Tuesday, December 11, 2018

മഴയില്‍ പൊതിഞ്ഞെടുത്ത നാലുമണി പലഹാരങ്ങള്‍

രാവിലെ സ്കൂളില്‍ പോകുന്പോള്‍ പെയ്യണ മഴയുടെ ഭാവം അച്ചടക്കത്തിന്റേതാണെന്ന് തോന്നിയിട്ടുണ്ട്.  യൂണിഫോമില്‍  തെറിക്കാതെ. കുടയിലൂടെ ഊര്‍ന്ന് ബാഗിലേക്ക് ഇറങ്ങി പുസ്തകത്തെ നനയ്ക്കാതെ ഒക്കെയാണ് ആ പെയ്ത്ത്. അത്രയ്ക്കും ഗതി മുട്ടിയാല്‍ മാത്രമാണ് കുറച്ച് ശല്യപ്പെടുത്തുകയുള്ളൂ.  എന്നാല്‍ നാലുമണിയ്ക്ക് പെയ്യണ മഴ അവധികാലം തുടങ്ങിയ വികൃതിക്കുട്ടിയെ പോലെയാണ്. 

ബാഗിനുള്ളിലെ ഹോം വര്‍ക്കുകള്‍  എഴുതിവെച്ച  സ്ലേറ്റിലെ അക്ഷരങ്ങളെയും മായ്ച്ച്, വീ വാര്‍ ചെരുപ്പിനടിയില്‍ നിന്ന് താളത്തില്‍ പപ്പടകളറിലുള്ള യൂണിഫോം ഷര്‍ട്ടിന്റെ കോളറോളം വന്ന് നനയ്ക്കും. അതിനിടയില്‍ കുട തിരിച്ച് തിരിച്ചോടുന്നവരും. വേഗത്തിലോടാന്‍ ചെരുപ്പ് ഊരി കൈയ്യില്‍ പിടിച്ചവരും, വീടെത്തിയാല്‍ ട്യൂഷന്‍ പോകാന്‍ വേണ്ടി വേഗത്തില്‍ നടക്കുന്നവര്‍ക്കിടയിലൂടെ കുടയെ അലസമായി പിടിച്ച്  മഴ നനഞ്ഞ് വീടെത്തുന്പോള്‍ അടുക്കളയിലെ ജനല്‍ വഴി  ഓടുന്ന നാലു മണിപലഹാരത്തിന്റെ മണം ഉള്ളിനെ വിശപ്പിനെ വന്ന്  ഉമ്മ വയ്ക്കും. നനഞ്ഞൊട്ടിയ യൂണിഫോമുകള്‍ മാറി കൈകാല്‍ കഴുകി അടുക്കളയിലെ മുട്ടിപലകയിലിരിക്കുന്പോള്‍  അമ്മ കൊണ്ട് മുന്നില്‍ വെയ്ക്കണ ചൂടു കട്ടന്‍ ചായയും നാലു മണി പലഹാരങ്ങളും. നനഞ്ഞ ശരീരത്തിലേക്ക് അപ്പോള്‍  പതുക്കെ ആരോ  കടത്തി വിടുന്ന ചെറിയ ചൂടനുഭവപ്പെടും..  അപ്പോഴും അടുക്കളവാതിലനപ്പുറത്ത് ടെറസില്‍ നിന്ന് തെറിക്കുന്ന മഴവെള്ളത്തിന്റെ ഇടയിലൂടെ കാണാം  പറന്പിലെ കാഴ്ചകള്‍ കാണിക്കാന്‍  പുറത്ത് ഒരു കളിക്കൂട്ടുകാരനെ പോലെ കാത്ത് നില്‍ക്കണ  അധികം നമ്മളെ നനയ്ക്കാന്‍ കൂട്ടാക്കാത്ത ചാറ്റല്‍ മഴയെ.. 

ഒന്നുറപ്പാണ് ഇന്നോളം ഞാനനുഭവിച്ച വിശപ്പും ഞാനറിഞ്ഞ രുചിയുമൊന്നും അത്രത്തോളം ധന്യമായിരുന്നില്ല. 


ഇന്നിപ്പോള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോള്‍ ബേക്കറിയില്‍ കയറി വാങ്ങി കൂട്ടുന്ന എണ്ണ പലഹാരങ്ങള്‍ക്കും, കറുമുറ തിന്നണ ചിപ്സുകള്‍ക്കൊന്നും എന്റെ വിശപ്പിനെ , രുചിയെ , അമ്മയെ , നിറഞ്ഞ മനസ്സിനെ അങ്ങനെ ഒന്നും തിരിച്ച് തരാന്‍ കഴിയണില്ല.. ചവച്ചിറക്കുന്നതെല്ലാം തിരക്കേറിയ ജീവിത്തിന്റെ  ഒരിക്കലും ദഹിക്കാത്ത കുറച്ച് അഡ്ജസ്റ്റ്മെന്റുകള്‍ മാത്രമാണെന്ന തോന്നലുകളെയാണ്  അക്ഷരങ്ങളാല്‍ കൂട്ടിക്കുഴച്ച്   മഴയില്‍ പൊതിഞ്ഞെടുത്ത് ഓര്‍മ്മച്ചൂട് പകര്‍ന്ന്  ഞാനുണ്ടാക്കിയ ഇന്നത്തെ   നാലുമണി പലഹാരം.  

No comments:

Post a Comment