Monday, December 10, 2018

കാലി തീപ്പെട്ടികള്‍ തേടി..

ചെറുപ്പത്തില്‍ ... ന്ന് വെച്ചാല്‍ ഒരു മൂന്നാം ക്ലാസ് മുതലുള്ള  പഠന കാലങ്ങളില്‍ അമ്മയുടെ കൂടെ എങ്ങോട്ടെങ്കിലും പോകാനൊരുങ്ങുന്പോള്‍ ആദ്യം തരണ ഉപദേശം... ദേ റോഡ് മുഴുവന്‍ തീപ്പെട്ടിപ്പടം പെറുക്കാന്‍  നിന്ന് വെറുതേ ന്നെ നാണം കെടുത്തരുത്.. ഊം ന്ന് തലയാട്ടുമെങ്കിലും എവിടെയെങ്കിലും ഒരു കാലി തീപ്പെട്ടി കണ്ടാല്‍ നൈസായിട്ട് ഞാനത് കൈയ്യിലാക്കിയിട്ടുണ്ടാകും. കൊള്ളി ഉരയ്ക്കുന്ന ഭാഗം സൂക്ഷമതയോടെ കീറി കളഞ്ഞാല്‍ ബാക്കിയുള്ളത് രണ്ട് വശവും അരിക് ഒതുക്കി ബാക്കിയുള്ള തീപ്പെട്ടി പടത്തിന്റെയൊപ്പം വെച്ച് റബ്ബര്‍ ബാന്റിട്ട് വെയ്ക്കുന്പോ.. ശ്ശോ... ന്നാ ഒരു ഇതാ... 
കൈയ്യിലൊരു നൂറു തീപ്പെട്ടി പടം ഉണ്ടെങ്കില്‍ ഒരു ഗമയൊക്കെ ഉണ്ടേ..
ന്റെ കൂടെ എന്നും തീപ്പെട്ടി പടം കളിക്കാന്‍ വരാ.. കൂടെ കളിച്ചു വളര്‍ന്ന ബിജേഷ് ആയിരുന്നു. അവന്റേലാണ് ഞാന്‍  ഏറ്റവും കൂടുതല്‍ ഈ ഐറ്റത്തിന്റെ ശേഖരം കണ്ടിട്ടുള്ളത്. ആ റെക്കോര്‍ഡിനെ മറിക്കടക്കാനാണ് രാപ്പകലുകളില്ലാതെ വീടിനടുത്തുള്ള റേഷന്‍ കടയുടെ അടുത്തും എന്ന് വേണ്ട പോകുന്നിടത്തെല്ലാം ഉള്ള എന്റെ കാലി തീപ്പെട്ടികള്‍ തേടിയുള്ള   അന്വേഷ്ണം. ചിലപ്പോള്‍ വീട്ടിലുള്ള തീപ്പെട്ടികളില്‍ നിന്ന് കൊള്ളി മാറ്റിവെച്ച് ആ കാലിപ്പെട്ടി തന്റെ ശേഖരത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. 
ഓരോന്ന് വെച്ച് വെച്ച് ഒടുവില്‍ അടിക്കുന്പോളും നഷ്ടപ്പെടുന്പോളും വിജയവും പരാജയവും അടുത്ത അടുത്ത നിമിഷങ്ങളില്‍ തന്ന ഒരു കളി തന്നെയായിരുന്നു അത്. 
ഇന്നിപ്പോ   ഫോണിലെ ഗെംയിമുകളില്‍ ഒന്നും ശേഖരിച്ചു വെയ്ക്കുകയോ ആരും കൂടെ ഉണ്ടാകണമെന്നോ ഇല്ലല്ലോ.. എന്നാലും ഫോണ്‍ കൈയ്യില്‍ കിട്ടിയ നാളു മുതല്‍ പാന്പ് ഓടണതും, ടെംന്പിള്‍ റണ്ണും ഒക്കെ ഇരുന്ന്  കളിച്ചിട്ടുണ്ട്. ചാര്‍ജ് തീരുന്പോള്‍ മാറ്റി വെച്ച് എഴുന്നേറ്റ് പോകുന്പോള്‍ ന്തോ പണ്ടെങ്ങോ ഒത്തിരി ആസ്വദിച്ച് കളിച്ച ഈ കാലവും കളികളുമെല്ലാം ഓര്‍മ്മ വരും.. അതൊന്നും ഓര്‍മ്മകളുടെ പ്രശ്നമല്ലന്നേ... നമ്മളിലേക്ക്  ഇറങ്ങി വന്ന് ജീവിതത്തിന് തീ പകരാന്‍ മണ്ണിലും മരത്തിലും കേറി ആര്‍ത്ത് തിമിര്‍ത്ത് കളിച്ച ആ നല്ല കാലത്തിനല്ലാതെ മറ്റൊന്നിനും കഴിയാത്തതു കൊണ്ടാണ്. എന്റെ എഴുത്തിന് തീ പകര്‍ന്ന ബാല്യകാല സ്മരണകളിലെ തീപ്പെട്ടിപടങ്ങള്‍ക്കാണ് ഇന്നത്തെ എന്റെ ഓര്‍മ്മയുമ്മ.....

No comments:

Post a Comment