Monday, June 24, 2019

താരങ്ങളായിരം നോക്കി നില്‍ക്കെ

നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...
നിലാവേ..മായുമോ..കിനാവും നോവുമായ്..
മുറ്റം നിറയെ..മിന്നിപടരും..മുല്ലക്കൊടി പൂത്ത കാലം..
തുള്ളിതുടിച്ചും..തമ്മിൽ കൊതിച്ചും..കൊഞ്ചികളിയാടി നമ്മൾ..
നിറം പകർന്നാടും..നിനവുകളെല്ലാം..
കതിരണിഞ്ഞൊരുങ്ങും മുമ്പേ..ദൂരെ..ദൂരെ..
പറയാതെയന്നു നീ മാഞ്ഞു പോയില്ലെ..
നിലാവേ..മായുമോ..കിനാവും നോവുമായ്..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ.....
നീലക്കുന്നിൻ മേൽ..പീലിക്കൂടിൻ മേൽ..കുഞ്ഞു മഴ വീഴും നാളിൽ..
ആടിക്കൂത്താടും മാരികറ്റായ് നീ..എന്തിനിതിലേ പറന്നു..
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീണ്ടും..
വെറും മണ്ണിൽ വെറുതേ..കൊഴിയുഞ്ഞു..ദൂരെ..ദൂരെ..
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു..
നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...


പതിവുകള്‍ തെറ്റിച്ച് ഇന്നലെ രാത്രി പെട്ടന്നാണ് ഈ പാട്ടിന്റെ വരികള്‍ ഞാന്‍ പിന്നെയും മൂളിയത്. ആരോ പാടി നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങും പോലെ.. പെട്ടന്ന് ഓടി പോയി കലണ്ടര്‍ നോക്കിയപ്പോള്‍ മനസ്സിലായി.  ഇന്നായിരുന്നു അവളുടെ വിവാഹം. പ്രിയപ്പെട്ടവളുടെ ഓര്‍മ്മകള്‍ക്ക് അടുത്ത മാസം ഇതേദിവസത്തില്‍ 11 വയസ്സ് തികയുന്നു. മരിച്ചു പോയവര്‍ നമ്മുക്ക് ചുറ്റും ഉണ്ടാകണം. അല്ലെങ്കില്‍ എങ്ങിനെയാണ് ഒരുപാട്ടിന്റെ വരിയിലേക്ക് കയറികൂടി വീണ്ടും ഒരു പിറവി അവര്‍ക്ക് സാധ്യമാകുന്നത്.
പ്രിയപ്പെട്ട ബാലാമണി..
നിന്നെ അങ്ങനെ വിളിക്കുന്പോളാണ് ആ പേരും നീയും പൂര്‍ണ്ണമാകുന്നുള്ളൂ.. നിന്നെ ഓര്‍ക്കുന്പോളെല്ലാം സ്വര്‍ഗ്ഗമായിരുന്ന ഒരു തറവാട്ട് വീട്ടുമുറ്റത്തിന്റെ മിന്നലോര്‍മ്മകളെന്നിലേക്ക് പാഞ്ഞു വരുന്നു. ഉമ്മറപ്പടിയിലേക്ക് അച്ചാച്ചനും സന്ധ്യാനാമം ചൊല്ലാന്‍ അമാമ്മയും വരുന്നു. നിന്നിലേക്ക് അടുപ്പിച്ചു നിറുത്തിയ അനിയത്തി പ്രാവുകള്‍ ഓരോരുത്തരുമായി ഒന്നിച്ചിരുന്ന് കുറുകിയ നിമിഷങ്ങളുടെ മായാനദി വീണ്ടും ഒഴുകുന്നു. വീണ്ടുമൊരു ജന്മമെന്ന് നക്ഷത്രങ്ങളോട് യാചിക്കുന്നു.  നിന്റെ ശൂന്യത തീര്‍ക്കുന്ന വേദനയുടെ കുരുക്കില്‍ ഇപ്പോഴും തൂങ്ങിയാടുന്നുണ്ട് കുറേ അനാഥമായ രൂപങ്ങള്‍.. നീ പോയതിനു ശേഷം ഉണങ്ങിപ്പോയിരിക്കിന്നു മൗനവൃതങ്ങള്‍ക്ക് സാക്ഷിയായ തുളസിയും. കലന്പുകള്‍ക്ക് മറനിന്ന ചെന്പകമരവും. നക്ഷത്ര കുഞ്ഞുങ്ങളെ നോക്കിയെഴുതിയ കവിതകളും മാഞ്ഞു തുടങ്ങിയിരിക്കുന്നു..  മൂന്നാം പിറവിയിലേക്ക് ഉള്ളുരുക്കങ്ങളെയെല്ലാം ഉരുട്ടികയറ്റിയിട്ടുണ്ട്. നീയായി തിരിച്ചുവരുമെന്ന് പറഞ്ഞാണ് ഇന്നും  ഓരോ മഴയും നിറഞ്ഞു പെയ്യുന്നത്. കാത്തിരിപ്പിന്റെ തുരുത്തുകളില്‍  ആരോ ഉപേക്ഷിക്കപ്പെട്ട വിരലുകളിലേക്ക് നോക്കിയിരിക്കുകയാണ് ആയുസ്സിന്റെ പുസ്തകവുമായി. നീ വരുമെന്ന് തന്നെയാണ് ഓരോ സൂര്യവേഗങ്ങളും പറയുന്നത്. നിശബ്ദമായൊരു കാറ്റിലേക്ക് ചെറുവിരലുകളെ കോര്‍ത്തുകെട്ടി നമ്മുക്കൊന്നിച്ചാകണം ആകാശചെരുവുകളിലേക്കുള്ള പ്രയാണം.