Wednesday, March 27, 2019

ഒരു ഇതിഹാസത്തിന്റെയും തിരിച്ചറിവിന്റെയും ഓര്‍മ്മയ്ക്ക്

ഒരു പത്രപ്രവര്‍ത്തകയുടെ തിരക്കുപിടിച്ച ദിവസങ്ങളും അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളും ഒക്കെയായിരുന്നു എന്റെ പ്രഫഷണല്‍ ലൈഫിനെ പറ്റിയുള്ള സ്വപ്നങ്ങള്‍.. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ എടുത്ത എനിക്ക് ഒരു കൂലിഎഴുത്തിലുപരി ഒന്നിലേക്കും കടന്നു ചെല്ലാന്‍ കഴിഞ്ഞില്ല.  അവസരങ്ങള്‍ കിട്ടിയപ്പോളേയ്ക്കും ഉള്‍വലിയല്‍ എന്ന വിപത്തിന്റെ ഇരയായി ഞാനും മാറിയിട്ടുണ്ടായിരുന്നു. 
വല്ലപ്പോഴും എഴുതുന്ന ആര്‍ട്ടിക്കിളുകളായി എന്റെ പ്രവര്‍ത്തന മേഖല ചുരുങ്ങി. പത്രത്തിലെ ഒഴിഞ്ഞ സ്പേയ്സിലേക്ക് ഒരു മുറിവൈദ്യന്‍ മരുന്നുണ്ടാക്കുന്ന രീതിയില്‍ ഞാന്‍ എന്തൊക്കെയോ എഴുതിക്കൂട്ടി. ഹൈസ്കൂള്‍ പഠനക്കാലങ്ങളിലെ എന്റെ എല്ലാ നോട്ടുപുസ്തകങ്ങളുടെ പുറം ചട്ടകളിലും Sona Achary from TIMES OF INDIA എന്നെഴുതാറുള്ളത് ഞാന്‍ തന്നെയാണോ എന്ന് എനിക്ക് അപ്പോളെല്ലാം തോന്നും. ഒഴുക്കില്ലാതെ ജീവിതം നീങ്ങുകയാണെന്ന് ഓരോ എഴുത്തുകള്‍ ബോധ്യപ്പെടുത്തുന്പോളും അടുത്ത വരിയിലേക്ക് തീപകരാന്‍ എന്റെ ചിന്തകള്‍ക്ക് കഴിഞ്ഞില്ല. 
എന്തോന്നാടോ ഇത്ര നെഗറ്റീവായി ഇങ്ങനെ കിടന്ന് കാറുന്നതെന്ന് ഇപ്പോളും എന്നോട് തന്നെ ഞാന്‍ ചോദിക്കുന്നുണ്ട്. ഞാനിപ്പോള്‍ ഇങ്ങനെയൊക്കെയാണെന്ന് എന്നോട് തന്നെ പറയുന്ന ഒരാള്‍ വേറെ ഇല്ലെന്നിരിക്കെ എനിക്ക് ഇങ്ങനെ പറയാതെ വയ്യ. 

മാര്‍ച്ച് 30.  ഒ.വി വിജയന്‍ മരിച്ചിട്ട് 14 വര്‍ഷമാവുകയാണ്. ഓരോ പത്രക്കാരും ന്യൂസ് ഫില്ലിംഗിനായ് പതിവു പോലെ അദേഹത്തെ കുറിച്ചൊരു റൈറ്റപ്പ് എഴുതി ഉണ്ടാക്കും. വേറെ ആരെയും എഴുതാന്‍ കിട്ടാത്ത സാഹചര്യത്തില്‍ ഫോര്‍ പി.എമ്മിന്റെ വാരാന്ത്യ പതിപ്പിലേക്ക് വേറെ ആര്‍ട്ടിക്കിള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ മാത്രം ഇതെടുത്തോ എന്ന് പറഞ്ഞ് ഞാന്‍ തന്നെ ഒരു ഓര്‍മ്മക്കുറിപ്പ് എഴുതി. ഖസാക്കിന്റെ ഇതിഹാസവും , കടല്‍ത്തീരത്ത്, മധുരംഗായതി, ഗുരുസാഗരം ഒക്കെയാണ് വായിച്ചിട്ടുള്ളതെങ്കിലും ആകെ ഓര്‍മ്മയുള്ളത് ഖസാക്കിന്റെ ഇതിഹാസവും കടല്‍തീരത്ത് എന്ന കഥയുമാണ്. ബാക്കിയെല്ലാം മറവിയുടെ കയങ്ങളിലേക്ക് വീണുപോയിരിക്കുന്നു എന്ന ബോധ്യത്തോടെ ഗുഗിള്‍ ദൈവങ്ങളുടെ സഹായത്താല്‍ ഒരു ഓര്‍‍മ്മക്കുറിപ്പിനായി രണ്ട് പകലുകള്‍ ‍ഞാന്‍ എന്റേതാക്കി.ഓര്‍മ്മകളിലേക്ക് കഠാര ഇറക്കി ഞാന്‍ ചോദിച്ചു. വല്ലതും ഓര്‍മ്മയുണ്ടോ സഖേ.. ഊം എന്ന് ഒരു മൂളല്‍. അങ്ങിനെയാണ് ഇങ്ങനൊന്ന് എന്റെ വിരലുകളില്‍ നിന്നും ഊര്‍ന്ന് വീണത്. ഓര്‍മ്മകളെ കുത്തി എളക്കി പുറത്തെടുക്കാന്‍ ഗുഗിളും ഒരു കൈയ്യാളായി. അങ്ങിനെയിരിക്കെയാണ് മാര്‍ച്ച് 27ന് എഴുത്തുകാരി അഷിതയുടെ മരണവാര്‍ത്ത കേട്ടത്. ഒ.വി വിജയനെ പറ്റി കൊടുക്കാനുള്ള സ്പെയ്സിലേക്ക്  അഷിതയെ പറ്റി ഒരു ആര്‍ട്ടിക്കിള്‍ കയറി. ഒരു ഇതിഹാസത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന ഓര്‍മ്മക്കുറിപ്പ് എന്റെ തന്നെ വിലയിരുത്തല്‍ അനുസരിച്ച് അത് ഒ.വി വിജയനോടുള്ള മര്യാദക്കേടാണ്. അദേഹം എല്ലാം എഴുത്തുകള്‍ക്കും ഓര്‍മ്മക്കുറിപ്പുകള്‍ക്കും അപ്പുറമാണ് എന്ന തിരിച്ചറിവോടെ ഇനിയെങ്കിലും എഴുതുന്പോള്‍ ആഴത്തിലുള്ള വായനയെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലിനായും 
 നിലയ്ക്കാത്ത സിംഫണികള്‍ക്കിടയില്‍  ഡിപ്ലോമയും ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത്    കോപ്പി പേസ്റ്റ് ന്യൂസുകള്‍ക്കിടയില്‍ പുതിയ ഇടങ്ങളിലേക്ക് കയറി ചെല്ലാന്‍ മടിച്ചു നിന്ന് ഞാനടക്കമുള്ള   നിലച്ചു പോകുന്ന സിംഫണികള്‍ക്കായും സസന്തോഷം അധികമാരും കയറിവരാന്‍ ഇടയില്ലാത്ത എന്റെ മാത്രം ബ്ലോഗില്‍ ഞാനിത് പോസ്റ്റുന്നു. നന്ദി നമോവാകം . 

ഒരു ഇതിഹാസത്തിന്റെ ഓര്‍മ്മയ്ക്ക് 
ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം.  വിസ്മയ എന്ന പെണ്‍കുട്ടിയാണ് പറഞ്ഞത്. വല്ലാത്ത പ്രണയം തോന്നിയിട്ടുള്ളത് ഒ.വി വിജയനോടാണ് എന്ന്. അയാളുടെ നീണ്ട വിരലുകളും, ആകാശത്തിലേക്ക് പറക്കാന്‍ ശ്രമിക്കുന്ന വെള്ളി വരകള്‍ പോലത്തെ തലമുടിയും എല്ലാം ഖസാക്കിന്റെ ഇതിഹാസം പോലെ മാസ്മരികതയുണര്‍ത്തുന്നതാണെന്ന്.ഇതുകേട്ടിട്ടാണ്  മുന്‍പ് എത്ര വായിച്ചിട്ടും മനസ്സിലാകാത്ത ഖസാക്കിന്റെ ഇതിഹാസമെന്ന പുസ്തകം ലൈബ്രറിയിലെ ചില്ലലമാരയില്‍ നിന്ന് വീണ്ടും എടുക്കുന്നത്. 
വരികളില്‍ നിന്ന് ഒരു സ്വപ്നത്തിലേക്കെന്ന പോലെ രവിയ്ക്കൊപ്പം  ഖസാക്കിലേക്ക് പതുക്കെ ഇറങ്ങി..  ഒന്ന് ഉറപ്പാണ് ആ പുസ്തകം വായിച്ചു കഴിയും വരെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മൂകത വളര്‍ന്ന് വലിയ  കരിന്പനകളായി രൂപാന്തരം പ്രാപിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പല്ല് മുളയ്ക്കാത്ത ഉണ്ണിക്കുട്ടന്റെ വികൃതിയിലേക്ക് രവി വിരല്‍ നീട്ടുന്പോള്‍ എന്തോ പെരുവിരല്‍  നീറുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ ആഴത്തിലേക്ക് മാസ്മരികമായ ഒരു ഭാഷയിലൂടെ ഇറങ്ങി ഒടുവില്‍ മരണത്തിലേക്ക് എത്ര സാധ്യതകളോട് കൂടിയാണ് ആ ഇതിഹാസത്തിന്റെ കഥാകാരന്‍ നമ്മെ  കൊണ്ട് പോകുന്നതും  മരണത്തിനപ്പുറത്തേക്ക് പറത്തിവിടുന്നതും.   ഒരു ഇതിഹാസത്തിന്റെ ജനനത്തില്‍ നിന്ന് മരണത്തിലേക്ക് വേദനയോടെ ഉന്മാദത്തോടെ നിസംഗതയോടെ ഭൂതക്കാലത്തിന്റെ ഇടിമുഴക്കങ്ങളിലൂടെ, വര്‍ത്തമാനത്തിന്റെ നേരിലൂടെ, കാല്‍പ്പനികതയുടെ ഇടര്‍ച്ചയിലൂടെയെല്ലാം യാത്ര ചെയ്യും പോലെയുള്ളതായിരുന്നു വായനാനുഭവം.   വാര്‍ദ്ധക്യത്തേക്കാള്‍ ഏകാന്തമാകുന്ന യൗവ്വനനത്തിന്റെ പാരമ്യത്തില്‍ വീണ്ടും ഒരു വായനയ്ക്ക് അല്ലെങ്കില്‍ പുതിയൊരു ജീവിതയാത്രയ്ക്ക് തുടക്കം കുറിയ്ക്കാന്‍ കൂമാന്‍കാവിലേക്ക് ബസ് കയറുക എന്നത് പിന്നെ ഒരു പതിവാവുകയായിരുന്നു. ഓരോ വായനക്കാരന്റെയും ഹൃദയഭിത്തിയിലേക്ക്  കൂമന്‍ കാവും ,ഖസാക്കും, ചെതലിമലയും  ഇതുവരെ ആരു പറയാത്ത ഒരു ഭാഷയിലേക്ക് കൊത്തിവെയ്ക്കുന്നു, ചിലയിടങ്ങളില്‍ പകുതിയ്ക്ക് നിറുത്തിയ വരികള്‍ക്കപ്പുറം വായിച്ച് തുടങ്ങേണ്ടത് ഓരോ വായനക്കാരനുമാണ്.  തസറാക്ക് 'എന്ന പാലക്കാടന്‍ ഉള്‍ഗ്രാമത്തെ ആധാരമാക്കി ഓ.വി. വിജയന്‍ സൃഷ്ടിച്ച "ഖസാക്ക്" ഒരു ഇതിഹാസ ഭൂമിയാകുന്നത് അങ്ങിനെയൊക്കെ തന്നെയാണ്. നിരവധി കഥകളും, മിത്തുകളും തുടങ്ങി അസാധാരണമായ നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് സന്പന്നമാണ്. .കൂമന്‍കാവും, ചെതലി മലയും, ഖസാക്കും, അവിടുത്തെ മനുഷ്യരായ അള്ളാപ്പിച്ച മൊല്ലാക്കയും, അപ്പുക്കിളിയും,നൈസാമലിയും, മൈമുനയും,,മുങ്കാകോഴിയും,ആബിദയും മറ്റെല്ലാ കഥാപാത്രങ്ങളും,കരിമ്പനകളും, ഞാറ്റു പുരയിലെ ചിലന്തികളും, ഒരക്ഷയ വടത്തെ പോലെ പടര്‍ന്ന് നില്‍ക്കുന്ന പോതിയുടെ പുളിമരവും, അതിന്റെ തിണിര്‍പ്പുകളിലെ പാമ്പുറുമ്പ്കളും ,നോട്ടം കൊണ്ട് രക്തമൂറ്റുന്ന വലിയ ഓന്തുകളും, അപ്പുക്കിളിയുടെ തുമ്പികളും,അറബിക്കുളവും, അങ്ങനെ എല്ലാ സാവരജംഗമങ്ങളും കഥാപാത്രങ്ങളാകുന്ന വലിയൊരു ഇതിഹാസമാകുന്നു ഖസാക്കിന്‍റേത്.

ഖസാക്കിന്റെ കഥാകാരന്‍ ഓര്‍മ്മയായിട്ട് മാര്‍ച്ച് 30ന്  14 വര്‍ഷമാകുന്നു. മലയാള സാഹിത്യ ചരിത്രത്തില്‍ ഇതിഹാസതുല്യമായ ഒരദ്ധ്യായമാണ് അദേഹം തുടങ്ങിവെച്ചതെന്ന പലരുടേയും വാക്കുകള്‍ ഇന്നും കെട്ടടങ്ങാത്ത തീ പോലെ നിലനില്‍ക്കുന്നു. 
നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു ഒ.വി.വിജയനുള്ള വിശേഷണങ്ങള്‍. മലയാള സാഹിത്യത്തിലെ കെട്ടുറപ്പുള്ളൊരു നവോത്ഥാനത്തിന്റെ എഴുത്തുവഴികളില്‍ അദേഹം എന്നും  ആശയങ്ങള്‍ കൊണ്ടും ആഖ്യാനം കൊണ്ടും മുന്‍നിരയില്‍ തന്നെയാണ്. ഖസാക്കിന്റെ ചട്ടക്കൂടില്‍നിന്നു മാറി അദേഹമെഴുതിയ രണ്ടാമത്തെ നോവലായിരുന്നു, ധര്‍മപുരാണം.ജീര്‍ണിച്ചു തുടങ്ങിയ ഒരേകാധിപതിയുടെ അമേധ്യപുരാണമായിരുന്നു .  ആറു നോവലുകള്‍, ഒന്‍പതു കഥാസമാഹാരങ്ങള്‍, ഒരു കാര്‍ട്ടൂണ്‍ പുസ്തകം, പിന്നെ കുറേ ലേഖനസമാഹാരങ്ങള്‍. ഇത്രയുമാണ് പ്രസിദ്ധീകൃതമായിട്ടുള്ളത്.
 1969-ല്‍. ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാള സാഹിത്യശൈലിക്കു തന്നെ പുതിയ മാനങ്ങള്‍ കൈവന്നു. 1970-ല്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്നു ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എം.പി.പോള്‍ അവാര്‍ഡ് കൂടാതെ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്കാരം എന്നീ ബഹുമതികള്‍ വിജയനെ തേടിയെത്തി. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.  
 എഴുത്തിലെന്ന പോലെ വരയിലും അദേഹം ഇതിഹാസങ്ങള്‍ സൃഷ്ടിച്ചു.  ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം (കലാകൗമുദിയിൽ) എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു. ,മാതൃഭൂമി ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്. ജീവിതത്തിന്റെ ദാര്‍ശനികമായ തലങ്ങളെ കുറിച്ച് സംസാരിക്കുന്പോള്‍ ആഖ്യാന സവിശേഷ കൊണ്ട് അവ വായനക്കാരിലേക്ക് ആഴ്ന്നിറങ്ങി. ഇനിയെത്ര കഥകള്‍ നമ്മുടെ വായനാമുറിയിലേക്ക് കടന്നു വന്നാലും കടല്‍തീരത്തിലെ വെള്ളായിയപ്പനേയും ഖസാക്കിലെ രവിയേയും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരേയും ഒന്നും കടത്തിവെട്ടാന്‍ ആ കഥയിലെ കഥാപാത്രങ്ങള്‍ക്ക് കഴിയില്ല. അവയ്ക്ക് ജീവന്‍ നല്‍കിയ ആ എഴുത്തുകാരനെയും. 





രാജാവിനെതിരെ ജനവികാരം ഉയരുന്പോള്‍ അതിര്‍ത്തിയില്‍ യുദ്ധം ഉണ്ടാവുക എന്നത് ഒരു രാജ തന്ത്രമാണ്.. ധര്‍മ്മപുരാണം. 

നിങ്ങളുടെ വിപ്ലവം എന്നോ നടന്ന ഒരു നാടോടി കഥയാണ്.  ഞങ്ങളുടെ വിപ്ലവമാകട്ടെ ഇന്ന് നടക്കുന്ന സഹനമാണ്. ഗുരുസാഗരം 

“പണ്ടു പണ്ടു് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്‌ ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെ തന്നെ നിൽക്കട്ടെ. എനിക്കു പോകണം, അനുജത്തി പറഞ്ഞു.” 
― O.V. Vijayan, ഖസാക്കിന്റെ ഇതിഹാസം  

“ഇതു കര്‍മ്മപരന്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.” 
― O V Vijayan, ഖസാക്കിന്റെ ഇതിഹാസം

Sunday, March 17, 2019

തിരികെ മടങ്ങുവാന്‍ തീരത്തണയുവാന്‍


ഒരു മാസത്തെ വെക്കേഷനു നാട്ടിലെത്തുന്പോള്‍ നാട് എന്ന വികാരം വിറ്റുകളഞ്ഞ വീടിന്റെ മുന്നിലെ റോഡിലൂടെ പോകുന്നത് പോലെയാണ്. വിറ്റതിനെയെല്ലാം പഴയ പ്രൗഢിയോടെ തിരിച്ചു നേടാനുള്ള വ്യഗ്രത വേറെ. പോകും മുന്‍പ് എടുത്ത് വെച്ച പുസ്തകത്തിന്റെ അരികിലൂടെ കയറിപിടിച്ച ഇത്രയും നാളത്തെ പൊടിയും നിറവും ഹൃദയഭിത്തിലേക്ക്  എത്ര കാലമായെന്ന മുഴുവിപ്പിക്കാത്ത വാക്കെറിയുന്നു. പഴയ ഇടങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഒരിടത്തെ തേടി തേടി രാപ്പകലുകള്‍ നീങ്ങുന്നു. മുറ്റത്ത് പെയ്തൊഴിഞ്ഞ മഴകളില്‍ പോയകാലത്തിന്റെ തണുപ്പ് മാത്രമാണ് അന്വേഷിക്കുന്നത്. സ്റ്റീല്‍ ക്ലാസില്‍ മോന്തുന്ന കട്ടന്‍ചായക്ക് പോലും വല്ലാതെ മോഹിപ്പിക്കുന്ന ഒരു മധുരം. എല്ലാവരും മാറിയിട്ടുണ്ട് എന്ന തിരിച്ചറിവില്‍ നില്‍ക്കുന്പോഴും  പോ്പ്പിന്‍സ് പാക്കറ്റിലെ പച്ച മതി എനിക്കെന്ന് പറഞ്ഞ് ആക്രാന്തം കാട്ടുന്ന ഒരു ഞാന്‍ എന്ത് ദുരന്തമാണ്. 
നാടൊക്കെ വല്ലാതെ മാറി ഇസ്റ്റാ...
പെങ്കുട്ട്യോള് ജോലിക്ക് പോണതും , അന്ത്യാവുന്പോ കയറി വരണതൊന്നും നിക്ക് ഇഷ്ടല്ലാന്ന് പറഞ്ഞ കുലസ്ത്രീ ചേച്ചിമാരൊക്കെ കുടുംബശ്രീക്കാരുടെ കഞ്ഞിപ്പെരയിലാന്നേ.. വെളുക്കുന്പോ പോയാല്‍ പാതിരകുറുബാന കഴിഞ്ഞാണ് മടക്കം. നാട് ഭരിക്കാന്‍ ഇമ്മള് കുടംബശ്രീക്കാര് മാത്രം മതിയെന്ന ഭാവത്തിന് അടുക്കളയില്‍ നിന്ന് അരങ്ങെത്തിയ ഒരു സുഖം ഉണ്ട്. 
 കിണറ്റീന്ന് വെള്ളം കുടിക്കുന്ന ചില ഭാഗ്യശാലികള്‍ നിറഞ്ഞ  കുടുംബങ്ങള്‍ മാത്രം ഇപ്പോഴും ഉണ്ടെന്നാണ് ഇടയ്ക്കിടെ നാട് പറയുന്ന ആത്മഗതങ്ങളില്‍ ചിലത്. നാലൊഞ്ചൊല്ലം കഷ്ടപ്പെട്ടാലെന്താ   പി.എസ്.സി കിട്ടി പൊളിച്ചില്ലേ എന്ന് പറയണവളുമാരെയും അവന്മാരെയും കാണുന്പോ.. എന്തൂട്ട് നാട്.. ഗള്‍ഫല്ലേ കിടിലോസ്കി എന്ന എത്ര വലിയ തള്ള് കൊടുത്താലും നെഞ്ച് കനവെയ്ക്കുകയും, മുഖം അസൂയയിലേക്ക് അറിയാതെ കോടുന്നുമുണ്ട്. 

പിന്നെ എന്തൂട്ടാച്ചാല്‍ .. നാട് പഴയ നാടല്ലേ ഗഡ്യേ.. നീയ്യ്യാ ഗള്‍ഫ് വിട്ട് ഇങ്ങട് വാ..നുമ്മക്ക് പൊളിക്കാട്ടാ എന്ന ഫ്രീക്കന്‍മാരുടെ ലിബറല്‍ ഡയലോഗ് ഡെലിവറിയിലാണ് പ്രതീക്ഷയുടെ കൊള്ളിയാന്‍ പാഞ്ഞ് പോണത്. അതും കേട്ട് കിറുങ്ങിയടിച്ച് വീട്ടില്‍ കേറുന്പോ അമ്മ പറയ്യാ.. അടുത്ത വട്ടത്തെ വരവിന് ആ മതിലു പണി നോക്കണംട്ടാന്ന്.. മേരാ പ്യാരി ദേശവാസിയോം .. നാലഞ്ച് മാസമായിട്ട് സാലറി പെന്റിംഗാണ് എന്ന കട്ട യാഥാര്‍ത്ഥ്യം മാത്രം ആരോടും പറയാത്ത ഒരു മാറ്റവും ഇല്ലാത്ത പാവം പാവം പ്രവാസിയാണെടാ ഉവ്വേ ഞാനും .. ന്തായാലും പത്തേമാരിയാകും മുന്‍പ് നാടെത്തണം എന്ന് ഇന്നലെ കൂടി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ഇനി അതിലാണ് ഫീലിംഗ് നൃത്യനൃത്ത്യങ്ങള്‍ 

Sunday, February 3, 2019

ഒന്ന് മുതല്‍ പൂജ്യം വരെ

വീട്ടില്‍ ആരുമില്ലാത്ത ഉച്ചനേരം. ചാനല്‍ മാറ്റി കളിക്കുന്ന പതിവ് വിനേദത്തിനിടയില്‍ വെള്ള കര്‍ട്ടനുകളിട്ട ഒരു വീടിനുള്ളില്‍ അതിനോഹരമായ ഒരു ടെലഫോണ്‍ റിംഗ് ചെയ്യുന്നു. ആ ഫോണ്‍ കാള്‍ എടുക്കാന്‍ വേണ്ടി ഒരമ്മയും  മകളും ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി ഓടുന്നു. അമ്മയുടെ കൈയ്യില്‍ നിന്നും പൊതിഞ്ഞു കെട്ടിയ  ഫ്രൂട്ട്സ് താഴെ വീഴുന്നു. അവരതെടുക്കാന്‍ ശ്രമിക്കും തോറും ആ ശ്രമവും വിഫലമാകുന്നു. ജനലിലൂടെ ഫോണിലേക്ക് നോക്കുന്ന ആ പെണ്‍ക്കുട്ടിയുടെ മുഖം. അവിടം മുതലാണ് ആദ്യമായി ആ സിനിമ ഇരുന്ന് കാണുന്നത്. പടം കഴിഞ്ഞെഴുന്നേല്‍ക്കുന്പോള്‍ ഉള്ളിലെവിടെയോ ഫ്രീസായി പോയ മൗനം അടര്‍ന്ന് വീണതു പോലെ.. 




അകലെ എവിടെയോ ഇരുന്ന് ഒരാള്‍ സംസാരിക്കുന്നു. പിന്നീട് ആ വീടിന്റെ താളം അയാളുടെ സ്വരമാകുന്നു. ദീപമോളും അലീനയും  ആ ശബ്ദത്തിലൂടെ  ജീവിതത്തിലേക്ക് പറക്കുന്നു... പിണക്കങ്ങളില്‍ പിയാനോയുടെ അടിയിലേക്ക് കയറി ഇരിക്കുന്ന ദീപമോളുടെ സേഫ് സോണിന് പോലും ഉണ്ട് നഷ്ടപ്പെടലിന്റെ ആ കനത്ത വിടവ്. സ്കൂളിലെ ഫോട്ടോ സെക്ഷനില്‍ അച്ചന്റെ സ്ഥാനത്തേയ്ക്ക് തന്റെ ഒരു കൈ മാത്രം ഉയര്‍ത്തി വെയ്ക്കുന്ന ദീപമോളുടെ രണ്ട് കൈയ്യും പിടിച്ച് നില്‍ക്കുന്ന അലീനയുടെ മുഖത്തിന് പകരം വെയ്ക്കാന്‍ ഇല്ലാത്ത ഒരു നിസംഗതയുടെ മുഖച്ഛായയാണ്. 

ഒരിക്കലും കാണാത്ത, പേര് വെളിപ്പെടുത്താത്ത ഒരാളുടെ ചിത്രം വരയ്ക്കുന്ന അലീന പറയുന്നുണ്ട്.'' ഇത് തന്നെയാണ് നിങ്ങളെന്ന്''.  
ഒടുവില്‍ ദീപമോള്‍ക്ക് നല്‍കാന്‍ സമ്മാനപൊതികളുമായി ക്രിസ്തുമസ് രാത്രിയില്‍ വരുന്ന ടെലഫോണ്‍ അങ്കിള്‍ പറയുന്നത് എന്നെ കാണാതെ നിങ്ങള്‍ ഈ ചിത്രം എങ്ങിനെ വരച്ചൂ എന്ന് എനിക്ക് അറിയാമെന്നും.. മുന്‍പ്  എവിടെയും കാണാത്ത ഒരു പ്രണയത്തിന്റെ അസാധ്യമായ ഒരു കമ്മ്യൂണിക്കേഷനായിരുന്നു അത്. എത്ര ലളിതമായ വാക്കുകള്‍ കൊണ്ടാണ് ഓരാളുടെ ആത്മാവിനെ ഇങ്ങനെ ആഴത്തില്‍  തൊടുന്നത്. 

സ്നേഹവും വാത്സല്യവും പ്രണയവും എല്ലാം എത്ര മനോഹരമായ ഫ്രെയിംമുകളാണ്  എന്ന് തന്നെയാണോ  രഘുനാഥ് പാലേരി എന്ന സംവിധായകന്‍ പറഞ്ഞത്.  അല്ലെങ്കില്‍ മഷിയില്‍ മഞ്ഞ് നിറച്ച് എഴുതി കാണണം. ഫ്രെയിമുകളില്‍ എല്ലായിടത്തും ഉണ്ട് നനുത്ത ഒരു പ്രതലം. കാഴ്ച്ചകളെയെല്ലാം  കാരണം അറിയാത്ത ഒരു വിങ്ങലിലേക്ക് അവ  പതിയെ  കൂട്ടി കൊണ്ട് പോകുന്നുമുണ്ട്.

ഒടുവില്‍ പ്രതീക്ഷകളെയെല്ലാം തട്ടിതെറിപ്പിക്കുന്ന അയാളുടെ മടക്കത്തില്‍ അയാള്‍ പറയുന്നു. എന്റെ നെഞ്ചില്‍ നിന്റെ കരച്ചിലും  ദീപ മോളുടെ ചിരിയുണ്ടെന്നും. എന്നെങ്കിലും നിങ്ങള്‍ എന്റെ അടുത്തേക്ക് വരുമെന്ന് മാത്രമേ തോന്നിയിട്ടുള്ളൂ... പക്ഷേ  പോകുന്നു എന്ന് പറയുന്പോള്‍ ഉള്ളില്‍ എന്തോ കൊളുത്തി വലിക്കുന്ന പോലെയെന്ന അലീനയുടെ മറുപടിയില്‍ അയാള്‍ക്ക് ഒന്നും പറയാനില്ലാതെ തരിച്ചു നില്‍ക്കുന്നു.. 

വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ,  ആരു പറഞ്ഞ് കേട്ടിട്ടില്ലാത്ത അവരുടെ സംഭാഷണങ്ങളിലൂടെ, മനസ്സില്‍ പതിയുന്ന എക്സ് പ്രഷനിലൂടെ ഒരു സുഖമുള്ള വേദന.  ഈ സിനിമ കാണുന്പോളൊക്കെയും  ഒരിക്കലും തിരിച്ചു വരാത്ത ഏറ്റവും  പ്രിയപ്പെട്ട ഒരാളുടെ പതിഞ്ഞ പുഞ്ചിരി അന്നേരം മനസ്സില്‍ നിറയും. അല്ലെങ്കില്‍ അവ്യക്തമാകാത്ത ഒരു ചിത്രം പോലെ മനസ്സിനെ അസ്വസ്ഥമാക്കും. അങ്ങനെയൊക്കെ മാത്രമേ  ഈ സിനമയെ കുറിച്ച് ചിന്തിക്കാനാകൂ.. 

Thursday, January 31, 2019

ഒരാള്‍ മാത്രം



ആരോടെങ്കിലും സംസാരിക്കണമെന്ന് തോന്നുന്പോള്‍ അടുത്ത് ആരും തന്നെ ഇല്ലാതിരിക്കുക എന്നതും ഒരു ദുരന്തമാണ്. ഏറെ നാളത്തെ മൗനത്തിന് ശേഷം പതിയെ തുറന്ന് വരുന്ന വാക്കുകള്‍ എങ്ങിനെയുണ്ട് എന്ന് ചോദിക്കാനൊരാള്‍ അടുത്തുണ്ടായിരുന്നെങ്കില്‍. അങ്ങനെ ഒരാളെ സങ്കല്‍പ്പിച്ച് നോക്കുന്നത്    ഇനിയും ചെയ്ത് തീര്‍ക്കാന്‍ ഒത്തിരി ജോലികള്‍ ഓഫീസില്‍ ബാക്കി ഉള്ളപ്പോളും ഉറക്കം വരുന്ന എന്റെ ഉച്ചനേരങ്ങളില്‍ മാത്രമാണ്. കാരണം അടയുന്ന കണ്‍പീലികളെ ആ ഭാവന കാല്‍പ്പനികതയിലേക്ക് പിടിച്ച് കെട്ടി മിഴികളെ പൂര്‍വ്വാധികം തുറന്ന് വിദൂരതയിലേക്ക് കൊണ്ടെത്തിക്കും. അപ്പോളാണ് ഉള്ളിലെ ഉള്ളകങ്ങള്‍ ചവിട്ടി തുറന്ന് ആ നായകന്‍ രംഗപ്രവേശനം ചെയ്യുക. അയാളോട് പിന്നെ വാചാലമാകുന്നത് വളരെ പെട്ടന്നായിരിക്കും.  



എനിക്ക് പട്ടാളത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും. ഇന്ത്യയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്യണമെന്നതായിരുന്നു എന്റെ അന്ത്യാഭിലാഷമെന്നും അത് തുറന്ന് പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചില്ലെന്നും, എനിക്ക് പട്ടാളത്തില്‍ ചേരണമെന്ന് ഉറക്കെ പറഞ്ഞ് കരഞ്ഞ എന്റെ കരച്ചില്‍ കേട്ട പെയിന്റ് അടിക്കാന്‍ വന്ന ബിനേഷ് ചേട്ടന്‍ പിന്നീട് എന്നെ വഴിയില്‍ വെച്ച് കാണുന്പോള്‍ എല്ലാം ക്യാപ്റ്റന്‍ എന്ന് പറഞ്ഞ് സെല്യൂട്ട് ചെയ്യുമായിരുന്നുവെന്നും ഞാന്‍ അയാളോട് പറയും.  പിന്നെ ലൈബ്രറിയില്‍ നിന്ന്  എന്‍ മോഹനന്റെ ഒന്നും പറയാതെ എന്ന പുസ്തകം  എടുക്കുകയും തിരിച്ച് വെയ്ക്കേണ്ട ദിവസത്തില്‍ അത് അവിടെ വെച്ച് വീണ്ടും എടുത്ത് അത് ഞാന്‍ സ്വന്തമാക്കിയ കാര്യത്തെ കുറിച്ചും, പോകണമെന്ന് ആഗ്രഹിച്ച ചില ബസ് യാത്രകളെ കുറിച്ചുമെല്ലാം ഞാന്‍ പറഞ്ഞെന്നിരിക്കും. അങ്ങനെ ഇരിക്കുന്പോളായിരിക്കും പോകാറയല്ലോ ഒന്നും ചെയ്ത് കഴിഞ്ഞിട്ടില്ലല്ലോ എന്ന് ഓര്‍മ്മ വരിക.
 കുറച്ച് സമയത്തേക്കാണെങ്കില്‍ ആത്മാര്‍ത്ഥത കാണിക്കാമെന്ന് എന്റെ ഫ്രണ്ട് റിയ എനിക്ക് റിക്ക്സ്റ്റ് ചെയ്തതോണ്ടും, പിന്നെ സാലറി വാങ്ങേണ്ടതല്ലേ  എന്ന ചിന്ത കൊണ്ടും ഞാന്‍ ജോലിയില്‍ വ്യാപൃതയാകുന്നു. ഇത്രയും നേരം എല്ലാം കേട്ടൊരാള്‍ പിന്നെ ഹൃദയത്തിലൂടെ  കയറി ഓര്‍മ്മപഥങ്ങളിലേക്ക് എത്തി വന്ന വഴികിലെ അവശേഷിപ്പുകള്‍ മായ്ക്കുന്ന തിരക്കിലായിരിക്കും . കാരണം അങ്ങനെ ഓരാള്‍ എപ്പോഴും വരണമെന്നില്ല. സ് ക്രോള്‍ ചെയ്ത് നോക്കുന്ന കോണ്ടാക്ട് ലിസ്റ്റില്‍ മുന്‍വര്‍ഷളിലെന്നോ വിളിച്ച് സംസാരിച്ചതിന്റെയോ ചാറ്റ് ചെയ്തതിന്റെയോ കാള്‍- ചാറ്റ് ഹിസ്റ്ററിയില്‍ വിരലുടക്കിയതിന് ശേഷം, വീണ്ടും മനസ്സില്‍ സേവ് ചെയ്യപ്പെടുന്ന നിര്‍വികാരത നിറഞ്ഞ ചില ഉച്ചനേരങ്ങളില്‍ മാത്രമേ  അയാള്‍ വരേണ്ടതുള്ളൂ..അപ്പോള്‍ മാത്രമേ അയാളോട് സംസാരിക്കാനുള്ള ഭാഷ ഞാന്‍ ഓര്‍ത്തെടുക്കുകയുള്ളൂ..


Tuesday, January 15, 2019

ഷാനി എന്റെ കൂട്ടുക്കാരി



നഴ്സറി ക്ലാസിലെ വയറുവേദനക്കാരിയില്‍ നിന്ന് ഒന്നാം ക്ലാസില്‍ എത്തിയപ്പോള്‍  വയറുവേദന എന്ന കാരണത്തിന് പകരം മറ്റ് പല അടവുകളും ഞാന്‍ കണ്ടെത്തി തുടങ്ങിയിരുന്നു. ദിവസവും രണ്ട് വരകോപ്പി എഴുതാനുള്ള മടിയും പിന്നെ രാവിലത്തെ അസംബ്ലിയുമെല്ലാം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോഴും മടിയുടെ അവസ്ഥാന്തരങ്ങള്‍ മാത്രമാണ് എന്റെ എല്ലാ സിക്ക് ലീവുകള്‍ എന്നത് വേറെ കാര്യം.

സ്കുളിന് മുന്നിലൂടെ     12.45 ന് സുബ്രമണ്യന്‍ ബസ് പോകുന്പോളേയ്ക്കും ബാഗിനുള്ളിലെ തേങ്ങ ചമ്മന്തിയുടെ മണം വിശപ്പിനെ തുറന്ന് വിടും  . പിന്നെ ബെല്ലടിക്കാനൊന്നും ഞങ്ങള്‍ കുട്ടികള്‍ കാത്തു നില്‍ക്കാറില്ല. ഒറ്റയോട്ടമാണ്. ആ ബസിന്റെ ഒച്ചയോളം കാതോര്‍ത്ത ഒന്നും തന്നെ പിന്നെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.  ഒന്നാം ക്ലാസിലെ ഓര്‍മ്മകളില്‍ ഉള്ളത് ഒരു ചുവന്ന അടപ്പുള്ള പച്ച വാട്ടര്‍  ബോട്ടിലും പിന്നെ ലത ടീച്ചറുമാണ്.

ആനി ടീച്ചറുടെ ക്ലാസായ രണ്ടാം ക്ലാസിലേക്ക് ജയിച്ചു ചെല്ലുന്പോള്‍ ഞാനിരിക്കുന്ന ബെഞ്ചില്‍ അന്ന് ഒന്നാം ക്ലാസില്‍ ഇല്ലാതിരുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഷാനി മോള്‍. അപരിചിത്വം ഇല്ലാതെ അവളെന്നോട് ചിരിച്ചു. അമ്മയോട് തല്ലിട്ട്  മൂപ്പന്റെ കടയില്‍ നിന്നും  വാങ്ങിയ ചോക്ക് പെന്‍സില്‍ അന്ന്  അവള്‍ക്ക് നല്‍കാന്‍ എന്തോ  എനിക്കൊരു മടിയും തോന്നിയില്ല. അന്ന് ഞങ്ങള്‍ ഒരുമ്മിച്ചാണ് ഭക്ഷണം കഴിച്ചതും, അവളെനിക്ക് ചോറിനോട് പറ്റി പിടിച്ചിരിക്കുന്ന തക്കാളി ചമ്മന്തി  തന്നതും എനിക്ക് ഓര്‍മ്മയുണ്ട്. ഇന്നുമുണ്ട് മൊരിഞ്ഞ വെളുത്തുള്ളിയോട് വെളിച്ചെണ്ണ ചേര്‍ത്തിളക്കിയ തക്കാളിയുടെ സ്വാദ് നാവിന്‍ തുന്പില്‍.  

പോപ്പി കുടയുടെ പരസ്യം കണ്ട് കരഞ്ഞ് പിഴിഞ്ഞതിന് അമ്മ ഇന്‍സ്റ്റാളുമെന്റായി എനിക്കൊരു ഓറഞ്ച് പൂക്കളുള്ള  പുള്ളിക്കുട വാങ്ങി തന്നു. മഴ പെയ്താലും ഇല്ലേലും അതും ചൂടിയാണ്   വീട്ടിലേക്ക് പോവുക. ഒരൂസം  ആ കുട കറക്കി കറക്കി വീട്ടിലേക്ക്  പോകുന്പോള്‍ അമ്മയോട് പറഞ്ഞത് ഷാനിയെ കുറിച്ചായിരുന്നു. അവളുടെ വാപ്പയ്ക്ക് മീന്‍ കച്ചോടം ആണെന്നും,അങ്ങനെ എന്തൊക്കെയോ...   അതാണ് അവളെ കുറിച്ച്  ആകെ അറിയുന്ന കാര്യം അന്ന്. ഇന്നും അത് തന്നെ. വീടോ നാടോ ഒന്നും അന്ന് ചോദിച്ചിരുന്നില്ല. ആദ്യമായി പുസ്തകതാളുകള്‍ക്കിടയില്‍ പെറ്റു പെരുകിയ മയില്‍പീലി കുഞ്ഞുങ്ങളെ കാണിച്ച് തന്നതും അവള്‍ തന്നെ...   പിന്നെ പിന്നെ ഒന്നാനാം കൊച്ചുതുന്പി എന്ന പാഠം വായിച്ചു പഠിക്കാനും,  സ്കൂളിലെ പുളി മരച്ചോട്ടിലേക്കും, കളിയിടങ്ങളിലേക്കുമെല്ലാം ശരീരത്തിന്റെ ഒരു ഭാഗമെന്നോണം ആ കൂട്ടുക്കാരി ഉണ്ടായിരുന്നു. 

അവള്‍ അവധിയെടുക്കുന്പോള്‍ കൂട്ടുകൂടാന്‍ ആരുമില്ലാതെ കളിസ്ഥലങ്ങളില്‍ ഞാനൊരു കാഴ്ച്ചക്കാരിയാകും.. പ്രിയപ്പെട്ടവരോട് ചേര്‍ന്ന് തന്നെ നില്‍ക്കണമെന്ന ആദ്യകാല ഫിലോസഫികളാകണം ഫോട്ടോ എടുക്കുന്ന ദിവസം അവള്‍ക്കൊപ്പം നില്‍ക്കണമെന്ന്  ഒരുപാട് ആഗ്രഹിച്ചത്. വര്‍ഷാവസാന ദിനങ്ങളില്‍ അവള്‍ ക്ലാസില്‍ വരാതെയായി. ക്സാസിലേക്ക് കയറാനുള്ള അവസാന ബെല്ലിലും അവള്‍ക്കായുള്ല കാത്തിരിപ്പ് മുന്നാം ക്ലാസിന്റെ ആദ്യ ദിവസം വരെ നീണ്ടു നിന്നു. പിന്നെ ആരോ പറഞ്ഞു അവളും വാപ്പയും  വേറെ സ്ഥലം മാറി പോയെന്ന് ... 

ചങ്കുകളാണെന്ന് പറഞ്ഞ് പിന്നെ ഒത്തിരി കൂട്ടുകാര് എന്റെ ചെറുവിരലില്‍ കോര്‍ത്ത് കെട്ടി  നടന്നിട്ടുണ്ട്. അനിവാര്യമായ കൊഴിഞ്ഞു പോക്ക് അനസ്യൂതം തുടര്‍ന്നു.  അവരാരും തന്നെ ഓര്‍മ്മകളുടെ നെല്ലിപ്പടിയിലെ വേദനയായി മാറിയിട്ടില്ല.     പെറ്റു പെരുകിയ ഓര്‍മ്മകളുടെ മയില്‍പ്പീലി പുസ്തകം തുറന്ന് ഇവള്‍ മാത്രം ഇടയ്ക്ക് വരും. അതു കൊണ്ടാണ് ഇപ്പോഴും  മഴ തോരുന്ന ഇടവഴിലേക്ക് നോക്കി ഞാന്‍ ആരോടോ പറയുന്നത് ഓളു  തന്ന്യാ ഇപ്പളും ന്റെ കൂട്ടുക്കാരിന്ന് .. 


ദേ    ആനി ടീച്ചറിന്റെ  അടുത്ത്  അപ്പുറത്തെ റോസ് ഉടുപ്പുക്കാരിയാണ് ന്റെ ഷാനി
രണ്ടാമത്തെ വരിയില്‍ ഇടത്ത് നിന്ന് നാലാമത് നാനും 

Thursday, January 3, 2019

അഴക് പാദം; പേശിയ മൗനം


ഒരാളുടെ കാലിലേക്ക് നോക്കിയിരിക്കുന്നു കൊണ്ട്  സംസാരിക്കുന്ന ഭാഷയ്ക്ക് വല്ലാത്തൊരു സൂക്ഷ്മതയുണ്ട്.  കാല്‍ വിരലിന്റെ ഓരോ അനക്കങ്ങളും ചിലപ്പോള്‍ നമ്മുടെ മൗനങ്ങളോട് പോലും അപ്പോള്‍  സംസാരിക്കും. നീണ്ട വാഗ്വാദങ്ങള്‍ക്കിടയില്‍ വീണു പോയ വാക്കുകളെ കൈപിടിച്ചുയര്‍ത്തും അന്നേരം. എപ്പോഴോ  മുറിഞ്ഞുപോയ വാക്കുകളെ ചിലപ്പോള്‍ തുന്നിച്ചേര്‍ക്കും. അത്രയ്ക്ക് അത്രമേല്‍ അടുത്തിരിക്കണമെന്നില്ല. കാലുകള്‍ കാണുന്ന അകലത്തിലേക്ക് നീങ്ങിയിരുന്നാലും മതി. പക്ഷേ കാലുകളിലേക്കുള്ള ദൂരം അളക്കുന്നത് വാക്കുകള്‍ ആയിരക്കണം എന്നുമാത്രം. വാക്കുകളുടെ നേര്‍ത്ത മുനയാല്‍ പെരുവിരലില്‍ ചുവപ്പ് പടരണം. പിന്നെ വാക്കുമാറുന്പോള്‍ ഉപ്പൂറ്റിയിലേക്ക് കാലൂന്നി അമര്‍ത്തി ചവിട്ടണം.  വാക്കിടറുന്പോള്‍  മരവിച്ചൊരു മരണ തണുപ്പിലേക്ക് കൂട്ടിക്കെട്ടണം.  എന്നിട്ടും വാക്കുകളിലാത്ത മൗനത്തിലേക്ക് തല കുനിയ്ക്കുകയാണെങ്കില്‍  ജീവിതത്തിലേക്ക് അടുത്തിരുന്നുവേണം കാലുകള്‍ക്ക് കാതോര്‍ക്കേണ്ടത്. ഇതുവരെ എഴുതാത്ത അപ്രാപ്യമായൊരു പുതിയ ലിപി  ആ കാല്‍പാദങ്ങളില്‍ കണ്ടെത്താനാകും. 

പക്ഷേ അങ്ങനെയാരോ അടുത്ത് ഇരുന്നിട്ടുണ്ടെന്നോ ഇല്ലന്നോ പറയാനാകുന്നില്ല. ഏറെ സാധ്യതകളുള്ളൊരു മൗനം ഇപ്പോഴും വാക്കുകള്‍ക്കിടയില്‍ നിന്ന് പുറത്ത് വരാതെ ശ്വാസം മുട്ടുന്ന പോലെ. ഒരു കാലടിപാടിലേക്ക് മാത്രം വാക്കെറിഞ്ഞ് നോക്കുന്നുണ്ട് ഞാന്‍. ദൂരങ്ങളേക്കാള്‍ ചിലപ്പോള്‍ വിഷയം വേഗതയാണ് എന്ന തിരിച്ചറിവോടെ.. 

Wednesday, January 2, 2019

ഇലപച്ചയിലേക്ക്




വീടിന് തെക്കേവശത്തുള്ള  മണ്‍പാതയിലേക്ക് ഇറങ്ങണത്  കണ്ണീര്‍ച്ചെടി പടര്‍ന്ന് നില്‍ക്കണ ഒരിറക്കത്തിലൂടെയായിരുന്നു. മണ്ണ് നിറച്ച ചാക്കുകള്‍ ആ ഇറക്കത്തിന്റെ ഒരോ വിടവുകളിലും ഉണ്ടായിരുന്നു. മണ്ണിലേക്ക് ഇറങ്ങിപ്പോയ വേരുകള്‍ അവയെ താങ്ങി നിര്‍ത്തി. മഴവെള്ള പാച്ചിലുകളുടെ വേഗത്തെ ആ വേരുകള്‍ ഒന്ന് അടക്കിപിടിച്ചാണ് അപ്പുറത്തെ പറന്പിലേക്ക് വിടുകയുളളൂ​. ആ ഇറക്കത്തിലേക്ക് ഇറങ്ങി ചെല്ലുന്പോളെല്ലാം മനസ്സിലേക്ക് കയറികൂടുന്ന കുറേ ഇലപച്ചകളുണ്ട്. ദേഷ്യത്തോടെ ചാടി ഇറങ്ങിയപ്പോഴും, വേദനയോടെ ആ കിടങ്ങിലേക്ക് ഇറങ്ങി നിന്നപ്പോഴും,  എന്റെ കയറ്റിറക്കളിലെവിടയോ   ആ ഇലപ്പച്ചകള്‍ കയറികൂടിയിട്ടുണ്ടാവണം. 

ഏറെയും കാണുന്നത്  ഫോണിന്റെയും സിസ്റ്റത്തിന്റെയും വെളുത്ത പ്രതലങ്ങള്‍ മാത്രമാണ് ഇപ്പോള്‍. യാത്രക്കിടയിലും തല ഫോണിലേക്കോ അല്ലെങ്കില്‍ സീറ്റിലേക്കോ ചായ്ച്ചു വെയ്ക്കുന്നു. എന്റെ കാഴ്ചയില്‍ നിന്നും പച്ചനിറങ്ങള്‍ അകലുന്ന പോലെ...  കയറ്റിറക്കങ്ങളില്ലാതെ ഞാനെവിടെയോ മരവിച്ചു നില്‍ക്കും പോലെ ... 
എന്റെ ഇലപച്ചയിലേക്ക് എനിക്ക് തിരികെ പോകണം. അനുരഞ്ജനങ്ങളില്ലാതെ.. വെറും കാഴ്ച്ചക്കാരിയായല്ല. എന്റെ ഇടമെന്ന ബോധ്യത്തോടെ.. 

​മുന്നിലെ സിസ്റ്റത്തിലേക്ക് വാക്കുകളെ അടിച്ചുകയറ്റുന്പോള്‍ വിരലുകള്‍ക്കിടയിലൂടെ ഇളംപച്ച നിറത്തിലൊരു തൂശനില വലുതായി വരുന്ന പോലെ.. ഞാന്‍ പതിയെ എഴുന്നേറ്റ് അതിലേക്ക് ചായുന്നു.. എന്റെ മാത്രം ഇല പച്ചയിലേക്കെന്ന് മനസ്സ്  പറയുന്നു.. വേരുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴാതെ എന്നെ ആരോ ആ കിടങ്ങിലേക്ക് എടുത്ത് വെയ്ക്കുന്നു.  ഇനി വേരിലൂടെ പടര്‍ന്നുകയറുന്ന വെയില്‍ പച്ചകളും, മഴയിലൂടെ വന്ന് തൊടുന്ന മണല്‍ പച്ചകളും, ഓര്‍മ്മകളുടെ നിഴല്‍പ്പച്ചകളും അപ്പുറത്തേക്ക് ഒഴുകാതെ നോക്കേണ്ടത് ഞാനാണ്.