Thursday, March 28, 2019

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

രാവും നിലാവും പൂവും പുഴയും
ഞങ്ങടേം കൂട്യാ…ഇനി പെണ്ണിന്റേം കൂട്യാ…
തിരയും തീരവും താരകോം അമ്പിളിം
ഞങ്ങടേം കൂട്യാ ഇനി പെണ്ണിന്റേം കൂട്യാ..
ഞങ്ങക്കും കാണാലോ ഞങ്ങക്കും കാണാലോ
അന്തീടെ ഭംഗി ഇനി ഞങ്ങക്കും കാണാലോ




 ഗേള്‍സിന് അത്യാവശ്യം ഫ്രീഡം കൊടുക്കണ ഒരു മോഡേണ്‍ ഫാമിലിയാണ് ഞങ്ങളുടേതെന്ന കുന്പളങ്ങിയിലെ ഷമ്മിമാരെ പോലുള്ളവര്‍ അറിയാന്‍ 

കേരളവര്‍മ്മയിലെ ഹോസ്റ്റലില്‍ നിന്നു പഠിക്കണ പെങ്കുട്ട്യോളു പൊളിയാണ്. കിടുവാണ്. പെണ്ണിടങ്ങള്‍ എന്നൊക്കെ പറഞ്ഞ് ഡയലോഗ് അടിച്ചാല്‍ പോര ന്റെ  പെണ്ണുങ്ങളേ അത്  കണ്ടെത്തേണ്ടത് നിങ്ങളും കൂടിയാ  എന്നാണ് അവരും പറഞ്ഞത്. നിയമ പോരാട്ടങ്ങളിലൂടെ ഹോസ്റ്റലില്‍ കയറാനുള്ള സമയപരിധി  4.30ല്‍ നിന്നും 8.30 ലേക്ക് നേടിയെടുത്ത് കൊണ്ടവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ കണ്ട് നിന്നവരില്‍ ചിലര്‍ക്ക് അത് അത്ര ബോധിച്ചു കാണില്ല. അവര് പിന്നേം ഹൈകോടതി അനുവദിച്ച് തന്ന അവകാശത്തില്‍  8.30 ന് പകരം 7.30 ആക്കികൊണ്ട്   ചൊറിയാന്‍ നിന്നു.  8.30 എന്ന സമയവും പരിധി നിശ്ചയിക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യം നീട്ടിക്കിട്ടിയത് ചെറിയൊരു ആശ്വാസം തന്നെയാണ്. അതു കൊണ്ട് തന്നെ പിന്നെ പിള്ളേര് വിടോ. അര്‍ദ്ധരാത്രി പാട്ടും വെച്ച് പെങ്കുട്ട്യോളും പിന്നേം  സമരം തുടങ്ങി. ഒടുവില്‍ പ്രിന്‍സിപ്പല്‍ വന്ന് അവരുടെ സമരങ്ങള്‍ക്ക് നീതി ഉറപ്പാക്കി കൊടുത്തു. . അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഇന്ന് ഒരത്ഭുതമല്ല. അവ ചെറുതോ വലുതോ ആകാം.   പക്ഷേ അത് എവിടെ നടക്കുന്നു എന്നതിനെ കുറിച്ച് ചിലപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. നിയമം തെറ്റിച്ചത് ഞങ്ങളല്ല. അവരാണെന്ന്  വിദ്യാര്‍ത്ഥികള്‍ പറയുന്പോള്‍ വരാനിരിക്കുന്ന ഒരു കെട്ടകാലത്തിന്റെ മുന്നറിയിപ്പാണ് ഇതെന്ന് മനസ്സിലാക്കണം. ഒരു ജനാധിപത്യ രാജ്യത്ത്   കോടതിവിധികള്‍ക്കുള്ള പ്രാധാന്യവും അതിനെ വളച്ചൊടിച്ച് വലിയൊരു വിപത്താക്കുന്ന മാതൃക അവര്‍ക്ക് നേരത്തേ അറിവുള്ളത് കൊണ്ടാകണം കുട്ട്യോളു കട്ടയ്ക്ക് നിന്നതും, അതിനെതിരെ പൊരുതിയതും.  വലിയ സമരങ്ങളായാലും ചെറിയ സമരങ്ങളായാലും സമൂഹത്തിന്  ഇതൊരു പാഠമാവുകയാണ്. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കിട്ടുന്ന വിധികള്‍ നടപ്പിലാക്കാന്‍ വേണ്ട പക്വതയിലേക്ക് സമൂഹം ഇനിയും വളര്‍ന്നു തുടങ്ങിയിട്ടില്ല എന്ന സത്യം നമ്മള്‍ അംഗീകരിച്ചേ പറ്റൂ. 
പെണ്ണിനും കുടുംബത്തിനും വിദ്യാര്‍ത്ഥികള്‍ക്കും,   അദ്ധ്യാപകര്‍ക്കും തുടങ്ങി തരംതിരിച്ചു വെച്ച സകല വിഭാഗത്തിന് മേലുള്ള മാതൃകാപരമായ സങ്കല്‍പ്പഭാരങ്ങളുടെ ക്ലീഷേ പതിയെ അഴിഞ്ഞു തുടങ്ങിയിരിക്കുന്നു. കാലങ്ങളായി  ഇത്തരം മാതൃകകളാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്  സമൂഹം ഇനി പറയില്ല. കാരണം അവയെല്ലാം തെറ്റിച്ചുകൊണ്ട് ഈ പറഞ്ഞ അദ്ധ്യാപകരും, സ്ത്രീയും പുരുഷനും, ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും, വക്കീലന്മാരും സസുഖം ഇവിടെ വാഴുന്നുണ്ട്. ഇതെല്ലാം നമ്മള്‍ മനസ്സിലാക്കിയിട്ടും എന്തുകൊണ്ടാണ് പഴകി ദ്രവിച്ച കീഴ്വഴക്കങ്ങളെ ദൂരെ കളയാന്‍ ഇങ്ങനെ മടിക്കുന്നത്. പുതിയ ആകാശത്തിന് ചുവട്ടിലും ഭൂമിയിലുമായി കുട്ടികള്‍ പുതിയ ജീവിതം തുടങ്ങുന്നത്  കാണുന്പോള്‍ നിങ്ങള്‍ക്കും തോന്നില്ലേ ..  അസമയമെന്നും ആചാരങ്ങളെന്നും പറഞ്ഞ് അളന്നു കിട്ടിയ ഇരുട്ടിനും വെളിച്ചത്തിനും അപ്പുറം പോയി ജീവിതം കളറാക്കണമെന്ന്. ജീവിച്ചു തുടങ്ങമെന്നുമൊക്കെ. 

അര്‍ദ്ധരാത്രിയില്‍ കിട്ടിയ ഒരു സ്വാതന്ത്ര്യത്തിന്റെ കഥ കൊല്ലാകൊല്ലം ആഘോഷിക്കാനുള്ളതു മാത്രമല്ല. അവകാശ ലംഘനങ്ങള്‍ക്കെതിരെ ഇനിയും പൊരുതണമെന്ന ഓര്‍മ്മപ്പെടുത്തലും, സ്വാതന്ത്ര്യം തന്നെ ജീവിതമെന്ന വലിയൊരു സത്യം കൂടിയത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. പഴയവര്‍ അതെല്ലാം മറന്നു പോയിട്ടുണ്ടെങ്കിലും പുതിയ തലമുറ ഇപ്പോളും ആവശ്യം വന്നാല്‍ അര്‍ദ്ധരാത്രികളില്‍ പിന്നെയും സ്വാതന്ത്ര്യം ആഘോഷിക്കുന്നുണ്ട്. അതില്‍ അഭിമാനപൂരിതമാകാതെ വയ്യ

No comments:

Post a Comment