസ്വസ്ഥതയിലേക്ക് അവരാരും എന്നെ വലിച്ചിഴച്ചില്ല. അവരിപ്പോള്‍ ശരിക്കും മരിച്ചു പോയിരിക്കുന്നു. 

ആത്മബന്ധമെന്ന് തോന്നിപ്പിച്ചവര്‍ ആത്മാവുതന്നെ ഇല്ലാത്തവരായിമാറിയിരിക്കുന്നു. അവരില്ലാത്ത ഇപ്പോഴത്തെ എന്റെ പ്രഭാതങ്ങളും സായാഹ്നങ്ങളും മുന്‍പത്തേക്കാള്‍ വേഗത്തില്‍ എന്നിലൂടെ കടന്നു പോകുന്നുണ്ട്. പക്ഷേ മേഘങ്ങള്‍ മാറുന്നത് ഞാനിപ്പോള്‍ നോക്കിനില്‍ക്കാറില്ല എന്നുമാത്രം.

 ഇനിയൊരു ഓര്‍മ്മകളിലേക്ക് പകര്‍ത്തപ്പെടില്ലെന്ന് ഉറപ്പുള്ള മുഖങ്ങളാണ് അധികവും. പോകും വഴിയേ ഞാനവരോട് ചിരിക്കുന്നു. സംസാരിക്കുന്നു. പലതും എനിക്ക് മനസ്സിലാവുന്നേ ഇല്ല. എന്നിട്ടും ഞങ്ങള്‍ നിര്‍ത്താതെ സംസാരിക്കുന്നു. പൊട്ടിച്ചിരിക്കുന്നു. 

അങ്ങിനെ എന്നില്‍ നിന്നും ഓടിമറയുന്ന ദിവസങ്ങളെ നോക്കി യൊതൊരു തിരക്കുകളുമില്ലാതെയാണ് ഞാന്‍ നില്‍ക്കുന്നത്. കാരണം എനിക്കറിയാം എല്ലാം വരവേല്‍ക്കാനും എതിരേല്‍ക്കാനുമാണ് ധൃതി. പറഞ്ഞു വിടാന്‍ അതിന്റെയൊന്നും ആവശ്യമില്ല. സമയമാകുന്പോള്‍ അവ അകലുക തന്നെ ചെയ്യും. 

Thursday, May 9, 2019

എങ്ങിനെയെഴുതിയിട്ടും തീരാത്ത കഥ

ഉള്ളിലെവിടെയോ വലിയൊരു ആകാശം ഉണ്ട് ഇപ്പോൾ. പകലിലും, രാത്രിയിലും തെളിയുന്നൊരു ആകാശം ... നോക്കി നോക്കി വലുതായി പോയൊരു ആകാശച്ചെരുവിൽ ഞാനും.. നീയും ഉണ്ടെന്നു പറഞ്ഞത്. മറ്റൊരാളുടെ ആകാശ ചെരുവിലെ  ദേശാടന പക്ഷികളാണ്.. അവരിടക്ക് ചിറകുകകളെ മേഘങ്ങളാൽ മറച്ചു ആകാശങ്ങളിൽ നിന്നും ആകാശങ്ങളിലേക്കു പാലായനം ചെയ്യാറുണ്ടെന്നും...  പാതി വഴിയിൽ മറ്റാരുടെയോ ഭൂമിയിലേക്ക് വീണു പോകുന്നുണ്ടെന്നും ... പിന്നീട്  മഴനൂലുകളിൽ കുരുങ്ങി പിടഞ്ഞു ആകാശങ്ങളിലേക്കു യാത്ര തിരിക്കാറുണ്ടെന്നും ആരൊക്കെയോ... ആരോടൊക്കെയോ പറഞ്ഞിട്ടുണ്ടെത്രെ ....

മഴയായി മാറാത്ത മേഘങ്ങളാണ് ആകാശത്തിന്റെ ശാപം... അവർക്കു വയസ്സാകില്ല. എന്നും യൗവ്വനം . മഴയായി പോയ മേഘങ്ങളുടെ കഥയും, ആകാശങ്ങളില്ലാതെ പറന്നു പോയ പക്ഷികളുടെയും കഥകൾ അവരുടെ മേഘ ചുരുളുകളിൽ ആരോ ആലേഖനം ചെയ്തിട്ടുണ്ട്.... 

ആദിയുടെ  ചിത്രങ്ങളിൽ എല്ലാം ആകാശങ്ങളുണ്ട് . ഒരൂസം അവനെ മടിയിൽ ഇരുത്തി ചോദിക്കണം ആരുടെ ആകാശങ്ങളിക്കാണ്  കുഞ്ഞേ  നീയിങ്ങനെ എത്തി നോക്കുന്നത് എന്ന്.. അവൻ ചിലപ്പോ എന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു പുതിയ ക്രയോണുകളെ പറ്റി  പറയും.. പച്ച നിറത്തിലും, ചുവപ്പിലും നിറമുള്ള ആകാശങ്ങളെല്ലാം എവിടെയാണെന്നും അവൻ എന്നോട് ചോദിക്കും . ആകാശത്തിന്റെ നിറങ്ങളെല്ലാം കട്ടെടുത്ത നക്ഷത്രങ്ങളെ കുറിച്ച്  അവനോടു ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കഴിഞ ക്രിസ്തുമസിന്  പുൽക്കൂട് ഒരുക്കുമ്പോൾ അവൻ ചോദിച്ചിരുന്നു... ഈ നക്ഷത്രങ്ങളാണോ 'ദേവൂന്ന്



ആദി ... ആ നക്ഷത്രങ്ങൾക്ക് ജീവനുണ്ട്. ഒരിക്കൽ നിനക്കും കാണാൻ കഴിയും... അത്രയേ അന്ന് മറുപടി പറഞ്ഞുള്ളൂ ...നക്ഷത്രങ്ങളും ആകാശങ്ങളും  എനിക്കും ആദിക്കും ഇടയിൽ പെരുകി കൊണ്ടേ ഇരുന്നു.. അവന്റെ കുഞ്ഞു വലിയ ലോകത്തു നിറങ്ങളും ചോദ്യങ്ങളും ... കഥ പറഞ്ഞു പറഞ്ഞു പറഞ്ഞു ആദിയുടെ കൂടെ ഞാനും വലുതായി കൊണ്ടിരുന്നു .....

ഒരിക്കൽ പോലും അവൻ അവന്റെ അപ്പയെ കുറിച്ച്  ചോദിച്ചിട്ടില്ല. മുറിയിൽ പതിച്ച ഫോട്ടോകളിൽ നിറയെ ഞാനും അനന്തുവുമാണ് . അമ്മയുടെ കൂടെ ഫോട്ടോയിൽ കാണുന്നത് ആരാണെന്നു അവൻ എന്ത് കൊണ്ട് ചോദിക്കുന്നില്ല എന്ന് ഞാൻ ഇടയ്ക്കു ചിന്തിക്കും.. ആദി ഇപ്പോഴും നിറങ്ങളുടെ ലോകത്താണ്. സ്കൂളിൽ നിന്നും വന്നാൽ തന്നെ ക്രയോണുകൾക്കും വൈറ്റ് പേപ്പറുകൾക്കും ഇടയിലാണ്. ഞാൻ പറയുന്ന കഥകൾ  മൂളി കേൾക്കുന്ന ..വികൃതി കാണിക്കാത്ത  എന്റെ ആദിയെ കാണുമ്പോൾ ഞാൻ ചിന്തിക്കും അനന്തു ഇങ്ങനെയേ അല്ലെന്നു ...

സ്വന്തം ലോകത്തു നിന്ന് അവൻ വളരട്ടെ എന്ന് കരുതും .. ഇപ്പോൾ ആറു  വയസ്സായി . അടുത്ത കൊല്ലം കഴിഞ്ഞാ ഞങൾ അനന്തുവിന്റെ തറവാട്ടിലേക്ക് താമസം മാറും.  മണ്ണാർക്കാട്ക്ക്. ഇവിടെയുള്ള പത്രത്തിലെ ജോലിയെല്ലാം കളഞ്ഞിട്ടു പോകണം . നാട്ടിൽ ചെന്ന് വല്ല ഓണ്‍ലൈന്‍ പത്രത്തിലും ജോലി നോക്കണം .  അങ്ങനെയാണ് എന്റെ മനസ്സിൽ. കഴിഞ്ഞ ദിവസം അമ്മു വിളിച്ചിരുന്നു. നാട്ടിലെ വിശേഷങ്ങൾക്കിടയിൽ അവൾ പറഞ്ഞു .. അനന്തുവേട്ടന് ഒരു പെണ് കുഞ്ഞു പിറന്നു എന്ന് ...  കേട്ടതിൽ സന്തോഷം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി .. 

എട്ട് വര്ഷം എത്ര പെട്ടന്നാണ് കടന്നു പോയത് ... 
അനന്തുന്റെ അച്ഛനാണ് തറവാട് ആദി യുടെയും എന്റെയും പേരിൽ എഴുതി വെച്ചത്. ആദിയോട്  ഒരിക്കലും ഞാൻ ആ തറവാടിന്റെ പറ്റി  പറഞ്ഞിട്ടില്ല . നാളെയാണ് ഞങൾ അങ്ങോട്ടേക്ക് പോകുന്നത്. ട്രെയിനിൽ ഇരുന്നു വായിക്കാൻ പുസ്തകങ്ങൾ തപ്പുന്നതിനിടയിൽ അനന്ദുന്റെ ഒരു ഡയറി കിട്ടിയത്. എപ്പോളോ വായിച്ചിട്ടുണ്ട്. ആ ഡയറി കണ്ടപ്പോൾ മറ്റൊരു പുസ്തകവും പിന്നെ എടുക്കാൻ തോന്നിയില്ല. ആദിയുടെ ബാഗ് അവൻ തന്നെയാണ് പാക്ക് ചെയ്തത്. അധികം ഒന്നും എടുത്തില്ല. എനിക്കും അവനും കംഫോര്ട് ഉണ്ടെങ്കിൽ മാത്രെമേ നാട്ടിൽ ഇനി സ്ഥിര താമസമുള്ളൂ. അത് കൊണ്ട് തന്നെ അധികം ഒന്നും എടുക്കുന്നില്ല. കുറച്ചു ഡ്രെസും.. മറ്റു സാധനങ്ങളും മാത്രം. ട്രെയിൻ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു തന്നത് അമ്മുവാണ്. നാളെ രാവിലെ ഏഴേ പത്തിനാണ് ട്രെയിൻ. അവിടെ പാലക്കാട് നിന്ന് അമ്മുവും നന്ദനും വരും  റയിൽവേ സ്റ്റേഷനിൽ നിന്ന് കൂടി കൊണ്ട് പോകാൻ . തറവാട്ടിൽ ആരും തന്നെ ഇപ്പൊ ഇല്ല. ഇവിടെയും അവിടെയും ഞാനും ആദിയും മാത്രം. അച്ചന്‍ അനന്തൂന്റെ കൂടെ ദുബായില്‍ ആണ്. അമ്മ മരിച്ചിട്ട് വര്‍ഷം നാലു കഴിഞ്ഞു. 



ട്രെയിനിൽ കയറി കാറ്റടിച്ചപ്പോൾ ആദി ഉറങ്ങി . കാറ്റടി കിട്ടിയപ്പോ എനിക്കും ഉറക്കം വന്നു . രണ്ടു പേരും ഉറങ്ങിയപ്പോയാലുള്ള അപകടത്തെ പറ്റി  ഓർത്തു ഉറക്കത്തെ ആട്ടിയോടിക്കാൻ ശ്രമിച്ചു. അപ്പോളാണ് ഡയറിയുടെ കാര്യ  ഓര്മ വന്നത്. ബാഗിന്റെ ഏതോ കോണിൽ നിന്നും ഞാനതു വലിച്ചു പുറത്തെടുത്തു . കൊല്ലവർഷം രണ്ടായിരത്തി പത്തു. ഞങൾ വിവാഹിതരായ വര്ഷം. 

ഭാഗം 2

എനിക്ക് ഇരുപതു വയസ്സും അനന്തുനു  ഇരുപത്തി രണ്ടും . വീട്ടിൽ വേറെ കല്യാണ കാര്യം ആലോചിച്ചപ്പോളാ അനന്തുന്റെ അച്ഛനും അമ്മയും വന്നു സംസാരിച്ചത്. ആർക്കും എതിർപ്പില്ല . അമ്മുന്റെ കല്യാണം കഴിഞ്ഞിട്ടു മതി അനന്തുന്റെ എന്ന് മാത്രം. അല്ലെങ്കിൽ വേഗം ശരിയാവുകയാണെങ്കിൽ രണ്ടും ഒരു ദിവസം തന്നെ നടത്താമെന്നും കാർന്നവന്മാര് തീരുമാനിച്ചു . ആറു മാസം കഴിഞ്ഞപ്പോളേക്കും അമ്മുന്റെ കല്യാണം ശരിയായി. ആലപ്പുഴയിൽ നിന്ന്. വന്ന നന്ദന്റെ ആലോചന ശരിയായി എന്ന് 'അമ്മ അച്ഛനോട് പറയണത് കേട്ടതും ഞാൻ അനന്തു  വിളിച്ചു.  " എന്താ മാഷെ ഏതോ പെണ്ണിനെ കേറി കെട്ടാൻ പോകാന്നു നാട്ടുക്കാര്  ഗോസിപ്പ് പറയുന്നുണ്ടല്ലോ "... അപ്പോളേക്കും മറുപടി കിട്ടി .
ആ കെട്ടണം .. ഓള് നിക്കൊരു ബല്ല്യ കണ്ണും .. നല്ല മൊഞ്ചും ഒക്കെയുള്ള ഒരു പെൺകുഞ്ഞിനെ തരാന് പറയുമ്പോ ബേണ്ടാന്ന് ബെക്കനോ .. ഇജ്ജ്  പറ സെയ്താനെ .. ന്നു "



സിവിൽ എഞ്ചിനീയറിംഗി ൽ ഡിപ്ലോമ കഴിഞ്ഞ ഉടൻ  ജോലിക്കു വേണ്ടി അനന്തു ചെന്നൈക്കു പോയി. പക്ഷെ ആദ്യം കിട്ടിയത് ഒരു ഇൻഷുറൻസ് കമ്പനിയിലെ ജോലി ആണ്. ഞാൻ ആ സമയം പി.ജി ക്കു ജോയിൻ ചെയ്യണോ .. വേണ്ടയോ എന്ന ആശയകുഴപ്പത്തിലും . 

മകരത്തിൽ തന്നെ രണ്ടു വിവാഹങ്ങൾക്കും ഉള്ള മുഹൂർത്തം കുറിച്ചു . ലളിതമായ ചടങ്ങുകളോടെ ഉള്ള വിവാഹം . തറവാട്ടമ്പലത്തിൽ തന്നെ ആയിരുന്നു താലികെട്ട്. കല്യാണം കഴിഞ്ഞു ഒരാഴ്ചയേ നാട്ടിൽ നിന്നുളളൂ ലീവ് അധികം ഇല്ലാത്തതിനാൽ ചെന്നൈക്ക് പോയി. അധികം സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ചെറിയൊരെ ഫ്ലാറ്റ് . ഞാനും അനന്തുവും. ഞങളുടെ ലോകം. ഞങളുടെ മാത്രമായ പ്രണയം. കലഹം . അങ്ങനെ അങ്ങനെ മാസങ്ങൾ പോയി കൊണ്ടിരുന്നു. 

അവിടെ തന്നെയുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ അനന്തുനു ജോലി കിട്ടി. സാമ്പത്തികമായി ഞങൾ ഇത്തിരി മുന്നോട്ടു പോയി . അങ്ങനെ ഞാൻ പിജി ക്കു ജോയിൻ ചെയ്തു. ഞങൾ ബൈക്ക് ഒരെണ്ണം വാങ്ങി. കല്യാണം കഴിഞ്ഞു ഏഴുമാസമായി. ഞങളുടെ ചെറിയ തിരക്കുകൾ .നഗര തിരക്കുകളുമായി പൊരുത്തപ്പെട്ടു. ദീപാവലിയുടെ ലീവ് കിട്ടിയപ്പോൾ ഞങൾ നാട്ടിലേക്ക് പോയി. 


അവിടെ ചെന്നപ്പോളാണ് അറിയുന്നത് അമ്മുവിന് വിശേഷമുണ്ട്.  രണ്ടു മാസമായി . എന്നോട് അവൾ പറഞ്ഞില്ലല്ലോ എന്നോർത്തപ്പോ സങ്കടം തോന്നി. എന്റെ മുഖത്തെ വിഷമം കണ്ടിട്ടെന്ന പോലെ , അന്ന്  രാത്രി അനന്തു എന്റെ കാൽ വിരലുകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു "എനിക്കൊരു മാലാഖ കുഞ്ഞിനെ മതീന്ന് " അന്ന് രാത്രി മുഴുവൻ ഞങൾ കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞു. എനിക്ക് ആൺകുട്ടിയെ ആണ് കൂടുതൽ ഇഷ്ടം എന്നൊന്നും പറഞ്ഞില്ല അപ്പൊ. അനന്തുന്  പെട്ടന്ന് ദേഷ്യം വരും  എ പ്പോഴും സ്വന്തം ഇഷ്ടങ്ങൾക്കപ്പുറം ആരും ഒന്നും പറയുന്നത് ഇഷ്ടമല്ല. എന്നിട്ടും അനന്തുനെ മാത്രേ എനിക്കെന്നും പ്രണയിക്കാൻ കഴിഞ്ഞുള്ളു.

ഭാഗം 3


ഞാനും അമ്മുവും അനന്തുവും കളികൂട്ടുകാരാണ്.  ഞങ്ങള്‍ സമപ്രായക്കാരാണ്. ഞങ്ങളെക്കാൾ രണ്ടു വയസ്സ് കൂടുതലാണ് അനന്തുന് . അമ്മുവിന്റെ സഹോദരനായതിനാൽ ഞങളുടെ കൂടെ അനന്തുവും കൂടി . പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതം. ഒരേ സ്കൂളിൽ പഠനം . ചെറുപ്പം മുതലേ എല്ലാത്തിനോടും വാശി കാണിക്കുന്ന അനന്തുവിനോട് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്. കളിച്ചും കലഹിച്ചും വളർന്ന ബാല്യവും കടന്ന് കൗമാരത്തിന്റെ  തുടക്കത്തിലേക്കു ഞങ്ങളും വളർന്നു.



ആൺകുട്ടികളുടെ കൂടെ അനന്തു കൂട്ടുകൂടിയപ്പോള്‍ ഞാനും അമ്മുവും കൗമാരത്തിന്റെ രഹസ്യങ്ങളും കൗതുകങ്ങളും പങ്കുവെച്ചു . എവിടെയോ അനന്തുവിനും എനിക്കും ഇടയിൽ അകലം വന്നിരുന്നു. അധികം ഒന്നും സംസാരിക്കാറെ  ഇല്ല . അങ്ങനെ ഇരിക്കെ പത്താംക്ലാസ് പരീക്ഷയുടെ അവധിക്കാലത്തു. ഉച്ചയുറക്കം കഴിഞു ഞാൻ എണീറ്റ് വരുമ്പോൾ അനന്തു നിൽക്കുന്നു. ഇച്ചിരി പൊടി മീശ ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട് കക്ഷിക്ക്‌. കരിമഷി കലങ്ങിയ എന്റെ കണ്ണുകളെ നോക്കിയിട്ടു എന്നോട് ചോദിച്ചു "നീ എന്തിനാ കണ്ണെഴുതിയതു എന്ന് "...  എനിക്ക് കൗതുകവും ഒപ്പം ദേഷ്യവും വന്നു ..  അതിനു നിനക്കെന്താ .. ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും.എന് ഞാൻ തിരിച്ചു മറുപടി പറഞ്ഞു...അതിനു മുൻപ് നീ എഴുതാറില്ലല്ലോ. കണ്ണെഴുതാത്ത നിന്റെ കണ്ണുകളെയാണ് എനിക്ക് ഇഷ്ടം. " ഒന്ന് പോ ചെക്കാന്ന് പറഞ്ഞ് ഞാന്‍ ഓടി.

ഭാഗം 4

എന്റെയും അമ്മുവിന്റെയും പ്ലസ് വൺ  കാലം. ഓണം സെലിബ്രേഷന്റെ ഭാഗമായി ഞങൾ അന്ന് ആദ്യമായി സെറ്റുമുണ്ട്ച്ചുറ്റി . കൈ നിറയെ കരിവളകൾ ഇട്ടു . വൈകുന്നേരം വീട്ടിലേക്കു വരുമ്പോ ഞാൻ അമ്മുവിൻറെ വീട്ടിൽ കയറി. പെട്ടന്ന് അനന്തു മുറിയിൽ കയറി വന്നു. 
എന്തോ പറയുന്നതിനിടയിൽ അനന്തു എന്റെ കൈയ്യിൽ മുറുകെ പിടിച്ചു. കൈയ്യിലെ കുപ്പിവളകൾ പൊട്ടി എന്റെ കൈതണ്ട മുറിഞ്ഞു. അനന്തുന് എന്താ ഭ്രാന്താ എന്ന് ചോദിച്ച് ഞാൻ അലറി. 

പിന്നെ ഒരിക്കല്‍ ഞങ്ങളുടെ തറവാട്ടന്പലത്തിലെ തോറ്റംപ്പാട്ടിന്റെ അന്ന്. അമ്മൂനെ അന്വേഷിച്ച് ഞാന്‍ അച്ചാച്ചന്‍ കിടക്കണ റൂമിന്റെ അടുത്തേക്ക് പോയ എന്നെ ഇരുട്ടത്ത് പിന്നില്‍ക്കൂടെ വന്ന് പിടിച്ച് കറക്കിവിട്ടത് ഓര്‍ക്കുന്പോള്‍ ഇപ്പോളും വല്ലാത്ത വിറയലാണ് ഉള്ളില്‍..  

പിന്നെ എപ്പോഴാണ്.. അനന്തുന്റെ മാത്രമായി ഞാന്‍ എന്നെ മാറ്റിയെഴുതിയത്. തോറ്റംപ്പാട്ട് കഴിഞ്ഞ് പ്രസാദം വാങ്ങാന്‍ നിന്ന എന്നേം അമ്മൂനെയും അനന്തുവാണ് പുലര്‍ച്ചെ വീട്ടിലേക്ക് സൈക്കിളില്‍ കൊണ്ടാക്കിയത്. എന്നെ സൈക്കിളിന്റെ പിന്നിലും  ഇരുത്തി. അമ്മൂനെ മുന്പിലും,. അമ്മൂനെയാണ് ആദ്യം വീട്ടില്‍ ഇറക്കിയത്. എന്നെ കൊണ്ടാക്കിയത് ഗംഗാധരന്‍ വെല്ലിച്ചന്‍ വാങ്ങിയ പാടത്തിന്റെ അരികിലൂടെ വളഞ്ഞുപുളഞ്ഞു പോകണ മണ്‍വഴിയിലൂടെ.. നല്ല നിലാവും .. ആകാശത്ത് നക്ഷത്രങ്ങളും നിറഞ്ഞൊരു രാവായിരുന്നു അത്.  കുറച്ച് ദുരം കഴിഞ്ഞപ്പോള്‍ സൈക്കിള്‍ നിറുത്തി . എന്നോട് ഇറങ്ങാന്‍ പറഞ്ഞു. എന്നിട്ട് കൈനീട്ടാന്‍ പറഞ്ഞു. കൈനീട്ടിയ എന്റെ വലതുകൈയ്യുടെ മുട്ടിനുമുകളിലായി.. പട്ടുപാവടയുടെ ബ്സൈസിന്റെ കൈയ്യ് അവസാനിക്കുന്നതിനു താഴെ ബ്ലേഡുകൊണ്ട് ഒറ്റ വര. പേടിച്ചു വിറച്ച എന്നോട്അനന്തു പറഞ്ഞു   എന്നെ മറക്കാതിരിക്കാനാ.. ..
ദേവു ഇല്ലാണ്ട് നിക്ക് പറ്റില്ല.. എന്നെ വിട്ടു പോവേം അരുത്.. അതിനാ... അന്തം വിട്ടു നില്‍ക്കണ എന്റെ കൈയ്യിലൂടെ ചോര വാര്‍ന്നു ഒലിക്കണ കണ്ടപ്പോ.. മുണ്ടിന്റെ ഒരറ്റം കീറി മുറിവ് ഒപ്പി തരികയും ചെയ്തു. 

തിരിച്ചു വീട്ടിലെത്തിയിട്ടും എന്തൊക്കെയാണ് സംഭവിച്ചതെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. പിറ്റേന്ന് ക്ലാസിലിരിക്കുന്പോള്‍ അമ്മുവാണ് പറഞ്ഞത്. നിന്റെ കൈ മുറി‍ഞ്ഞിട്ടുണ്ടല്ലോ എന്താ പറ്റീതെന്നൊക്കെ.. ഹേയ് ഒന്നുമില്ലെന്നേ എന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.. പിന്നെ പിന്നെ ആ മുറിവിലേക്ക് നോക്കുന്പോളെല്ലാം വല്ലാത്ത ഒരു സന്തോഷമായിരുന്നു.. കുറച്ചൂടീ ആഴത്തില്‍ മുറിച്ചെങ്കിലെന്ന് പിന്നെ പിന്നെ തോന്നി തുടങ്ങി.. തോറ്റംപ്പാട്ട് കഴിഞ്ഞ്  നട തുറക്കലിന്റെ അന്ന് മുഖത്ത് നോക്കാന്‍ മടിച്ചു നിക്കണ അനന്തൂനെ കണ്ടപ്പോള്‍ പറഞ്ഞു.. 
കുറച്ചൂടെ ആഴത്തില്‍ മുറിക്കാമായിരുന്നില്ലേ നിനക്കെന്ന്..
പിന്നീടുള്ള നാളുകള്‍ മുറിവുകള്‍ തീര്‍ത്ത് അനന്തുവും.. വേദനയില്‍ ഞാനും ചേര്‍ന്ന് പരസ്പരം സ്നേഹിച്ചു..കലഹിച്ചു.. പ്രണയിച്ചങ്ങനെ കൂറേ ദൂരം പോയി..

ഭാഗം 5

ഓര്‍മ്മകള്‍ ഓടി കിതച്ചെത്തിയത് പാലക്കാടന്‍ കാറ്റിന്റെ തുഞ്ചത്താണ്. ട്രെയിന്‍ ഇറങ്ങുന്പോള്‍ അമ്മുവും നന്ദനും അമ്മുവിന്റെ മകള്‍ മാളവിക എന്ന് പേരിട്ട മാളുവും ഉണ്ടായിരുന്നു ഞങ്ങളെയും കാത്ത്  റെയില്‍വേ സ്റ്റേഷനില്‍. ആദി  പകുതി ഉറക്കത്തിലായിരുന്നാല്‍ ഞാനവനെ എടുത്ത് തോളിലിട്ടിരുന്നു. അപ്പോളേയ്ക്കും നന്ദന്‍ വന്ന്  ആദിയെ എന്റെ കൈയ്യില്‍ നിന്ന് വാങ്ങി കാര്‍ പാര്‍ക്ക് ചെയ്ത ഇടത്തേക്ക് നടന്നു. അമ്മു വന്ന് കെട്ടിപ്പിടിച്ചു ദേവൂ എന്ന്  വിളിച്ച് കുറച്ചു നേരം അങ്ങിനെ നിന്നു.. മാളൂനെ ഞാന്പി‍ എടുത്തു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അനന്തൂന്റെ മൂക്കാണ് മാളൂന്. കോപം കൊണ്ട് ചുവന്നു തുടുക്കാറുള്ള അതേ നീണ്ട മൂക്ക്.  യാത്രയില്‍   കുറച്ചു ദൂരം .. സാധാരണ കുശലാന്വേഷണങ്ങള്‍ നിറഞ്ഞ  സംഭാഷണങ്ങള്‍ മാത്രം. ആരും ആരുടെയും ഉള്ളിലേക്ക് ഇറങ്ങാന്‍ ഒരുങ്ങിയില്ല.

നേരെ ചെന്ന് കാര്‍  നിന്നത് തറവാട്ട് മുറ്റത്താണ്. ആദി കണ്ണ് ചിമ്മി എന്നെ നോക്കി. ഞാന്‍ അവന്റെ കൈ പിടിച്ച് വീട്ടിലേക്ക് കയറാന്‍ നിന്നപ്പോള്‍ അമ്മൂന്റെ പിന്‍വിളി.. അല്ലാ താക്കോലൊന്നും വേണ്ടേ

വീടിന്റെ ചവിട്ടുപടികള്‍  ഇറങ്ങിച്ചെന്ന് താക്കോലു വാങ്ങി തിരിച്ചു കയറുന്പോള്‍ നന്ദന്‍ പറഞ്ഞു. ഞങ്ങള്‍ ഇനി നിക്കണില്ല.. എല്ലാം അറേഞ്ച് ചെയ്ത് വെച്ചിട്ടുണ്ട്. ഡോണ്ട് വറി. 
നാളെ വൈകീട്ട് വരാം. കുറച്ച് തിരക്കുണ്ടെന്നും പറഞ്ഞ് അവര്‍ മടങ്ങി. അവിടെയെത്തിയപ്പോള്‍ എന്തോ കാഴ്ച്ചകള്‍ പലതും കാണാത്തതു പോലെ.. ശബ്ദം പോലും ഉള്ളിലെവിടെയോ കുടുങ്ങി കിടക്കണ പോലെ.. 

ചെന്ന് കയറുന്പോള്‍ ഏകദേശം രാത്രിയായിട്ടുണ്ടായിരുന്നു.  ഞങ്ങള്‍ വരുന്നൂ എന്ന് പറഞ്ഞ്  വീടൊക്കെ പണിക്കാരെ നിര്‍ത്തി വൃത്തിയാക്കിയിട്ടുണ്ട്. തറവാട്ടിലേക്ക് ആദിയുമായി ആദ്യമാണ്.  അനന്തൂന്റെ മുറിയാണ് കൂടുതല്‍ പരിചയം ഈ വീട്ടില്‍. ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ് ആദ്യമായി വന്ന് കയറിയതും. ഉറങ്ങിയതുമെല്ലാം ഈ മുറിയില്‍ തന്നെയായിരുന്നു. 

ട്രെയിനിലും കാറിലുമുള്ള യാത്രക്കിടയില്‍ ആദി നന്നായി ഉറങ്ങിയതുകൊണ്ട്. അവന്‍ പിന്നെ ഉറങ്ങിയില്ല. പുതിയ വീട്ടിലെ അപരിചിതത്വമാകാം എന്നോട് പറ്റിച്ചേര്‍ന്ന് ഒരേ നില്‍പ്പാണ്. 
ആരിലും പറ്റിച്ചേര്‍ന്ന് നില്‍ക്കാനാകാതെ അനന്തൂന്റെ ഓര്‍മ്മകളും മണവും തങ്ങിനില്‍ക്കുന്ന ഇവിടെ എത്ര നേരം ഇങ്ങനെ നില്‍ക്കാനാകുമെന്ന് ചിന്തിച്ച് അവശയായി പോകുന്നുണ്ടായിരുന്നു ഞാന്‍.പെട്ടന്ന് ആദിയെ പിടിച്ച് മടിയിലിരുത്തി.. കിടക്കയില്‍ കുറച്ചുനേരം അങ്ങനെ ഇരുന്നു.. ഉള്ളിലൊരു  കലഹം.. വിരഹം.. വേദനയെല്ലാം ഓരേ ചിതയിലടക്കി അങ്ങനെ നേരം പുലരുവോളം.. അതിനിടയില്‍ എപ്പോഴോ ആദിയും ഞാനും  മയങ്ങിപ്പോയിരുന്നു. 

 രാവിലെ.. പാല്‍ക്കാരന്റെ കോളിംഗ് ബെല്‍ കേട്ടപ്പോളാണ് ഞാന്‍ ഉണരുന്നത്. പെട്ടന്ന് എണീറ്റ് വാതില്‍ തുറന്ന് പാല്‍ വാങ്ങി വെച്ചു.     ഇരുട്ടത്ത് കണ്ടപ്പോലെയല്ല.. വീടാകെ മാറിയിരിക്കുന്നു. നേരെ അടുക്കളയില്‍ ചെന്നു പാല്‍ എടുത്ത് ഫ്രിഡ്ജില്‍ വെച്ചു. ഒന്നു കുളിച്ച് വന്ന് മുറിയില്‍ ചെന്ന് നോക്കുന്പോ ആദിയെഴുന്നേറ്റ് മുറ്റത്ത് ഇറങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.  എന്റെ കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കി അവന്‍ ചോദിക്കാ.... ഇത് ദേവൂന്റെ വീടാണോന്ന് ....  അതിനു മറുപടിയായിട്ട് ചുമ്മാ തലയാട്ടി നിന്നതേയുള്ളൂ..  നിന്റെ അപ്പയുടെ വീടാണിതെന്ന് പറയാന്‍ എന്തുകൊണ്ടോ തോന്നിയില്ല. 


ഭാഗം 6

നാട്ടിലേക്ക് പോയി ചെന്നൈയിലേക്ക്  തിരിച്ചെത്തിയതിന് ശേഷം ജോലിക്കാര്യങ്ങളുമായി അനന്തു തിരക്കിലായി. ഒരു സബ് എഡിറ്റര്‍ ട്രെയിനിയായി ജോലിക്കിട്ടി ‍ഞാനും ചെറിയ തിരക്കുകളുമായി അങ്ങനെ നീങ്ങി. അതിനിടയില്‍ ആദ്യത്തെ വെഡിംഗ് ആനിവേഴ്സറിയും ആഘോഷങ്ങള്‍ അധികം ഇല്ലാതെ കടന്നു പോയി. ഒരുദിവസം നന്ദന്റെ കോള്‍ വന്നു ..അമ്മു പ്രസവിച്ചു . പെണ്‍കുഞ്ഞാണ് എന്ന് പറഞ്ഞു.. .കുഞ്ഞിനെ കാണാന്‍ അനന്തൂന്റെ തിരക്കുകള്‍ കാരണം ഞാന്‍ തനിയെയാണ് പോയത്. അനന്തു വരാഞ്ഞതില്‍ അമ്മൂനും നന്ദനും വിഷമമായി.  ഞാന്‍ അന്നു തന്നെ മടങ്ങി. തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ അനന്തൂന്റെ കാര്‍ പുറത്ത് കിടക്കുന്നത് കണ്ടു. വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഹാളിലിരുന്നു മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്ന   അനന്തുവിനെയാണ് കണ്ടത്. ഞാനാകെ തളര്‍ന്നു പോയി. ഇതുവരെ അനന്തൂനെ ഞാനങ്ങനെ കണ്ടിട്ടില്ല. ഓടിച്ചെന്ന് തലയെടുത്ത് മടിയില്‍ വെച്ച് തട്ടി വിളിച്ചിട്ടും അനക്കം ഇല്ല. എത്ര തന്നെ വിളിച്ചിട്ടും അനന്തു കണ്ണ് തുറക്കാതെ കണ്ടപ്പോള്‍ വേഗം തന്നെ ആംബുലന്‍സ് വിളിച്ച്  ഹോസ്പിറ്റലില്‍ എത്തിച്ചു. അപ്പോള്‍ തന്നെ ഐ  .സി.യുവിലേക്ക് മാറ്റുകയും ചെയ്തു. നടുക്കം മാറാതെ ഞാനവിടെയുള്ല കസേരയിലേക്ക് വീണു. മുന്‍പ് അനന്തുവേല്‍പ്പിച്ച മുറിവുകളേക്കാള്‍ ആഴത്തിലെവിടെയോ മുറിഞ്ഞ് ചോരയൊഴുകും പോലെ..  എത്ര നേരം ആ മരവിപ്പില്‍ ഞാന്‍ ഇരുന്നെന്ന് അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്ന് പറഞ്ഞു. അപകടനില തരണം ചെയ്തു. 2 മണിക്കൂര്‍ കഴിഞ്ഞാ റൂമിലേക്ക് മാറ്റാം എന്ന്.    അയാള്‍  വിഷം കഴിച്ചിട്ടുണ്ട്.  കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍  എന്നും പറഞ്ഞ് നിര്‍ത്തി എന്നെ  ഒരു തീച്ചൂളയിലേക്ക് തളളിയിട്ടു കൊണ്ട് ഡോക്ടര്‍ ആ ആശുപത്രി വരാന്തയിലൂടെ നടന്നു നീങ്ങി. 

ഭാഗം 7
ആ ഐ.സി.യുവിന്റെ വാതിലിലേക്ക് നോക്കി നില്‍ക്കുന്പോളും എന്റെ മനസ്സില്‍ അനന്തൂ പുറത്ത് എവിടെയോ ആണ് എന്നാണ്. മനസ്സാകെ വെപ്രാളപ്പെടുന്നുണ്ടായിരുന്നു. അപ്പോഴും  ഉള്ളില്‍ അനന്തൂ എവിടെയാണ് എന്ന് ആരോ പതിയെ ചോദിക്കുന്നുണ്ടായിരുന്നു. ഒരു ദുസ്വപ്നം പോലെയെന്തോ ആണ് എനിക്ക് ചുറ്റും നടക്കുന്നത് എന്ന തോന്നല്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ഞാന്‍ ഏതോ വലയത്തിലേക്ക് അകപ്പെട്ട് വേഗത്തില്‍ കറങ്ങി കൊണ്ടിരിക്കുകയും പതിയെ ഞാന്‍ തന്നെ ആ വലയമാകുന്പോലെ എന്തൊക്കയോ സംഭവിക്കുന്നു. കണ്ണ് തുറക്കുന്പോള്‍ ഞാന്‍ ക്യാഷ്വാലിറ്റിയിലാണ്. നീല വിരിപ്പില്‍ കറങ്ങുന്ന ഫാനിനു താഴെ ഞാന്‍. തലയിലേക്ക് കയറിക്കൂടിയ ഭാരങ്ങള്‍ ഒഴിഞ്ഞ പോലെ..  എങ്കിലും അതിയായ വിങ്ങലില്‍ ഞാന്‍ കിടക്കുന്നു. എന്റെ അനക്കം കേട്ടു നഴ്സ് എത്തി.. എന്നാച്ച് അമ്മാ.. ഇന്ത മാതിരി സിറ്റുവേഷനില്‍ കൊഞ്ചം ധൈര്യമായിറുക്കേന്‍.   ഉന്‍ഗ ഹസ്ബന്റിനെ റൂമ്ക്ക് ഷിഫ്റ്റ് പണ്ണിയാച്ച്.  അങ്കെയാരുമേ ഇല്ലൈ.. റിലേറ്റീവ്സ് യാരാവത് ഇങ്കെയിറുക്കാ.. .. നഴ്സിന്റെ വര്‍ത്തമാനത്തില്‍ നിന്നാണ് കഴിഞ്ഞ മണിക്കൂറുകളിലായി സംഭവിക്കുന്ന കാര്യങ്ങള്‍ ഹൃദയത്തിലേക്ക് പാഞ്ഞു കയറിയത്. 

പെട്ടന്ന് എന്തൊക്കെയോ ഓര്‍മ്മവന്ന് അനന്തൂ എന്ന് പറഞ്ഞ് റൂമിലേക്ക് ഓടി.. വാതില്‍ തുറന്നതും അനന്തു കിടക്കുന്നു.. ദേവൂ ദേവൂന്ന് ഉറക്കത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ശബ്ദം കേട്ടപ്പോള്‍ പതിയെ എനിക്ക് ജീവന്‍ വെച്ചത് പോലെ തോന്നി.   ഞാന്‍ പതിയെ അനന്തൂനോട് ചേര്‍ന്ന് നിന്നു.. വിരലില്‍ പിടിച്ച് പതുക്കെ വിളിച്ചു.. അനന്തു.. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍  പതിയെ കണ്ണ് തുറന്ന്  എന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു ..ദേവു ന്നെ മറന്നൂലേന്ന്

പെട്ടന്ന് ഒരടി കിട്ടിയ പോലെയായിരുന്നു. അനന്തൂന്റെ തിരക്കുകള്‍ക്ക് ഞാനായിരുന്നു സ്വയം മാറി നിന്നു കൊടുത്തത്. എന്നിട്ടും ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം എന്ന് എനിക്ക് പിടികിട്ടിയില്ല.. എന്നിട്ടും ഒരു ഇടര്‍ച്ചയില്ലാതെ ഞാന്‍ ചോദിച്ചു.    എന്തിനാ നീയത് ചെയ്തത്.
മറുപടി ഒരു പതിഞ്ഞ ചിരിയായിരുന്നു. ആ ചിരി പോലും ഞാനന്റെ ആദിയില്‍ കണ്ടിട്ടില്ലായിരുന്നു. അവന് വിഷാദഭാവമാണ്. എനിക്കോ അനന്തൂനോ ഇല്ലാതിരുന്ന ഒരു ഭാവം. 

ഭാഗം8

ഹോസ്പിറ്റലില്‍ നിന്ന് നേരെ വീട്ടിലെത്തും വരെ കഴിഞ്ഞ കാര്യങ്ങളെ പറ്റി ഞാന്‍ അനന്തൂനോട് ഒന്നും തന്നെ ചോദിച്ചിരുന്നില്ല. ജോലിയിക്ക് ലീവ് പറഞ്ഞ് അത്രയും ദിവസം കൂടെ തന്നെ നിന്നു. ഹോസ്പിറ്റലില്‍ നിന്ന് തിരിച്ചെത്തിയ അനന്തൂ പഴയ പോലെ ആയിരുന്നില്ല. മാനസീകമായ വല്ലാത്ത അകലം വന്നു തുടങ്ങിയിരുന്നു ഞങ്ങള്‍ക്കിടയില്‍. ശരീരത്തിന് നല്ല ക്ഷീണം ഉള്ളതിനാല്‍ പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തിട്ടാകാം സംസാരം എന്ന് ഞാനും കരുതി. ഏകദേശം ഒരുമാസം എടുത്തു. പഴയ പ്രസരിപ്പിലേക്ക് തിരിച്ചു വരാന്‍. ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടയില്‍ പതുക്കെ ചോദിച്ചു. എന്തിനാ നീയത് ചെയ്തത്. കുറച്ചു നേരത്തെ മൗനത്തിന് ശേഷം അനന്തു പറഞ്ഞു.. നമുക്കിടിയിലെ പ്രണയം മരിച്ചു പോയിരിക്കുന്നു. അതു തുടരാനോ അവസാനിപ്പിക്കാനോ എനിക്ക് കഴിയുന്നുമില്ല. നമുക്ക് പിരിയാം. 
ഏറെ നേരത്തെ മൗനത്തിനൊടുവില്‍ പകലിലേക്ക് ഞാനിറിങ്ങി. അനന്തു ഉറങ്ങുകയാണോ എന്നറിയില്ല. അനേഷിച്ചിതുമില്ല. ഇനി മരണവും ശൂന്യതയുമായി എന്റെ രാപ്പകലുകള്‍ എന്നിലേക്കു തന്നെ ചുരുങ്ങും എന്ന ബോധ്യം ഉണ്ടായിരുന്നു. 

ഭാഗം -9
അനന്തുവിന്റെ അടുത്ത് നിന്ന് ഉടുത്ത വേഷത്താലേ ഇറങ്ങിയിട്ടു രണ്ട് ദിവസമായി. കൂടെ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ 
 ആഗ്നയാണ് വഴിയില്‍ വെച്ച് എന്നെ കണ്ടിട്ട് പന്തിയല്ലാന്ന് തോന്നി അവളുടെ ഫ്ലാറ്റിലേക്ക് കൂടെ കൂട്ടിയത്. അവള്‍ ഒന്നും ചോദിച്ചതുമില്ല. ഞാന്‍ ഒന്നും പറഞ്ഞതുമില്ല. എന്നെ പൂര്‍ണമായും അവള്‍ സ്വതന്ത്രയാക്കി. ഉള്ളില്‍ മുറിവുകള്‍ പെരുകുകയായിരുന്നു. ആത്മഹത്യക്കപ്പുറത്തേക്ക് എനിക്കെന്നെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു അന്നേരം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം . മുറിയിലേക്ക് കയറി വന്ന ആഗ്ന എന്നോട് ചോദിച്ചു. എന്താ പറ്റിയതെന്ന്. ഒരു കരച്ചിലിനപ്പുറത്തേക്ക് ഒന്നും പറയാനായില്ല. രണ്ടാഴ്ച്ചയിലെ കരച്ചിലിനും മൗനത്തിനും ഒടുവില്‍ ജോലിയിലേക്ക് കയറി. അനന്തു എന്ന വാക്ക്  നാവ് ഉച്ചരിച്ചില്ല പിന്നെ. പക്ഷേ ആദി വരുന്നുണ്ട് എന്ന് എന്റെ ശരീരം എന്നോട് പറയാന്‍ തുടങ്ങിയിരുന്നു. അത് ഒന്ന് മാത്രമാണ് പിന്നെ ജീവിതത്തെ മുന്നോട്ട് കൊണ്ടു പോയത് സത്യത്തില്‍. ആരെയും ഒന്നും അറിയിക്കാനോ നാട്ടിലേക്ക് മടങ്ങാനോ സത്യത്തില്‍ തോന്നിയിരുന്നില്ല. എന്തോ ആണ്‍കുട്ടിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പെണ്‍ക്കുട്ടി ആയാല്‍ മനസ്സ് അനന്തുവിലേക്ക് ചായും. പെണ്‍കുഞ്ഞ് വേണമെന്ന് ഒരുപാട് ആഗ്രഹിച്ചതല്ലേ.. തിരിച്ചൊഴുക്കുകള്‍ ഇനി വേണ്ട എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. 

ഭാഗം 10

നാട്ടില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എല്ലാം ഓരോന്ന് പറഞ്ഞ് ഒഴിവാക്കിയും നുണ പറഞ്ഞും പിടിച്ചു നിന്നു. ഒന്പതാം മാസം വരെ ആഗ്നമാത്രമാണ് കൂട്ടായിരുന്നുള്ളൂ..  ആദിയെ ഏറ്റുവാങ്ങിയതും അവളായിരുന്നു. ഫ്ലാറ്റിലേക്ക് മാറിയപ്പോള്‍ ഒരു സ്ത്രീയെ നിറുത്തി.  പ്രസവം കഴിഞ്ഞ് ഒരാഴ്ച്ചയായി കാണും നാട്ടില്‍ നിന്നും അനന്തൂന്റെ അച്ചന്‍ എന്നെ കാണാന്‍ വന്നു.  ഞാനാകെ ഷോക്കായി പോയി. അപ്രതീക്ഷിതമായിരുന്നു ആ വരവ്. അച്ചനെ കെട്ടിപിടിച്ച് ഞാനന്ന് ഒരുപാട് കരഞ്ഞു. അച്ചനും കരഞ്ഞു. ആദിയെ എടുത്ത് മടിയില്‍ വെച്ച് അവന്റെ കവിളില്‍ ചുംബിച്ചു. എന്നോട് ഒപ്പം വരാന്‍ ഒരുപാട് നിര്‍ബന്ധിച്ചു. തല്‍ക്കാലം ഇങ്ങനെ ഒരു വിഷയം ആരും അറിയണ്ട എന്ന് പറഞ്ഞു ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ചു.  അന്ന് അച്ഛന്‍ പടിയിറങ്ങി പോയത് എനിക്ക് ഇനി ഇങ്ങനെ ഒരു മകന്‍ ഇല്ലെന്ന് പറഞ്ഞാണ്. പക്ഷേ പിന്നെ ആദി ഉണ്ടായതും മറ്റും അച്ഛന്‍ പറഞ്ഞ് വീട്ടുക്കാരും നാട്ടുകാരും അറിഞ്ഞു. എന്റെ അച്ചനും അമ്മയും എല്ലാ കാര്യങ്ങളും അറിഞ്ഞ് ചെന്നൈയിലേക്ക് വന്നു. അനന്തൂനെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പറ്റിയില്ല. താമസ സ്ഥലത്ത് നിന്ന് വെക്കേറ്റ് ചെയ്തെന്ന് പിന്നീട് അറിഞ്ഞു.  അച്ചനും അമ്മയും  എന്നെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ ഒരുപാട് ശ്രമിച്ചു, എല്ലാം മറക്കാന്‍ എനിക്കൊരു ജോലി വേണമെന്ന ശാഠ്യമായിരുന്നു എനിക്ക്. അതുകൊണ്ട് അവിടെ തന്നെ പിടിച്ചു നിന്നു. ആദിയ്ക്ക് ഒന്നര വയസ്സുവരെ എല്ലാ  മാസത്തിലും അനന്തൂന്റെ അച്ചന്‍ ഇടയ്്ക്ക് വരും. അപ്പൂപ്പന്റെ കൂടെ ഇരിക്കാന്‍ ആദിയ്ക്കും ഇഷ്ടമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വയസ്സായതിന്റെ വല്ലായ്മകള്‍ കൂടിയപ്പോളാണ് പിന്നെ വരവ് നിന്നത്. 

വല്ലപ്പോഴും എന്റെ അച്ചനും അമ്മയും വന്ന് നില്‍ക്കാറുണ്ടായിരുന്നു. അമ്മുവും നന്ദനും ഒരിക്കല്‍ വന്നു. ആദിയുടെ ആദ്യ പിറന്നാളിന്. അനന്തുവേട്ടന്‍ എന്നും പറഞ്ഞ് അമ്മു ഒരുപാട് കരഞ്ഞു. ഞാന്‍ വളരെ നിസംഗതയോടെ അത് കണ്ടിരുന്നു. പിന്നെ പിന്നെ ദിവസങ്ങള്‍ അതിവേഗം പാഞ്ഞു. ഞാനും ആദിയുമായി ഓരോ ദിവസങ്ങള്‍ ‍ഞങ്ങളിലൂടെ കഴിഞ്ഞു പോയി. ആദിയ്ക്ക രണ്ട് വയസ്സായി കാണും . അനന്തൂന്റെ ഒരു ലെറ്റര്‍ എന്റെ ഓഫീസ് അഡ്രസിലേക്ക് വന്നു. വലിയൊരു കത്തായിരുന്നില്ല. സോറി. എന്നും ഐ വാന്റ് ടു മീറ്റു യു. ഐ കാന്റ് ലിവ് വിത്ത് ഒൗട്ട് യു  എന്നൊക്കെയായിരുന്നു. ആ അഡ്രസിലേക്ക് അന്നു തന്നെ  മറുപടി അയച്ചു. ലെറ്റ് മീ ഫ്രീ.. താങ്ക്സ് . അത്രമാത്രം.


ഭാഗം 11

 പാലക്കാട്  വന്നതിന്റെ രണ്ടാമത്തെ ദിവസം. അമ്മൂന്റെ ഫോണ്‍ കോള്‍ വന്നു. മാളൂന് സുഖം ഇല്ല. പനിയാണെന്നും ഹോസ്പിറ്റലില്‍ അഡ്മിറ്റാണ് എന്നും  പറഞ്ഞു. ഞാന്‍ ആദിയേയും കൂട്ടി  ഹോസ്പിറ്റലില്‍  പോയി. പാവം മാളു. അവള്‍ അമ്മൂന്റെ തോളില്‍ തന്നെ വാടിയൊടിഞ്ഞ് കിടപ്പാണ്. ദേ ആദിയേട്ടന്‍ വന്നിരിക്കുന്നു എന്നൊക്കെ പറഞ്ഞ് അമ്മു അവളെ ഉഷാറാക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. കുഞ്ഞ് ഒരേ കിടപ്പാണ്. ഡോക്ടര്‍ എന്ത് പറഞ്ഞു എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പേടിക്കാനൊന്നും ഇല്ല. രക്തത്തില്‍  ഇന്‍ഫെക്ഷന്‍  കൂടുതലാണ്. അതാണ് ഇങ്ങനെ വന്നത് എന്നാ പറഞ്ഞത്. പനി മാറാന്‍ കുറച്ച് ദിവസം പിടിയ്ക്കും എന്നും  പറഞ്ഞത്ര ഡോക്ടര്‍. അമ്മു വല്ലാതെ ഭയന്നിട്ടുണ്ട്. നന്ദനും നല്ല വിഷമമുണ്ട്. നന്ദനോട് വീട്ടിലേക്ക് പോയി ഒന്ന് ഫ്രഷായി വരാന്‍ നിര്‍ബന്ധിച്ചപ്പോള്‍ നന്ദന്‍ മനസ്സിലാമനസ്സോടെയാണ് പോയത്. പിന്നെ ഞാനും അമ്മുവും ആദിയും കൂടി അവിടെ ഇരുന്നു. ആദി മാളൂന്റെ അടുത്ത് നിന്ന് മാറാതെ അവളുടെ കൈ പിടിച്ചു നോക്കിയും അവളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കാണ്. ഞാനും ഒരു കസേര നീക്കിയിട്ട് മാളു കിടക്കണ കട്ടിലിനരികില്‍ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞ് നഴ്സ് വന്ന് നോക്കിയിട്ട് പറഞ്ഞു. പനി കുറവുണ്ട് എന്ന്. നന്ദനോട് വിളിച്ച് വിവരം പറഞ്ഞ് അന്ന് ഞാനവിടെ തന്നെ നിന്നു. മാളൂന് നന്നേ പനി കുറഞ്ഞു തുടങ്ങിയിരുന്നു. . പിറ്റേന്ന് രാവിലെ ഡോക്ടര്‍ വന്ന് ഡിസ്ചാര്‍ജ് ചെയ്തു. പക്ഷേ ബില്ലൊക്കെ അടച്ച് വൈകുന്നേരമായപ്പോളാണ് ആശുപത്രിയില്‍ നിന്ന് തിരിക്കാന്‍ പറ്റിയത്. നേരെ പോയത് അമ്മൂന്റെ വീട്ടിലാണ്. അവിടെ നന്ദന്റെ അമ്മ മാത്രമേ ഉള്ളൂ.. ഞങ്ങള്‍ക്ക് അവിടെ ഒരു മുറി ഒരുക്കി തന്നിരുന്നു അമ്മു. പിറ്റേന്ന് തന്നെ ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങാന്‍ നേരം നന്ദന്‍ പറഞ്ഞു. കാറെടുത്തോളൂ എന്ന് . ഞങ്ങള്‍ക്ക് അത്യാവശ്യത്തിന് ബൈക്ക് ഉണ്ട്. എന്തായാലും കുറച്ച് സ്ഥലങ്ങളിലേക്ക് ഒക്കെ പോകണം എന്ന് കരുതിയതിനാല്‍ വേണ്ട എന്ന് പറഞ്ഞില്ല. കീ വാങ്ങിച്ച് വണ്ടിയെടുത്തു. ആദിയോട് പിന്നില്‍ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു. അമ്മൂന്റെ വീട്ടിലേക്കുള്ല വഴികളെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്നവയാണ്. പിന്നെ നാട്ടിലെ റോഡുകളിലുള്ള ഡ്രൈവിംഗ് അത്ര പരിചയവും ഇല്ല. ട്രാഫിക് ബ്ലോക്ക്   കുറച്ച് ബുദ്ധിമുട്ടിച്ചെങ്കിലും ഞങ്ങള്‍ ഉച്ചയോടെ വീടെത്തി. ആദിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു. വേഗം തന്നെ ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന മാവെടുത്ത് ദോശ ഉണ്ടാക്കി കൊടുത്തു. കുറച്ച് ദിവസത്തെ യാത്രകള്‍ കാരണം നല്ല ക്ഷീണം തോന്നി. ഞാനും ആദിയും കുറച്ച് നേരം കിടന്നു ഉറങ്ങി. 

ഭാഗം 12

ആദിയ്ക്ക് കടലു കാണണമെന്ന ഓരേ വാശി. ഒരു ദിവസം ഞങ്ങള്‍ കടലു കാണാന്‍ പോയി. അസ്തമയ സൂര്യന്‍ പതിയെ ആഴക്കടലിലേക്ക് പോകും നേരം ആദി ചോദിച്ചു അപ്പ എവിടെയാ ദേവൂന്ന് .. ഞാനാകെ ഞെട്ടി പോയി. ഇത്രയും നാള്‍ ചോദിക്കാതിരുന്ന ഒരു ചോദ്യം. സൂര്യനൊപ്പം ഞാനും അന്നേരം കടലിനടിത്തട്ടിലേക്ക് ആഴ്ന്നു പോയി.   അറിയില്ല എന്ന് മാത്രം മറുപടി പറഞ്ഞു. ഇറ്റസ് ഓക്കെ ദേവു എന്നു മാത്രം അവനും പറഞ്ഞു. അന്ന് വീടെത്തും നേരം ഞാനും ആദിയും പരസ്പരം ഒന്നും സംസാരിച്ചില്ല. പിറ്റേന്ന് നേരം വെളുത്ത് പതിവില്ലാതെ ഞങ്ങള്‍ അന്പലത്തിലേക്ക് പോയി. എന്റെയും അനന്തുവിന്റെയും കല്ല്യാണം നടന്ന ക്ഷേത്രമായിരുന്നു അത്. അവിടെ പോയി തൊഴുതപ്പോള്‍ എന്തോ അനന്തൂനെ ഓര്‍മ്മ വന്നു. ഓര്‍മ്മ വന്നു എന്ന് പറയുന്നത് ശരിയല്ല. മറന്നിരുന്നെങ്കില്‍ അല്ലേ എന്ന് മനസ്സിനോട് തന്നെ ഉത്തരം പറഞ്ഞ് പറഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്. ആദിയ്ക്കും ആ ക്ഷേത്രം വല്ലാതെ ഇഷ്ടമായി. തിരിച്ച് വീട്ടില്‍ എത്തുന്പോള്‍ വീട്ടുമുറ്റത്ത് ഒരു കാര്‍ . ആരാകും എന്ന ആകാംക്ഷയില്‍ നില്‍ക്കുന്പോള്‍ ഡോര്‍ തുറന്ന് നന്നേ മെലിഞ്ഞ ഒരാള്‍. സൂക്ഷിച്ച് നോക്കിയപ്പോളാണ് മനസ്സിലായത് അത് അനന്തു ആണെന്ന്. ആകെ ഒരു മരവിപ്പ്.. ഇതു പോലൊരു സീന്‍ മുന്‍പെങ്ങോ ഭാവനയില്‍ കണ്ടിരുന്നെങ്കിലും ഇത്രയ്ക്ക് പെട്ടന്ന് സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല.

അല്‍പ്പം കൂടി മുന്നോട്ട് പോയി നിന്നു. കണ്ണ് നിറഞ്ഞിരുന്നത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചത് വിജയിച്ചെങ്കിലും ദേവൂ എന്ന അനന്തൂന്റെ വിളിയില്‍ ആകെ പതറി പോയി. വരൂ.. അകത്തേക്ക് വരൂ.. എന്ന് മാത്രം പറഞ്ഞു വാതില്‍ തുറക്കാനായി ശ്രമിച്ചു. അതിനിടയില്‍ ഫാമിലിയെ കൊണ്ട് വന്നില്ലേ എന്നും ചോദിച്ചു. മറുപടിയായി ഒന്നും പറഞ്ഞില്ല. എന്നോട് പറ്റി ച്ചേര്‍ന്ന് നില്‍ക്കുന്ന ആദിയെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. വാതില്‍ തുറന്ന് അകത്തേക്ക് കടന്നപ്പോള്‍ അനന്തു മാത്രം അവിടെ തന്നെ നിന്നു.
മുഖത്തേക്ക് ശ്രമപ്പെട്ട് നോക്കിയ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞത് ഇടര്‍ച്ചകളോടെയായിരുന്നു. ആദിയുടെ മുന്നില്‍ മുട്ടുക്കുത്തി നിന്നിട്ട് അവനോട് പറഞ്ഞു മോനേ.. 
ഞാന്‍ നിന്റെ അച്ഛനാണ്.   ആദി നിസംഗതയോടെ എന്നെ നോക്കി.  
ഒന്നും മിണ്ടാതെ നില്‍ക്കുന്ന എന്നെയും ആദിയേയും മാറി മാറി നോക്കി ആദിയുടെ നെറുകയില്‍ ചുംബിച്ച് അനന്തു  അപ്പോള്‍ തന്നെ ഇറങ്ങിപ്പോയി. 
സ്വപ്നമോ യാഥാര്‍ത്ഥ്യമാണോ എന്നറിയാതെ നില്‍ക്കാനേ അന്നേരം കഴിഞ്ഞുള്ളൂ. പക്ഷേ
ഒന്നുറപ്പായിരുന്നു.ഞങ്ങളുടെെ ജീവിതത്തിലേക്ക്  ഇനിയൊരു തിരിച്ചുവരവ് അനന്തുവിന് ഉണ്ടാകില്ല. അതറിഞ്ഞതു കൊണ്ടാകാം ആദി പറഞ്ഞത് അപ്പയ്ക്ക് നല്ല സങ്കടം ഉണ്ട് ദേവൂ.. ദേവൂന് വെഷമാവുന്ന് വെച്ച് കാണിക്കാത്തതാാ.. 
വെറുതെ ഒന്ന് മൂളുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ.. പക്ഷേ
ഉള്ളില്‍ ഭ്രാന്തമായ ആവേശത്തോടെ അനന്തു വന്നനെ മുറിപ്പെടുത്തുകയായിരുന്നു എന്നത്തേയും പോലെ.. 

ഭാഗം 13

പിറ്റേന്ന് ഞങ്ങള്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അതിഥിയുണ്ടായിരുന്നു. ഗായത്രി. അനന്തുവിന്റെ ഇപ്പോഴത്തെ ഭാര്യ. വളരെ ഓമനത്തമുള്ള ഒരു മുഖമായിരുന്നു ഗായത്രിയുടേത്. കൂടെ 1 വയസ്സു പ്രായമുള്ള അവരുടെ മകള്‍ ഗൗരിയും ഉണ്ടായിരുന്നു. ഗൗരിയുടെ കണ്ണും മൂക്കുമെല്ലാം അനന്തുവിന്റേതു പോലെയാണ്. 
അന്യതാബോധം ഒട്ടും ഇല്ലാതെയാണ് ഗായത്രി പെരുമാറിയത്. ദേവു ചേച്ചി എന്ന് വിളിച്ചാണ് സംസാരിച്ചു തുടങ്ങിയത്. എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു. എല്ലാം വെറുതേ കേട്ടിരുന്നു. ഗൗരിയെ എടുക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഗായത്രിയുടെ കൈയ്യില്‍ നിന്നും വരാന്‍ കൂട്ടാക്കിയില്ല. പിന്നെ ഞാനാ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ഗായത്രിക്ക് പറയാന്‍ ഒരുപാടുണ്ടായിരുന്നെന്നു തോന്നി, പക്ഷേ എനിക്കൊന്നും തന്നെ കേള്‍ക്കണം എന്ന് തോന്നിയില്ല. ആദി ഗൗരിയുടെ അടുത്ത് അടുക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ അത് വിജയിക്കുകയും ചെയ്തു. അവന്റെ അടുത്തേക്ക് ഗൗരി വേഗം ഇണങ്ങി. ഞാന്‍ ചായ എടുക്കാം എന്ന് പറഞ്ഞ് ധൃതി വെച്ചപ്പോള്‍ ഗായത്രി പറഞ്ഞു. അനന്തുവേട്ടന്‍ ഇവിടെ വന്നിരുന്നല്ലേ എന്ന്.
ഊം എന്ന് മൂളി ഞാന്‍ അടുക്കളയിലേക്ക് പോയി. ചായ ഉണ്ടാക്കുന്നതിനിടയ്ക്കും ഗായത്രി വന്ന് എന്റെ അടുത്തേയ്ക്ക് ചേര്‍ന്നു നിന്നു. ചേച്ചി ഞാന്‍ വന്നത് വെറുതയല്ല. അനന്തുവേട്ടന്റെ ആശുപത്രിയിലാണ്. ഇന്നലെ ചേച്ചിയെ കണ്ടു മടങ്ങുന്പോള്‍ ഒരു ആക്സിഡണ്ട്. ഒരല്‍പ്പം സീരിയസാണ്. ചേച്ചിയെ കാണണം എന്ന് പറയുന്നു. അത് പറയാനാണ് ഞാനിവിടെ വന്നതെന്ന് പറഞ്ഞ് നിര്‍ത്തിയതും ഗായത്രി എന്നെ കെട്ടിപിടിച്ച് കരയാന്‍ തുടങ്ങി. കുറച്ച് നേരത്തെ മരവിപ്പുകള്‍ക്ക് ശേഷം ഞാന്‍ പറഞ്ഞ്. 
ഞാന്‍ വരാം ഗായത്രി. എനിക്ക് കാണണം. 


ഭാഗം 14

ആശുപത്രിയിലെ ശീതീകരിച്ച മുറിയില്‍ അനന്തു. ആദിയെ ഗായത്രിയുടെ അടുത്താക്കി ഞാനാ റൂമിലേക്ക് കയറി. നിറയെ മുറിവുകളുണ്ടായിരുന്നു അനന്തൂന്റെ 
ദേഹത്ത്. പണ്ട് എന്റെ ദേഹത്ത് ഉണ്ടാക്കിയ മുറിവിനേക്കാള്‍ ആഴത്തിലുള്ളത്. കാല്‍പ്പെരുമാറ്റം കേട്ട് എന്നെ നോക്കിയപ്പോഴേയ്ക്കും ദേവൂ എന്ന് പതുക്കെ വിളിച്ചു. അടുത്ത് ചെന്ന് ഇരുന്നു. എനിക്ക് എന്തോ ഒന്ന് തൊടാന്‍ പോലും തോന്നിയില്ല. അടുത്ത് വളരെ അപരിചിതയെ പോലെ തന്നെയാണ് ഇരുന്നത്. വല്ലാതെ മാറി പോയിരിക്കുന്നല്ലോ അനന്തൂന്റെ രൂപവും ഭാവവും എന്ന് തോന്നിയെങ്കിലും പറഞ്ഞില്ല. കുറേ നേരത്തെ മൗനത്തിനും അതിനിടയിലൂടെ പായുന്ന ഞങ്ങളുടെ ശ്വാസോ‍ച്ഛാസങ്ങള്‍ക്ക് വിരാമമിട്ട് അനന്തു ചോദിച്ചു. നമ്മുടെ മകനെവിടെ ദേവൂന്ന്.. പിന്നെ പതിഞ്ഞ സ്വരത്തില്‍ വീണ്ടും അവനെന്നെ അറിയോ. ഊം  എന്ന് മൂളിയതല്ലാതെ വേറെ ഒന്നും തന്നെ പറഞ്ഞില്ല. 
തിരിച്ച് ഒരു ചോദ്യവും ചോദിക്കണമെന്നുണ്ടായിരുന്നില്ല. ജീവിതം ഞങ്ങള്‍ക്കിടയിലൂടെ ജീവിക്കുന്നുണ്ടായിരുന്നു. ആരുമറിയാതെ. ഇന്നും എനിക്കും അനന്തുവിനുമിടയില്‍ ആരും തന്നെ വന്നിട്ടില്ല എന്ന് വിശ്വസിക്കാനായിരുന്നു എനിക്ക് ഇഷ്ടം. അല്ലെങ്കില്‍ അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നതും. എന്താ ഒന്നും മിണ്ടാത്തത്  എന്ന ചോദ്യം കേട്ട് അനന്തൂന്റെ മുഖത്ത് നോക്കുന്പോള്‍ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. ഹേയ് ഒന്നും ഇല്ല. വേദനയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തിരിച്ച് ഒരു മൂളല്‍ മാത്രമായിരുന്നു മറുപടി. 

ഇടമില്ലാത്ത തൊഴിലിടങ്ങള്‍


ഫോര്‍ പി.എം ന്യൂസില്‍ വന്നിട്ട് ഏകദേശം 2വര്‍ഷമാകുന്നു. ജേണ്‍ലിസം കോഴ്സൊക്കെ പഠിച്ചിട്ട് നീ എന്താണ് ചെയ്തിട്ടുള്ളത് എന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഒരുത്തരവും ഇല്ല. കുറച്ച് കോപ്പി പേസ്റ്റ് ന്യൂസുകളും പിന്നെ പെലിപ്പിച്ച് വര്‍ണ്ണിച്ച് ചിലരെ കുറിച്ചുള്ള ഫീച്ചറുകളും മാത്രം. അതില്‍ ബൈ ലൈന്‍ എന്നത് ഒട്ടും തൃപ്തികരമല്ലാത്ത രീതിയില്‍ സൈഡിലേ താഴയോ ഒക്കെയായി വന്നത് നോക്കുന്പോള്‍ എനിക്ക് തന്നെ തോന്നും അതിന് നീ ഇതില്‍ എന്ത് തേങ്ങയാണ് ചെയ്തിട്ടുള്ളതെന്ന്.  അങ്ങനെ പോകുന്നു ജോലി സമയങ്ങള്‍.  സജിത മഠത്തിലിനെയാണ് ഞാന്‍ ഒറ്റയ്ക്ക് ചെന്നു ഇന്റര്‍വ്യു എടുത്തിട്ടുള്ളത്. പിന്നെ കൃഷ്ണപ്രസാദ് എന്ന നടനയെും . ബാക്കിയെല്ലാം ഫോണ്‍ കോളുകളിലൂടെ നടത്തിയ ചില കുശലാന്വേഷ്ണങ്ങള്‍, പ്രൊഫൈലില്‍ നോക്കി ഉണ്ടാക്കിയെഴുതിയത് അങ്ങിനെ സുല്‍ത്താന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലൊട്ടുലൊടുക്കൂസ് സാധനങ്ങള്‍. ഇതില്‍ നിന്നൊക്കെ മാറേണ്ട സമയം തന്നെയാണ്. വായനയുടേയും എഴുത്തിന്റെയും കുറച്ച് ദിവസങ്ങളെയാണ് ഉണ്ടാക്കിയെടുക്കേണ്ടത് എന്ന് തോന്നുന്നു. ഈ ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകള്‍ വെറുതേ ഓടിച്ച് വിട്ട് വായിക്കുക എന്നല്ലാതെ വാര്‍ത്തയെ കുറിച്ച് വല്ല്യ ധാരണയൊന്നും എനിക്കില്ല. പിന്നെ എന്തിനാണ് ഇങ്ങനെ തൊഴില്‍ ജീവിതം വലിച്ചുനീട്ടുന്നതെന്ന ചോദ്യം ഇടയ്ക്കിടെ എന്നിലേക്ക് തികട്ടി വരുന്നുണ്ട്. സമയമായി അരങ്ങൊഴിയാന്‍ എന്ന ബോധ്യം കനം വെച്ച് തുടങ്ങിയിട്ടുണ്ട്.