Thursday, August 27, 2020

 പതി‍‍ഞ്ഞ താളത്തിലേക്ക് വീണു പോയ ചില ഓര്‍മ്മകളങ്ങനെ കണ്ണീരൊലിപ്പിച്ച് വന്ന് നില്‍ക്കുന്നുണ്ട്. എന്നെയൊന്ന് ഓര്‍ക്കെങ്കിലും ചെയ്യെന്ന് എന്നെ പോലെ വാശി കാണിക്കുന്നുമുണ്ട്.... മറന്നതല്ല... നിങ്ങളിലേക്കെത്താനുള്ള വഴികളുടെ ഏറ്റവും അറ്റത്താണ് ഞാനിപ്പോള്‍.. എത്ര വേഗത്തിലോടിയാലും എത്തില്ലെന്ന് തോന്നുന്നു.


തളിരിലകള്‍ കൊഴിഞ്ഞ് കിടക്കുന്ന ഒരു നാട്ടുവഴിയായിരിക്കണം. നാലുദേശങ്ങളും താണ്ടി വന്നൊരു നാടോടിയായിരിക്കണം  ആ യാത്രയില്‍  തൊട്ടടുത്ത് ഇരിക്കുന്നത്. ഉത്രാടപ്പാച്ചിലൊടുങ്ങുന്ന തൃസന്ധ്യയ്ക്ക്  അവരങ്ങനെ ചെന്ന് നിന്നത് വലിയൊരു തറവാട്ട് മുറ്റത്തായിരിക്കണം. കൊളുത്തി വെച്ച നിലവിളക്കിന്‍റെ തിരികളങ്ങനെ പതിയെ കെടാനുള്ള ഭാവത്തിലാണ്.. ചെവിയിലേക്ക് അരിച്ചിറങ്ങുന്ന കലപിലകളങ്ങനെ വന്ന് ഇറുകെ കെട്ടിപ്പിടിച്ചു തുടങ്ങിയിരിക്കുന്നു. കൈ നിറയെ സമ്മാനപ്പൊതികളായിരിക്കണം. അടുക്കള വാതിലേക്ക് എത്തി നോക്കും മുന്‍പ് ആരോ പിറകില്‍ വന്ന് കണ്ണു പൊത്തുന്നു. മൂക്കിലേക്ക് പാഞ്ഞുകയറുന്ന വിഭവങ്ങളങ്ങനെ കൊതിപ്പിക്കുന്നുമുണ്ട്... ചിരി നിര്‍ത്താനാകാതെ ഞങ്ങളങ്ങനെ  ഓരോരുത്തരോടും  ചിണുങ്ങുന്നുണ്ടായിരുന്നു. എല്ലാവരുമുണ്ടായിരുന്നു ആ രാത്രിയില്‍  കൂടെ.. ഇലയില്‍  അധികം വിഭവ സമൃദ്ധമമല്ലാത്ത ചെറിയൊരു സദ്യ.. ഇല്ല ഈ രാത്രിയില്‍ തന്നെ ഇറങ്ങണം. നാളെ ഡ്യൂട്ടിയുണ്ട്.. 

ഓണമില്ലാതായിട്ട് വര്‍ഷങ്ങളായി എന്നാലും ഞാനിങ്ങനെയാണ് ഓണം ആഘോഷിക്കാറുള്ളത്. എത്ര ഓര്‍ത്താലും മതിവരാത്ത ഒരു സ്വപ്നമാണ്. ഓരോ ഓണക്കാലത്തും എന്നെ വന്ന് തൊട്ടുവിളിക്കാറുണ്ട്. പാതാളക്കുഴിയിലേക്ക് താഴ്ന്നിറങ്ങിയ എന്‍റെ കാല്‍പനികതകളെങ്ങനെ കാണാന്‍ വര്‍ഷത്തിലൊരിക്കലങ്ങനെ പൊന്തി വരും.