Monday, December 31, 2018

പിറവി

പ്രണയാര്‍ബുദ്ദത്തിനുള്ള കീമോതെറാപ്പി കഴിഞ്ഞു 
ഇനി വേദനിപ്പിക്കുന്ന ഓര്‍മ്മകളുടെ-
കൊഴിഞ്ഞു പോക്കാണ് ഏക ആശ്വാസം. 
പിന്നെ മറവിയെന്ന പ്രതിരോധ മതില്‍ ഉയര്‍ന്നു വരും 
എന്നിട്ട് വേണം  മരണം. 
ജീവനോടെയിരുന്നാല്‍  നീയെന്നിലേക്ക്  
വൈറസുകണക്കെ വീണ്ടും ചുറ്റിപിടിക്കും
പിന്നെയും  എന്റെ കോശങ്ങളിലേക്ക്  പാഞ്ഞു വരും.
മരുന്നിനും ആയുസ്സിനും ഇടയ്ക്ക് 
പല മരണങ്ങളും ഒരു പ്രണയവുമായി 
ഇനിയും വയ്യടോ...  
അപരിചിതമായൊരു പുതുജന്മത്തിലേക്ക് തന്നെയാണ്  പിറവി.

Thursday, December 20, 2018

ഇനിയും ഓര്‍മ്മകളാകാത്തത്

ഓര്‍മ്മിക്കേണ്ടത് ഒന്നും ഓര്‍മ്മകളില്‍ ഇല്ലെങ്കിലും എന്തിനാണ് ഇത്രയും ഓര്‍മ്മകള്‍ എന്ന് ചോദിപ്പിക്കുന്ന കുറേ ഓര്‍മ്മകളുണ്ട്.
ഉലുവപാത്രത്തില്‍ അമ്മ മടക്കിയൊതുക്കി വെയ്ക്കുന്ന പത്തിന്റെയും അഞ്ചിന്റേയും നോട്ടുകള്‍. അതിനുള്ളില്‍ ഒതുങ്ങിനില്‍ക്കാത്ത എന്റെ സ്കൂള്‍ ടൂറിന്റെയും, സൈക്കിളിന്റെയും നൃത്തം പഠിക്കണമെന്നുമൊക്കെയുള്ള ആഗ്രഹങ്ങള്‍.... വൈകുന്നേരം കോഴിക്കൂടില്‍ കയറാന്‍ മടിച്ച് അയല്‍വക്കത്തെ മരങ്ങളുടെ ഉച്ചിയിലേക്ക് ചാടികയറുന്ന കറുന്പിയും വെളുന്പിയും... പണി കഴിഞ്ഞ് വരുന്പോള്‍  അച്ചന്‍ കൊണ്ടുവരുന്ന പലഹാരപ്പൊതികള്‍. അത് പങ്കിട്ടെടുക്കുന്പോളുള്ള ചേച്ചിയും ഞാനും തമ്മിലുള്ള അടികള്‍.., മുളച്ച കശുവണ്ടികള്‍ പെറുക്കിയെടുത്ത് അവ കീറിയെടുക്കുന്ന അമ്മയുടെയും എന്റെയും ഉച്ചനേരങ്ങള്‍.., നാളികേരം ഇടുന്ന ദിവസം കരിക്കാനായുള്ള കാത്തിരിപ്പ്.., ഞായറാഴ്ച്ച പലഹാരത്തിലേക്കുള്ള   ശനിയാഴ്ച്ച വൈകുന്നേരങ്ങളിലെ മാവ് അരയ്ക്കല്‍.. 
വൈകുന്നേരങ്ങളിലേക്ക് മാത്രം എത്തുന്ന പ്രവാസത്തിലെ ഫ്ലാറ്റ് ജീവിതത്തിന്റെ നിശ്വാസങ്ങളിലെപ്പോഴും ഇത്തരം ഓര്‍മ്മകളുടെ ആഘാതങ്ങളുണ്ടെത്രെ ..... അപ്പോഴെല്ലാം തോന്നും ചിലതൊന്നും വെറുമൊരു ഓര്‍മ്മയല്ലെന്ന് 

Tuesday, December 11, 2018

മഴയില്‍ പൊതിഞ്ഞെടുത്ത നാലുമണി പലഹാരങ്ങള്‍

രാവിലെ സ്കൂളില്‍ പോകുന്പോള്‍ പെയ്യണ മഴയുടെ ഭാവം അച്ചടക്കത്തിന്റേതാണെന്ന് തോന്നിയിട്ടുണ്ട്.  യൂണിഫോമില്‍  തെറിക്കാതെ. കുടയിലൂടെ ഊര്‍ന്ന് ബാഗിലേക്ക് ഇറങ്ങി പുസ്തകത്തെ നനയ്ക്കാതെ ഒക്കെയാണ് ആ പെയ്ത്ത്. അത്രയ്ക്കും ഗതി മുട്ടിയാല്‍ മാത്രമാണ് കുറച്ച് ശല്യപ്പെടുത്തുകയുള്ളൂ.  എന്നാല്‍ നാലുമണിയ്ക്ക് പെയ്യണ മഴ അവധികാലം തുടങ്ങിയ വികൃതിക്കുട്ടിയെ പോലെയാണ്. 

ബാഗിനുള്ളിലെ ഹോം വര്‍ക്കുകള്‍  എഴുതിവെച്ച  സ്ലേറ്റിലെ അക്ഷരങ്ങളെയും മായ്ച്ച്, വീ വാര്‍ ചെരുപ്പിനടിയില്‍ നിന്ന് താളത്തില്‍ പപ്പടകളറിലുള്ള യൂണിഫോം ഷര്‍ട്ടിന്റെ കോളറോളം വന്ന് നനയ്ക്കും. അതിനിടയില്‍ കുട തിരിച്ച് തിരിച്ചോടുന്നവരും. വേഗത്തിലോടാന്‍ ചെരുപ്പ് ഊരി കൈയ്യില്‍ പിടിച്ചവരും, വീടെത്തിയാല്‍ ട്യൂഷന്‍ പോകാന്‍ വേണ്ടി വേഗത്തില്‍ നടക്കുന്നവര്‍ക്കിടയിലൂടെ കുടയെ അലസമായി പിടിച്ച്  മഴ നനഞ്ഞ് വീടെത്തുന്പോള്‍ അടുക്കളയിലെ ജനല്‍ വഴി  ഓടുന്ന നാലു മണിപലഹാരത്തിന്റെ മണം ഉള്ളിനെ വിശപ്പിനെ വന്ന്  ഉമ്മ വയ്ക്കും. നനഞ്ഞൊട്ടിയ യൂണിഫോമുകള്‍ മാറി കൈകാല്‍ കഴുകി അടുക്കളയിലെ മുട്ടിപലകയിലിരിക്കുന്പോള്‍  അമ്മ കൊണ്ട് മുന്നില്‍ വെയ്ക്കണ ചൂടു കട്ടന്‍ ചായയും നാലു മണി പലഹാരങ്ങളും. നനഞ്ഞ ശരീരത്തിലേക്ക് അപ്പോള്‍  പതുക്കെ ആരോ  കടത്തി വിടുന്ന ചെറിയ ചൂടനുഭവപ്പെടും..  അപ്പോഴും അടുക്കളവാതിലനപ്പുറത്ത് ടെറസില്‍ നിന്ന് തെറിക്കുന്ന മഴവെള്ളത്തിന്റെ ഇടയിലൂടെ കാണാം  പറന്പിലെ കാഴ്ചകള്‍ കാണിക്കാന്‍  പുറത്ത് ഒരു കളിക്കൂട്ടുകാരനെ പോലെ കാത്ത് നില്‍ക്കണ  അധികം നമ്മളെ നനയ്ക്കാന്‍ കൂട്ടാക്കാത്ത ചാറ്റല്‍ മഴയെ.. 

ഒന്നുറപ്പാണ് ഇന്നോളം ഞാനനുഭവിച്ച വിശപ്പും ഞാനറിഞ്ഞ രുചിയുമൊന്നും അത്രത്തോളം ധന്യമായിരുന്നില്ല. 


ഇന്നിപ്പോള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോള്‍ ബേക്കറിയില്‍ കയറി വാങ്ങി കൂട്ടുന്ന എണ്ണ പലഹാരങ്ങള്‍ക്കും, കറുമുറ തിന്നണ ചിപ്സുകള്‍ക്കൊന്നും എന്റെ വിശപ്പിനെ , രുചിയെ , അമ്മയെ , നിറഞ്ഞ മനസ്സിനെ അങ്ങനെ ഒന്നും തിരിച്ച് തരാന്‍ കഴിയണില്ല.. ചവച്ചിറക്കുന്നതെല്ലാം തിരക്കേറിയ ജീവിത്തിന്റെ  ഒരിക്കലും ദഹിക്കാത്ത കുറച്ച് അഡ്ജസ്റ്റ്മെന്റുകള്‍ മാത്രമാണെന്ന തോന്നലുകളെയാണ്  അക്ഷരങ്ങളാല്‍ കൂട്ടിക്കുഴച്ച്   മഴയില്‍ പൊതിഞ്ഞെടുത്ത് ഓര്‍മ്മച്ചൂട് പകര്‍ന്ന്  ഞാനുണ്ടാക്കിയ ഇന്നത്തെ   നാലുമണി പലഹാരം.  

Monday, December 10, 2018

കാലി തീപ്പെട്ടികള്‍ തേടി..

ചെറുപ്പത്തില്‍ ... ന്ന് വെച്ചാല്‍ ഒരു മൂന്നാം ക്ലാസ് മുതലുള്ള  പഠന കാലങ്ങളില്‍ അമ്മയുടെ കൂടെ എങ്ങോട്ടെങ്കിലും പോകാനൊരുങ്ങുന്പോള്‍ ആദ്യം തരണ ഉപദേശം... ദേ റോഡ് മുഴുവന്‍ തീപ്പെട്ടിപ്പടം പെറുക്കാന്‍  നിന്ന് വെറുതേ ന്നെ നാണം കെടുത്തരുത്.. ഊം ന്ന് തലയാട്ടുമെങ്കിലും എവിടെയെങ്കിലും ഒരു കാലി തീപ്പെട്ടി കണ്ടാല്‍ നൈസായിട്ട് ഞാനത് കൈയ്യിലാക്കിയിട്ടുണ്ടാകും. കൊള്ളി ഉരയ്ക്കുന്ന ഭാഗം സൂക്ഷമതയോടെ കീറി കളഞ്ഞാല്‍ ബാക്കിയുള്ളത് രണ്ട് വശവും അരിക് ഒതുക്കി ബാക്കിയുള്ള തീപ്പെട്ടി പടത്തിന്റെയൊപ്പം വെച്ച് റബ്ബര്‍ ബാന്റിട്ട് വെയ്ക്കുന്പോ.. ശ്ശോ... ന്നാ ഒരു ഇതാ... 
കൈയ്യിലൊരു നൂറു തീപ്പെട്ടി പടം ഉണ്ടെങ്കില്‍ ഒരു ഗമയൊക്കെ ഉണ്ടേ..
ന്റെ കൂടെ എന്നും തീപ്പെട്ടി പടം കളിക്കാന്‍ വരാ.. കൂടെ കളിച്ചു വളര്‍ന്ന ബിജേഷ് ആയിരുന്നു. അവന്റേലാണ് ഞാന്‍  ഏറ്റവും കൂടുതല്‍ ഈ ഐറ്റത്തിന്റെ ശേഖരം കണ്ടിട്ടുള്ളത്. ആ റെക്കോര്‍ഡിനെ മറിക്കടക്കാനാണ് രാപ്പകലുകളില്ലാതെ വീടിനടുത്തുള്ള റേഷന്‍ കടയുടെ അടുത്തും എന്ന് വേണ്ട പോകുന്നിടത്തെല്ലാം ഉള്ള എന്റെ കാലി തീപ്പെട്ടികള്‍ തേടിയുള്ള   അന്വേഷ്ണം. ചിലപ്പോള്‍ വീട്ടിലുള്ള തീപ്പെട്ടികളില്‍ നിന്ന് കൊള്ളി മാറ്റിവെച്ച് ആ കാലിപ്പെട്ടി തന്റെ ശേഖരത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. 
ഓരോന്ന് വെച്ച് വെച്ച് ഒടുവില്‍ അടിക്കുന്പോളും നഷ്ടപ്പെടുന്പോളും വിജയവും പരാജയവും അടുത്ത അടുത്ത നിമിഷങ്ങളില്‍ തന്ന ഒരു കളി തന്നെയായിരുന്നു അത്. 
ഇന്നിപ്പോ   ഫോണിലെ ഗെംയിമുകളില്‍ ഒന്നും ശേഖരിച്ചു വെയ്ക്കുകയോ ആരും കൂടെ ഉണ്ടാകണമെന്നോ ഇല്ലല്ലോ.. എന്നാലും ഫോണ്‍ കൈയ്യില്‍ കിട്ടിയ നാളു മുതല്‍ പാന്പ് ഓടണതും, ടെംന്പിള്‍ റണ്ണും ഒക്കെ ഇരുന്ന്  കളിച്ചിട്ടുണ്ട്. ചാര്‍ജ് തീരുന്പോള്‍ മാറ്റി വെച്ച് എഴുന്നേറ്റ് പോകുന്പോള്‍ ന്തോ പണ്ടെങ്ങോ ഒത്തിരി ആസ്വദിച്ച് കളിച്ച ഈ കാലവും കളികളുമെല്ലാം ഓര്‍മ്മ വരും.. അതൊന്നും ഓര്‍മ്മകളുടെ പ്രശ്നമല്ലന്നേ... നമ്മളിലേക്ക്  ഇറങ്ങി വന്ന് ജീവിതത്തിന് തീ പകരാന്‍ മണ്ണിലും മരത്തിലും കേറി ആര്‍ത്ത് തിമിര്‍ത്ത് കളിച്ച ആ നല്ല കാലത്തിനല്ലാതെ മറ്റൊന്നിനും കഴിയാത്തതു കൊണ്ടാണ്. എന്റെ എഴുത്തിന് തീ പകര്‍ന്ന ബാല്യകാല സ്മരണകളിലെ തീപ്പെട്ടിപടങ്ങള്‍ക്കാണ് ഇന്നത്തെ എന്റെ ഓര്‍മ്മയുമ്മ.....

About me

എങ്ങിനെയൊക്കെയോ ജീവിതം പോകുന്നു എന്നു തോന്നിയപ്പോള്‍ അങ്ങനെയങ്ങട് പോകണ്ടാ... ദേ ഇങ്ങനേം പോകാം എന്ന തോന്നലാണ് ഈ ബ്ലോഗ്. ഓര്‍മ്മകള്‍ പെരുകി പെരുകി നെല്ലിപ്പടിയിലിനി സ്ഥലമില്ലാത്തതിനാല്‍ കുറച്ചെടുത്ത് ഇവിടെ ഒതുക്കി വെയ്ക്കുന്നു. 

ഇനി എന്നെ കുറിച്ച്


തൃശൂര് വിട്ട്  ഡല്‍ഹിക്കും മാത്രമേ  ഇച്ചിരി ദൂരം സഞ്ചരിച്ചിട്ടൊള്ളോ.. 
പിന്നെ  കാരയ്ക്ക പൂക്കുന്ന പ്രവാസത്തിലേക്ക് ചേക്കേറി.. 

പോത്തന്‍ ജോസഫ്, അനിത പ്രതാപ്, ലീല മേനോന്‍ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ് എന്ന് പറഞ്ഞ് നടന്നെങ്കിലും പ്രവാസത്തിലെ സോഫ്റ്റ് ജേണലിസത്തിനോട് സമരസപ്പെട്ടു.  പട്ടിണി കിടന്നു ചാകണ്ടല്ലോന്ന് കരുതി  ജോലിയ്ക്ക് ഇപ്പോഴും പോകുന്നുണ്ട്..  കിനാക്കളില്‍  പുലിസ്റ്റര്‍ പ്രൈസ് വാങ്ങുന്ന സീനൊക്കെ കണ്ട്. 
കത്തെഴുതാനും വായിക്കാനൊക്കെ പെരുത്ത് ഇഷ്ടാന്നേ.. 
പിന്നെ.., 
ദേ പെണ്ണേ  ഈ ലോകത്തിന്റെ അറ്റം അല്ല നീ ഈ പറയണ കേരള വര്‍മ്മ എന്ന് പരിചയപ്പെടുന്നവരെ കൊണ്ട് പറയിപ്പിക്കാറുണ്ട്. 
സന്തോഷം വന്നാലും സങ്കടം വന്നാലും സിനിമ കാണാന്‍ പറ്റും. 
ആരു പറഞ്ഞിട്ടും കാര്യം ഇല്ല്യാാ ഓള്‍ക്ക് തോന്ന്യോണാ കാര്യങ്ങളെന്ന് അച്ചന് ഇടയ്ക്ക് പറയാറുണ്ട്, 
നീ ഇപ്പോ നല്ലോണം നുണയൊക്കെ പറയണുണ്ടല്ലേ എന്ന് ചോദിച്ച് മാറ്റങ്ങളെ അറിയുന്ന   ചേച്ചിയുണ്ട്
പിന്നെ ഇച്ചിരി പേടി ചേട്ടനെയാാ.. അത് ചേട്ടനായതോണ്ടല്ലാ .. ചേട്ടച്ചനായതോണ്ടാന്ന് ഞാന്‍...
എന്തിനും കട്ടയ്ക്ക് കൂടെ നിക്കണ കെട്ട്യോനും.. കഴിവിലെങ്കില്‍ കഴിവില്ലാന്ന് മുഖം നോക്കി  പറയണ ഇച്ചിരി കൂട്ടുക്കാരും
അമ്മ വാക്കുകള്‍ക്ക് അതീതം തന്നെ.. 
ഓള്‍ ഇന്ത്യ ടൂര്‍ ഇപ്പോളും മോഹമായി ങ്ങനെ കിടക്കാണ് 

Thursday, August 30, 2018

ബോധി




ബുദ്ധ മൗനത്തിന്റെ മഞ്ഞുകാലങ്ങളിൽ 
എന്റെ ഉള്ളിൽ പടർന്ന തീയാണ് ബോധി....
നിന്നിൽ നിന്ന്  എന്നിലേക്കും 
എന്നിൽ നിന്ന്  നിന്നിലേക്കൊഴുകുന്ന 
പ്രണയവേഗത്തിന്റെ ഉയിര് പോലെ 
അഗ്നി ജ്വലിക്കുന്നൊരിടമാണ്  ബോധി