Tuesday, September 7, 2021

 


ഏറെ നാളുകളായി കാത്തിരുന്ന ജോലി കിട്ടി. ഫോര്‍ പി.എമ്മില്‍ കൂടെ ഉണ്ടായിരുന്ന രാജീവ് വെള്ളിക്കോത്തിന്‍റെ കൂടെ റേഡിയോ രംഗ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍.  പണി പഴയതു തന്നെ പക്ഷേ എഡിറ്റിംഗ് പഠിക്കണം. അതാണ് ഇനി ലക്ഷ്യം. ഒത്തിരി കാര്യങ്ങളുണ്ട് . ഇനി മുതല്‍ അങ്ങോട്ട്. കുറച്ച് കാര്യങ്ങള്‍ ഇനി മുതല്‍ അപ്ഡേറ്റ് ചെയ്യണം. സാന്പത്തിക ഭദ്രത ഉറപ്പു വരുത്തണം. ജീവിതത്തില്‍ ആരെയും ഡിപെന്‍റ് ചെയ്യാനില്ല.


അച്ഛന് തീരെ വയ്യ.  

ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയിലേക്ക് ഉരുണ്ട് വീണ ഉപ്പുരസമുള്ള വലിയ ഗോളങ്ങള്‍ക്ക് എന്തൊരു വേഗമാണ്
മുപ്പതുകളും കഴിഞ്ഞ് അവ അതിവേഗത്തില്‍ ഉരുളുന്നു. ഇനിയുള്ള ദൂരങ്ങളിലും ആഘാതങ്ങളുടെ ഉരസുലകള്‍ ...
നീരുറവകളില്‍ ചാടി ഇറങ്ങി ഉരുവായതെല്ലാം ചിന്നി തെറിപ്പിച്ച്....
കണ്ട് നിന്നവര്‍, 
കൈയ്യടിച്ചവര്‍, 
കാത്ത് നിന്നവര്‍, 
മിഴി തുടച്ചവര്‍,
അങ്ങനെ എത്ര പേര്‍...
പക്ഷേ 
ഇത്രയും ഭാരം ചുമത്തിയവരെ ...
വേട്ടക്കാരെന്ന് വിളിക്കാനാകാതെ 
ഒതുങ്ങി പതുങ്ങി
നാല്‍പതുകളുടെ
ഒറ്റയടിപാതയിലേക്ക് 

Thursday, August 27, 2020

 പതി‍‍ഞ്ഞ താളത്തിലേക്ക് വീണു പോയ ചില ഓര്‍മ്മകളങ്ങനെ കണ്ണീരൊലിപ്പിച്ച് വന്ന് നില്‍ക്കുന്നുണ്ട്. എന്നെയൊന്ന് ഓര്‍ക്കെങ്കിലും ചെയ്യെന്ന് എന്നെ പോലെ വാശി കാണിക്കുന്നുമുണ്ട്.... മറന്നതല്ല... നിങ്ങളിലേക്കെത്താനുള്ള വഴികളുടെ ഏറ്റവും അറ്റത്താണ് ഞാനിപ്പോള്‍.. എത്ര വേഗത്തിലോടിയാലും എത്തില്ലെന്ന് തോന്നുന്നു.


തളിരിലകള്‍ കൊഴിഞ്ഞ് കിടക്കുന്ന ഒരു നാട്ടുവഴിയായിരിക്കണം. നാലുദേശങ്ങളും താണ്ടി വന്നൊരു നാടോടിയായിരിക്കണം  ആ യാത്രയില്‍  തൊട്ടടുത്ത് ഇരിക്കുന്നത്. ഉത്രാടപ്പാച്ചിലൊടുങ്ങുന്ന തൃസന്ധ്യയ്ക്ക്  അവരങ്ങനെ ചെന്ന് നിന്നത് വലിയൊരു തറവാട്ട് മുറ്റത്തായിരിക്കണം. കൊളുത്തി വെച്ച നിലവിളക്കിന്‍റെ തിരികളങ്ങനെ പതിയെ കെടാനുള്ള ഭാവത്തിലാണ്.. ചെവിയിലേക്ക് അരിച്ചിറങ്ങുന്ന കലപിലകളങ്ങനെ വന്ന് ഇറുകെ കെട്ടിപ്പിടിച്ചു തുടങ്ങിയിരിക്കുന്നു. കൈ നിറയെ സമ്മാനപ്പൊതികളായിരിക്കണം. അടുക്കള വാതിലേക്ക് എത്തി നോക്കും മുന്‍പ് ആരോ പിറകില്‍ വന്ന് കണ്ണു പൊത്തുന്നു. മൂക്കിലേക്ക് പാഞ്ഞുകയറുന്ന വിഭവങ്ങളങ്ങനെ കൊതിപ്പിക്കുന്നുമുണ്ട്... ചിരി നിര്‍ത്താനാകാതെ ഞങ്ങളങ്ങനെ  ഓരോരുത്തരോടും  ചിണുങ്ങുന്നുണ്ടായിരുന്നു. എല്ലാവരുമുണ്ടായിരുന്നു ആ രാത്രിയില്‍  കൂടെ.. ഇലയില്‍  അധികം വിഭവ സമൃദ്ധമമല്ലാത്ത ചെറിയൊരു സദ്യ.. ഇല്ല ഈ രാത്രിയില്‍ തന്നെ ഇറങ്ങണം. നാളെ ഡ്യൂട്ടിയുണ്ട്.. 

ഓണമില്ലാതായിട്ട് വര്‍ഷങ്ങളായി എന്നാലും ഞാനിങ്ങനെയാണ് ഓണം ആഘോഷിക്കാറുള്ളത്. എത്ര ഓര്‍ത്താലും മതിവരാത്ത ഒരു സ്വപ്നമാണ്. ഓരോ ഓണക്കാലത്തും എന്നെ വന്ന് തൊട്ടുവിളിക്കാറുണ്ട്. പാതാളക്കുഴിയിലേക്ക് താഴ്ന്നിറങ്ങിയ എന്‍റെ കാല്‍പനികതകളെങ്ങനെ കാണാന്‍ വര്‍ഷത്തിലൊരിക്കലങ്ങനെ പൊന്തി വരും. 

Thursday, July 23, 2020

അന്ത ഭയം ഇരിക്കട്ടും...

ഇത് ഞാന്‍ എന്നോട് തന്നെ പറയുന്നതാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല...

ഭയം ഇപ്പോള്‍ സര്‍വ്വത്ര ഭയമാണ്.. എനിക്കും പിന്നെ എന്നെയും ... വാതിലടച്ച് ഏറെ നേരം ഞാനിരുന്നാല്‍ തന്നെ എന്‍റെയുള്ളിലേക്ക് ഓടികയറുന്ന ഭയത്തിന് മുന്‍പെങ്ങും ഇല്ലാത്ത വിധം വല്ലാത്ത അങ്കലാപ്പാണ്.. പുറത്ത് നില്‍ക്കുന്നവര്‍ക്കിടയിലേക്ക് ഞാനൊരു വലിയ ഭയത്തിന്‍റെ വിത്തുകള്‍ നേരത്തേ പാകിയതാണല്ലോ .. ഒരു ആത്മഹത്യാ ശ്രമത്തിന്‍റെ പ്രത്യാഘാതങ്ങള്‍  മരണത്തേക്കാള്‍ ഭയാനകമാണെന്ന് ഇപ്പോള്‍ ഞാനറിയുന്നുണ്ട്.. 
ഖസാക്കിന്‍റെ ഇതിഹാസത്തില്‍ പറയുന്നതു പോലെ പണ്ട് പണ്ട് ദിനോസറുകള്‍ക്കും മുന്‍പ് എന്ന പോലെ നേര്‍ത്ത വിരലുകള്‍കൊണ്ട് എന്‍റെ എഴുത്തുകള്‍  ആരെങ്കിലും വായിക്കുമെന്നും ഹൃദയത്തില്‍ തൊട്ട് നിന്ന് എനിക്ക് പറയാനുള്ളതെല്ലാം കേള്‍ക്കുമെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരെ കൂടി ഈ ലോകം  കൂടെ കൂട്ടുന്നുണ്ടെന്ന്.. പക്ഷേ ഇല്ല. അങ്ങനെയുള്ളവരെ ഈ ലോകം പിഴുതെറിയുകയാണ്. തായ് വേരുകളറുത്ത് വേരൂന്നിയ ഇടങ്ങളില്‍ നിന്ന് ആഴത്തില്‍ വലിച്ചെടുത്ത് ഇനിയൊരു  പുല്‍ക്കൊടി തുന്പുപോലും പൊട്ടിമുളയ്ക്കാത്ത തരിശിടങ്ങളിലേക്ക് .. അവരാണ് പിന്നെ ഭയത്തിന്‍റെ കുഴിമാടങ്ങളിലേക്ക് വീണുപോകുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു...

എനിക്ക് എന്നെ പതുക്കെ നഷ്ടപ്പെടുകയാണ്.. ഇതെഴുതുന്പോള്‍ പോലും എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ്.. നാളെ ആരാണ് ഇതിലേക്ക് എത്തി നോക്കി പുതിയ ആരോപണങ്ങള്‍ക്ക്,  പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയെന്നുള്ള വ്യര്‍ത്ഥമായ ഒരു ഭയം.. വെറുപ്പിന്‍റെ .. നിരാശയുടെ നിസംഗതയുടെ.. അപമാനത്തിന്‍റെ... നഷ്ടമായ ആത്മാഭിമാനത്തിന്‍റെ ... അങ്ങനെ പേരില്ലാത്ത.. ആത്മാവ് നഷ്ടപ്പെടുത്തി ഞാനലഞ്ഞ എന്‍റെ മാത്രം വ്യഥകളിലേക്ക്... ഞാന്‍ ചുരുങ്ങുകയാണ്...

കറുത്ത മഷിപേനക്കൊണ്ട് മുടി തുന്പില്‍ ഈറനിറ്റുന്ന തൃസന്ധ്യകളില്‍ എന്നെങ്കിലും ഭയമേതുമില്ലാതെ .. അക്ഷരങ്ങളിലേക്ക് എന്‍റെ മാത്രം തോന്നലുകളിലേക്കും ... കല്‍പ്പിച്ചു കൂട്ടുന്ന ഭ്രാന്തുകളിലേക്കും എനിക്കൊന്ന് എന്നെ പിടിച്ചിരുത്തണമെന്നുണ്ട്..

എവിടെയാണ്.. എങ്ങിനെയാണ് ഭ്രാന്തുകളും.. സ്വന്തമായിരുന്ന ഇരിപ്പിടങ്ങളും. നഷ്ടമാക്കി .  മുന്‍പ് കേട്ടറിവു പോലുമില്ലാത്ത പാട്രിയാര്‍ക്കി സൊസൈറ്റിയുടെ ഉച്ചനീചത്വങ്ങള്‍ എന്നിലേക്കും ആഞ്ഞു വീശിയത്..



... എഴുതണമെന്ന് വല്ലാതെ മനസ്സാഗ്രഹിച്ചപ്പോള്‍ പോലും പേനയും പേപ്പറുമെടുത്ത് എനിക്ക് എഴുതാന്‍ കഴിഞ്ഞില്ല. ഒരു ലാപ്പ് ടോപ്പ് വാങ്ങിക്കുന്നത് വരെ എത്ര മാത്രം അക്ഷമയോടെ ഞാന്‍ ഈയൊരു നിമിഷത്തിനായി കാത്തിരുന്നു.
മറ്റൊന്നുമല്ല എന്‍റെ എഴുത്തുകള്‍ എന്‍റേതുമാത്രമാണ്. പ്രളയം വന്ന് സര്‍വ്വതും നശിച്ചാലും എന്ന ലൈനില്‍ തന്നെ.. എന്തിനാണ്  ഇങ്ങനെ ഒളിഞ്ഞു നോക്കുന്നതെന്ന് എന്തുകൊണ്ട് എനിക്ക് ഉറച്ച ശബ്ദത്തില്‍ ചോദിക്കാന്‍ കഴിയുന്നില്ല.



Monday, January 27, 2020

ഇടയ്ക്ക്

അത്രയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ട പാട്ടായിട്ടു പോലും
ഇടയ്ക്ക് മാത്രമേ കേള്‍ക്കാറൂള്ളൂ..
പതിഞ്ഞതാളങ്ങളിലേക്ക് ഇടയ്ക്ക് മാത്രമേ വീണുപോകുന്നുള്ളൂ
നേര്‍ത്തവിരലുകളെ ഇടയ്ക്ക് മാത്രമേ ഓര്‍ത്തെടുക്കുന്നുള്ളൂ
മഴ വീണ പാതയോരങ്ങളിലേക്കും
സൂര്യവേഗങ്ങളെത്താത്ത പഴയമുറിയിലേക്കും 
പിന്നെ നിന്റെ വരിയിലെ മൗനത്തിലേക്കും
മൗനത്തിലടര്‍ന്ന് വീഴുന്ന നിന്റെ ചിരിയിലേക്കും
ചിരിയില്‍ മണക്കുന്ന സിഗരറ്റിന്റെ കയ്പിലേക്കും
ഇടയ്ക്ക് മാത്രം.

.
..........
ഓരോ മുറിവിലേക്കും 
മുറിവില്‍ നിന്ന് എന്നിലേക്കും
ഓര്‍മ്മയൊളിക്കുന്ന ചില്ലലമാരയിലേക്കും
വെയില്‍ മറയാത്ത പകലിലേക്കും
ഇടയ്ക്ക് മാത്രം പോകണമെന്ന് 
പറഞ്ഞ നിന്നിലേക്കും 
ഇടയ്ക്ക് മാത്രമേ... 

Monday, July 22, 2019

ജീവിതത്തിന്റെ ഓണ്‍ലൈനിലേക്ക്

ഇന്നത്തെ ദിവസത്തിന് വല്ലാത്ത പ്രത്യേകതയുണ്ട്. വര്‍ഷങ്ങളായി തേടി നടന്ന ഒരാളോടും,  മാസങ്ങളായി തേടി നടന്ന അല്ലെങ്കില്‍ ഓര്‍ത്തിരുന്ന ഒരാളോടും എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞു. 

അതില്‍ ഒരാള്‍ മെബിന്‍. ഒരു സൈക്കോളജി സ്റ്റുഡന്റാണ്. അടുത്തിടെ വായിക്കുകയും വീഡിയോ കാണുകയും ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് അവനെ ഓര്‍ത്തിരുന്നു. അതിനു മുന്‍പും ഞാന്‍ ആ കുട്ടിയെ ഓര്‍ത്തിട്ടുണ്ട്. അങ്ങിനെയാണ് അജയ് ഘോഷിന്റെ കൈയ്യില്‍ നിന്ന് നന്പര്‍ വാങ്ങി വിളിച്ചത്.

മറ്റൊന്ന് ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കപ്പുറം. സുധേച്ചിയുടേയോ രേഖേച്ചിയുടെയോ കല്ല്യാണത്തിന്റെ തലേദിവസം എന്റെ വീട്ടില്‍ വന്ന കനകവല്ലി എന്ന പെണ്‍കുട്ടിയെ ആണ്. വ്യക്തമായ ഓരോര്‍മ്മ എനിക്കില്ല. പക്ഷേ എന്തൊക്കെയോ ഓര്‍മ്മയുണ്ട്. അന്ന് ആ കുട്ടി വീട്ടില്‍ വന്നിരുന്ന് എന്നോട് കൂട്ടികൂടിയപ്പോ കുറച്ച് നേരം കൂടി അവരന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

പിന്നെ വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോളോ ആരുടെയൊക്കെയോ വര്‍ത്തമാനങ്ങളില്‍ അവളുടെ പേര് കേട്ടിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് കല്ല്യാണം ഒക്കെ കഴിഞ്ഞ് മാപ്രാണത്ത് ശങ്കരവല്ല്യച്ചന്റെ വീട്ടില്‍ വന്നപ്പോള്‍ എന്നെ അന്വേഷിച്ചെന്ന് അമ്മ പറഞ്ഞിരുന്നു. കേട്ടപ്പോള്‍ സന്തോഷം തോന്നി. വീട്ടില്‍ വന്ന കാര്യങ്ങള്‍ ഓര്‍ത്തെടുത്തു.അങ്ങിനെ അതവിടെ തീര്‍ന്നു..
ഏഷ്യാനെറ്റ് ന്യൂസിന്റെ കാണാമറയത്ത് എന്ന പംക്തിയിലേക്ക് ഷാനി എന്ന കൂട്ടുക്കാരിയെ കുറിച്ച് എഴുതിയപ്പോളും ഇവളെ ഓര്‍ത്തു. എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷേ ബന്ധങ്ങള്‍ ഒന്നും ഇല്ല. ഉള്ളത് ഓര്‍മ്മകള്‍ക്കും മറവികള്‍ക്കും ഇടയിലുള്ള  എനിക്ക് മാത്രം അറിയാവുന്ന അദൃശ്യമായ ചില ബന്ധങ്ങള്‍. 

രണ്ടാഴ്ച്ച മുന്‍പ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവളുടെ നന്പര്‍ ഒന്ന് ഒപ്പിച്ചു തരാമോ എന്ന് അമ്മയോട് ചോദിച്ചു. പെട്ടന്ന് അങ്ങനെ തോന്നിയതാണ്. 
 അങ്ങനെ ഇന്ന് ഉച്ചതിരിഞ്ഞാണ് ചേച്ചി കനകവല്ലിയുടെ നന്പര്‍ എന്ന് പറഞ്ഞ് എനിക്ക് നന്പര്‍ അയച്ചു തരുന്നത്. അപ്പോള്‍ തന്നെ വിളിച്ചു. 
ഹലോ പറഞ്ഞ് കനകവല്ലിയല്ലേ എന്ന് ചോദിച്ചു. പിന്നെ മാപ്രാണത്ത് നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ സോനയല്ലേ എന്ന് ചോദിച്ചു. പിന്നെ കുറച്ച് സംസാരങ്ങള്‍. വാട്സാപ്പ് നന്പര്‍ ഇല്ലാത്രേ.. ഫോണിലെ പൈസ കളയേണ്ട എന്ന് വെച്ച് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് വെച്ചു.

അവിചാരിതമായി ഓര്‍മ്മകളില്‍ കിടന്നിരുന്ന രണ്ട് പേര്‍. ഒരേ ദിവസം തന്നെ അവര്‍ ജീവിതത്തിന്റെ ഓണ്‍ലൈനിലേക്ക് വന്നിരിക്കുന്നു..

THANK YOU






Dreams

കുറച്ച്  പഠനങ്ങള്‍ ആവശ്യമാണ്. അതിന് തുടക്കം കുറിക്കുകയാണ്.




ജൂലൈ 22​- Dreams 




സ്വപ്നം" ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയാണ് സ്വപ്നം കാണാനുളളകാരണം ഉറങ്ങുന്നതിനുമുന്നെ മനസ്സിൽ ഒരു ചിന്തയെ മാത്രം പിന്തുടരുകയും അതിന്റെ എല്ലാ വശങ്ങളെകുറിച്ച് മനസ്സും ശരീരവും പിന്തുടരാതെയും ചെയ്യുമ്പോൾ അറിയാതെ തളച്ച മയക്കത്തിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു . ഈ കാരണത്താൽ പിന്തുടർന്ന ചിന്തകളെ പൂർണമാക്കാൻ ശരീരത്തിൻ സഹായമില്ലതെ മനസ്സ് ഒറ്റക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണത ഫലമാണ് സ്വപ്നം. സ്വപ്‌നങ്ങൾ സാധാരണയായി ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്നവയാണ്. 20-30 മിനിറ്റുകൾ വരെ നീണ്ടു നിൽക്കുന്ന സ്വപങ്ങളുമുണ്ട്. ഇരുപത് മിനിട്ടു നേരത്തെ ഒരു സ്വപ്നം കാണുന്നതിന് സെക്കൻഡുകൾ മാത്രമാണ് എടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  

ആക്ടിവേഷന്‍ സിന്തസിസ് സിദ്ധാന്തം, സ്വപ്ങ്ങളെക്കുറിച്ചുള്ള ആധുനിക വൈദ്യ ശാസ്ത്ര സിദ്ധാന്തങ്ങളില്‍ ഏറ്റവും അംഗീകരിക്കപ്പെട്ട ഒന്നാണ് . അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ മനഃശാസ്ത്രജ്ഞരായ ഡോ. ജോണ്‍ അലന്‍ ഹോബ്‌സണും റോബര്‍ട്ട് മക്ക് കാര്‍ലിയുമാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍. സ്വപ്നങ്ങള്‍ മസ്തിഷ്‌കത്തിലെ ക്രിയാശൂന്യമായ പ്രതിഭാസമല്ല. മറിച്ച്‌, ഒരു പാട് ശ്രമവും ഊര്‍ജവും വേണ്ട പ്രവര്‍ത്തിയാണത്.

മസ്തിഷ്‌കത്തിന്റെ അധോ ഭാഗങ്ങള്‍, നമ്മള്‍ ഉറങ്ങുന്ന സമയത്തും സജീവമായിരിക്കും. ഹൃദയമിടിപ്പ് പോലുള്ള ശരീരത്തിന്റെ ഏറ്റവും മൗലികമായ കര്‍മങ്ങള്‍ എല്ലാം തന്നെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ ഈ ഭാഗമാണ്. അതെ സമയം, ചിന്തകള്‍, ഓര്‍മകള്‍, വിവരങ്ങളെ അപഗ്രഥിക്കല്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ മറ്റു ചില ഭാഗങ്ങളാണ്. ഈ ഭാഗങ്ങള്‍ മസ്തിഷ്‌കത്തിന്റെ അധോ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുമ്ബോള്‍ ഉണ്ടാകുന്ന ഒന്നാണ് സ്വപ്‌നങ്ങള്‍.


സ്വപ്നങ്ങളില്‍ സ്ഥിരമായി ഏറ്റവും കൂടുതല്‍ പ്രകടമാകുന്ന ചില വികാരങ്ങളുണ്ട്. സന്തോഷമാണ് സ്വപ്ങ്ങളില്‍ ഏറ്റവും കൂടുതല്‍ അനുഭവേദ്യമാകുന്ന വികാരം. ഉത്കണ്ഠ, ഭയം, ദേഷ്യം തുടങ്ങിയവയാണ് പിന്നീട് കൂടുതല്‍ ഉണ്ടാവുന്നത്. പകല്‍ സമയത്തെ നമ്മുടെ അനുഭവങ്ങളുടെയും വികാരങ്ങളുടെയും പ്രതിഫലനം മാത്രമാണ് സ്വപ്ങ്ങളിലെ വികാരങ്ങളും ദൃശ്യങ്ങളുമെല്ലാം.

നമ്മുടെ മനസില്‍ മറഞ്ഞിരിക്കുന്ന ഉത്കണ്ഠയും ശാരീരികവും മാനസികവുമായ അവസ്ഥകളുമെല്ലാം സ്വപ്നങ്ങളെ ബാധിക്കാറുണ്ട്. പക്ഷെ സ്വപ്ങ്ങളില്‍ കാണുന്ന കാര്യങ്ങള്‍ മിക്കപ്പോഴും യുക്തി ഭദ്രമോ പരസ്പര ബന്ധമുള്ളതോ ആയിരിക്കണമെന്നില്ല. അടുക്കും ചിട്ടയും തെറ്റിയ ദൃശ്യങ്ങളുടെയും വികാരങ്ങളുടെയും ആകെത്തുക മാത്രമാണ് സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ മിക്ക സ്വപ്നങ്ങള്‍ക്കും പ്രത്യേകിച്ച്‌ ഒരു അര്‍ഥവുമില്ല. അതില്‍ വലിയ അര്‍ഥങ്ങള്‍ ആരോപിക്കുന്നത് ബുദ്ധിശൂന്യത മാത്രമാണ്.