Monday, July 22, 2019

ജീവിതത്തിന്റെ ഓണ്‍ലൈനിലേക്ക്

ഇന്നത്തെ ദിവസത്തിന് വല്ലാത്ത പ്രത്യേകതയുണ്ട്. വര്‍ഷങ്ങളായി തേടി നടന്ന ഒരാളോടും,  മാസങ്ങളായി തേടി നടന്ന അല്ലെങ്കില്‍ ഓര്‍ത്തിരുന്ന ഒരാളോടും എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞു. 

അതില്‍ ഒരാള്‍ മെബിന്‍. ഒരു സൈക്കോളജി സ്റ്റുഡന്റാണ്. അടുത്തിടെ വായിക്കുകയും വീഡിയോ കാണുകയും ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് അവനെ ഓര്‍ത്തിരുന്നു. അതിനു മുന്‍പും ഞാന്‍ ആ കുട്ടിയെ ഓര്‍ത്തിട്ടുണ്ട്. അങ്ങിനെയാണ് അജയ് ഘോഷിന്റെ കൈയ്യില്‍ നിന്ന് നന്പര്‍ വാങ്ങി വിളിച്ചത്.

മറ്റൊന്ന് ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കപ്പുറം. സുധേച്ചിയുടേയോ രേഖേച്ചിയുടെയോ കല്ല്യാണത്തിന്റെ തലേദിവസം എന്റെ വീട്ടില്‍ വന്ന കനകവല്ലി എന്ന പെണ്‍കുട്ടിയെ ആണ്. വ്യക്തമായ ഓരോര്‍മ്മ എനിക്കില്ല. പക്ഷേ എന്തൊക്കെയോ ഓര്‍മ്മയുണ്ട്. അന്ന് ആ കുട്ടി വീട്ടില്‍ വന്നിരുന്ന് എന്നോട് കൂട്ടികൂടിയപ്പോ കുറച്ച് നേരം കൂടി അവരന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

പിന്നെ വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോളോ ആരുടെയൊക്കെയോ വര്‍ത്തമാനങ്ങളില്‍ അവളുടെ പേര് കേട്ടിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് കല്ല്യാണം ഒക്കെ കഴിഞ്ഞ് മാപ്രാണത്ത് ശങ്കരവല്ല്യച്ചന്റെ വീട്ടില്‍ വന്നപ്പോള്‍ എന്നെ അന്വേഷിച്ചെന്ന് അമ്മ പറഞ്ഞിരുന്നു. കേട്ടപ്പോള്‍ സന്തോഷം തോന്നി. വീട്ടില്‍ വന്ന കാര്യങ്ങള്‍ ഓര്‍ത്തെടുത്തു.അങ്ങിനെ അതവിടെ തീര്‍ന്നു..
ഏഷ്യാനെറ്റ് ന്യൂസിന്റെ കാണാമറയത്ത് എന്ന പംക്തിയിലേക്ക് ഷാനി എന്ന കൂട്ടുക്കാരിയെ കുറിച്ച് എഴുതിയപ്പോളും ഇവളെ ഓര്‍ത്തു. എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷേ ബന്ധങ്ങള്‍ ഒന്നും ഇല്ല. ഉള്ളത് ഓര്‍മ്മകള്‍ക്കും മറവികള്‍ക്കും ഇടയിലുള്ള  എനിക്ക് മാത്രം അറിയാവുന്ന അദൃശ്യമായ ചില ബന്ധങ്ങള്‍. 

രണ്ടാഴ്ച്ച മുന്‍പ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവളുടെ നന്പര്‍ ഒന്ന് ഒപ്പിച്ചു തരാമോ എന്ന് അമ്മയോട് ചോദിച്ചു. പെട്ടന്ന് അങ്ങനെ തോന്നിയതാണ്. 
 അങ്ങനെ ഇന്ന് ഉച്ചതിരിഞ്ഞാണ് ചേച്ചി കനകവല്ലിയുടെ നന്പര്‍ എന്ന് പറഞ്ഞ് എനിക്ക് നന്പര്‍ അയച്ചു തരുന്നത്. അപ്പോള്‍ തന്നെ വിളിച്ചു. 
ഹലോ പറഞ്ഞ് കനകവല്ലിയല്ലേ എന്ന് ചോദിച്ചു. പിന്നെ മാപ്രാണത്ത് നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ സോനയല്ലേ എന്ന് ചോദിച്ചു. പിന്നെ കുറച്ച് സംസാരങ്ങള്‍. വാട്സാപ്പ് നന്പര്‍ ഇല്ലാത്രേ.. ഫോണിലെ പൈസ കളയേണ്ട എന്ന് വെച്ച് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് വെച്ചു.

അവിചാരിതമായി ഓര്‍മ്മകളില്‍ കിടന്നിരുന്ന രണ്ട് പേര്‍. ഒരേ ദിവസം തന്നെ അവര്‍ ജീവിതത്തിന്റെ ഓണ്‍ലൈനിലേക്ക് വന്നിരിക്കുന്നു..

No comments:

Post a Comment