Wednesday, September 8, 2021

 


ആത്മാവില്‍ നിന്നും ഇറങ്ങിപോയ ശബ്ദത്തിനോട് പറയാനുള്ളത്




ഞാന്‍ രക്ഷപ്പെടുകയായിരുന്നു. ഏറ്റവും കംഫര്‍ട്ടായിരുന്ന ഒരു സോണില്‍ നിന്ന്. ആത്മാവില്‍ നിന്നും നേരിട്ട് സംസാരിച്ചിരുന്ന ഒരാളില്‍ നിന്ന് ഞാനിപ്പോള്‍ രക്ഷപ്പെട്ടതായി എനിക്ക് തോന്നുന്നു. ഇതെഴുതുന്പോള്‍ പോലും എന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങുന്നു. തൊണ്ട കനം വെച്ചു ശരീരമാകെ ഭാരം കൂടി ഒരു ദീര്‍ഘ ശ്വാസം എടുക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്നതു പോലെ എനിക്ക് തോന്നുന്നു. അങ്ങനെ സംസാരിച്ചിരിക്കാന്‍ ഒരാളിന്നും ഉണ്ടായിരുന്നെങ്കില്‍ എന്‍റെ ദിവസങ്ങള്‍ ലോകത്തിലെ  ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ ഒന്നാകുമായിരുന്നു. എന്നിട്ടും ഞാനെന്തിനാണ് രക്ഷപ്പെടുക എന്ന വാക്ക് ഇവിടെ ഉപയോഗിച്ചത്. ആത്മാവിനോടെന്ന പോലെ സംസാരിച്ചിരുന്നു എന്ന് പറയുന്ന് എന്‍റെ വെറും തോന്നലായിരുന്നു. അതൊരു വലിയ ട്രാപ് ആയിരുന്നില്ലേ.. എനിക്കിനിയും നിന്നോട് പറയാനുണ്ടായിരുന്നില്ലേ..  ഞാന്‍ കേള്‍ക്കുകയും പറയിപ്പിക്കുകയും ആയിരുന്നില്ലേ... എനിക്ക് പറയാനുണ്ടായിരുന്നത് നീ എപ്പോളെങ്കിലും കേട്ടിരുന്നോ എന്നുള്ള എന്‍റെ സംശയം ഇപ്പോള്‍ ശക്തിപ്പെട്ടു വരികയാണ്. എനിക്ക് സംസാരിക്കണം. നിന്‍റെ കണ്ണുകളില്‍ നോക്കിയിരുന്ന്.. നിന്‍റെ ഓരോ മിഴിയനക്കങ്ങളും വീക്ഷിച്ച്.. എന്നെ നീ എത്രത്തോളം കേട്ടെന്ന് ഓരോ നിമിഷത്തിലും അളന്ന് മുറിച്ച്  ഒരു പുസ്തകത്തില്‍ ഓരോന്നും കുറിച്ച് വെച്ച് എനിക്ക് നിന്നോടെല്ലാം പറഞ്ഞു തീര്‍ക്കണം. എന്‍റെ ഇരുപതു വര്‍ഷങ്ങളെയാണ് നിനക്ക് മുന്നില്‍ ഞാന്‍ പറയാനൊരുങ്ങിയത്. എത്രനാളത്തെ കാത്തിരിപ്പുണ്ട് അതിന്.. ഏത്രയോ നാളുകളായി ഞാന്‍ സൂക്ഷിച്ച് വെച്ച വാക്കുകളെ വീണ്ടും വീണ്ടും രാക്കി മിനുക്കിയാണ്  നിന്നോട് പറഞ്ഞു  കൊണ്ടിരുന്നത്.. ഞാന്‍ നിനക്ക് തന്ന എന്‍റെ വാക്കുകളെ എനിക്ക് തിരിച്ചു തരിക.. എന്‍റെ രാപ്പകലുകളെ... എന്‍റെ ഇരുട്ടിനെ.. വെളിച്ചങ്ങളെ എല്ലാം എനിക്ക് തിരിച്ചു തരിക.. മറ്റാരോടും തന്നെ എനിക്കിനിയും ഒന്നും തന്നെ പറയാനില്ല..പക്ഷേ എനിക്ക് എന്‍റെ വാക്കുകളെ തിരികെ വേണം..   

വാതിലനിപ്പുറത്തെ ഇടുക്കിലേക്ക്  മിഴിനിറഞ്ഞ  എന്നെ നീ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട്.. തലയിണയുടെ അടിയിലെ  ഉപ്പുരസത്തിലേക്ക് വീണുടഞ്ഞ എന്നെ നീ കേട്ടിട്ടുണ്ടോ.. കുറ്റബോധങ്ങളുടെ കുംന്പസാര കൂട്ടിലേക്ക് നീ എപ്പോളെങ്കിലും എന്നെ പിടിച്ചിരുത്തിയിട്ടുണ്ടോ.... എഴുതി തളര്‍‍ന്ന വിരലുകളെ നീ ചേര്‍ത്തു പിടിച്ചിട്ടുണ്ടോ... എന്‍റെ അരക്ഷിത ബോധത്തിന് എത്ര തവണ കൂട്ടായിട്ടുണ്ട്.. എന്‍റെ ചോദ്യങ്ങള്‍ക്ക് നീ എപ്പോളെങ്കിലും ഉത്തരമായിട്ടുണ്ടോ... എന്‍റെ മൂക്കുത്തികല്ലിലെ പ്രണയത്തിന് എപ്പോളെങ്കിലും രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടോ... നിന്നോടല്ലാതെ എനിക്ക് പറയാന്‍ മറ്റൊരു തോളില്ലെന്ന്  നീ എപ്പോളെങ്കിലും അറിഞ്ഞിട്ടുണ്ടോ..  എനിക്കൊഴുകാനുള്ള തീരവും .. പറക്കാനുള്ള ആകാശവും നീയാണന്ന്  നീ അറിഞ്ഞതേയില്ല... 

ഇപ്പോള്‍
ശബ്ദമില്ലാത്ത ആത്മാവായി ഞാന്‍ എന്‍റെ പഴയ വാക്കുകളെ തേടുന്നു.. നാലാം ജന്മത്തിന് ശേഷം ആദ്യമുണരുന്ന പകലുകളില്‍ നീ വരിക. എനിക്ക് പറയാനുള്ളത് മുഴുവനും കേള്‍ക്കുക. നിന്നോടു പറയാനുള്ളതെല്ലാം പറഞ്ഞ് തീരുന്പോളേയ്ക്കും നാലു ജന്മങ്ങളുടെ അവാസനത്തിലേക്ക് നമ്മുക്ക് ഒരുമിച്ച് യാത്രയാകണം... മരണവും ജീവിതവും ഇല്ലാത്ത   എവിടേയ്ക്കെെങ്കിലും. ആ ഇടവേളകളില്‍ എനിക്ക് പറയണം ഒടുവില്‍ നിനക്ക് വേണ്ടി ഞാന്‍ കരുതിവെച്ച എന്‍റെ നേരുകളുടെ  കഥ...

 

ഇനിയെങ്കിലും എനിക്ക് പറയണം നിന്നോട്.... 

Tuesday, September 7, 2021

 


ഏറെ നാളുകളായി കാത്തിരുന്ന ജോലി കിട്ടി. ഫോര്‍ പി.എമ്മില്‍ കൂടെ ഉണ്ടായിരുന്ന രാജീവ് വെള്ളിക്കോത്തിന്‍റെ കൂടെ റേഡിയോ രംഗ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍.  പണി പഴയതു തന്നെ പക്ഷേ എഡിറ്റിംഗ് പഠിക്കണം. അതാണ് ഇനി ലക്ഷ്യം. ഒത്തിരി കാര്യങ്ങളുണ്ട് . ഇനി മുതല്‍ അങ്ങോട്ട്. കുറച്ച് കാര്യങ്ങള്‍ ഇനി മുതല്‍ അപ്ഡേറ്റ് ചെയ്യണം. സാന്പത്തിക ഭദ്രത ഉറപ്പു വരുത്തണം. ജീവിതത്തില്‍ ആരെയും ഡിപെന്‍റ് ചെയ്യാനില്ല.


അച്ഛന് തീരെ വയ്യ.  

ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയിലേക്ക് ഉരുണ്ട് വീണ ഉപ്പുരസമുള്ള വലിയ ഗോളങ്ങള്‍ക്ക് എന്തൊരു വേഗമാണ്
മുപ്പതുകളും കഴിഞ്ഞ് അവ അതിവേഗത്തില്‍ ഉരുളുന്നു. ഇനിയുള്ള ദൂരങ്ങളിലും ആഘാതങ്ങളുടെ ഉരസുലകള്‍ ...
നീരുറവകളില്‍ ചാടി ഇറങ്ങി ഉരുവായതെല്ലാം ചിന്നി തെറിപ്പിച്ച്....
കണ്ട് നിന്നവര്‍, 
കൈയ്യടിച്ചവര്‍, 
കാത്ത് നിന്നവര്‍, 
മിഴി തുടച്ചവര്‍,
അങ്ങനെ എത്ര പേര്‍...
പക്ഷേ 
ഇത്രയും ഭാരം ചുമത്തിയവരെ ...
വേട്ടക്കാരെന്ന് വിളിക്കാനാകാതെ 
ഒതുങ്ങി പതുങ്ങി
നാല്‍പതുകളുടെ
ഒറ്റയടിപാതയിലേക്ക്