Thursday, December 20, 2018

ഇനിയും ഓര്‍മ്മകളാകാത്തത്

ഓര്‍മ്മിക്കേണ്ടത് ഒന്നും ഓര്‍മ്മകളില്‍ ഇല്ലെങ്കിലും എന്തിനാണ് ഇത്രയും ഓര്‍മ്മകള്‍ എന്ന് ചോദിപ്പിക്കുന്ന കുറേ ഓര്‍മ്മകളുണ്ട്.
ഉലുവപാത്രത്തില്‍ അമ്മ മടക്കിയൊതുക്കി വെയ്ക്കുന്ന പത്തിന്റെയും അഞ്ചിന്റേയും നോട്ടുകള്‍. അതിനുള്ളില്‍ ഒതുങ്ങിനില്‍ക്കാത്ത എന്റെ സ്കൂള്‍ ടൂറിന്റെയും, സൈക്കിളിന്റെയും നൃത്തം പഠിക്കണമെന്നുമൊക്കെയുള്ള ആഗ്രഹങ്ങള്‍.... വൈകുന്നേരം കോഴിക്കൂടില്‍ കയറാന്‍ മടിച്ച് അയല്‍വക്കത്തെ മരങ്ങളുടെ ഉച്ചിയിലേക്ക് ചാടികയറുന്ന കറുന്പിയും വെളുന്പിയും... പണി കഴിഞ്ഞ് വരുന്പോള്‍  അച്ചന്‍ കൊണ്ടുവരുന്ന പലഹാരപ്പൊതികള്‍. അത് പങ്കിട്ടെടുക്കുന്പോളുള്ള ചേച്ചിയും ഞാനും തമ്മിലുള്ള അടികള്‍.., മുളച്ച കശുവണ്ടികള്‍ പെറുക്കിയെടുത്ത് അവ കീറിയെടുക്കുന്ന അമ്മയുടെയും എന്റെയും ഉച്ചനേരങ്ങള്‍.., നാളികേരം ഇടുന്ന ദിവസം കരിക്കാനായുള്ള കാത്തിരിപ്പ്.., ഞായറാഴ്ച്ച പലഹാരത്തിലേക്കുള്ള   ശനിയാഴ്ച്ച വൈകുന്നേരങ്ങളിലെ മാവ് അരയ്ക്കല്‍.. 
വൈകുന്നേരങ്ങളിലേക്ക് മാത്രം എത്തുന്ന പ്രവാസത്തിലെ ഫ്ലാറ്റ് ജീവിതത്തിന്റെ നിശ്വാസങ്ങളിലെപ്പോഴും ഇത്തരം ഓര്‍മ്മകളുടെ ആഘാതങ്ങളുണ്ടെത്രെ ..... അപ്പോഴെല്ലാം തോന്നും ചിലതൊന്നും വെറുമൊരു ഓര്‍മ്മയല്ലെന്ന് 

No comments:

Post a Comment